മോദി അധികാരത്തിലെത്തിയതിന് ശേഷം അമിത് ഷായുടെ മകന്റെ കമ്പനിയുടെ വരുമാനത്തില്‍ വര്‍ധനവുണ്ടായെന്ന വാര്‍ത്ത ഞായറാഴ്ച ദ വയര്‍ പുറത്തുവന്നത് ബി.ജെ.പിയെ “ഒരു റോബര്‍ട്ട് വാദ്ര മൊമന്റില്‍” എത്തിച്ചിരിക്കുകയാണ്.
2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പേ റോബര്‍ട്ട് വാദ്രയ്‌ക്കെതിരെ ഉയര്‍ന്നിരുന്ന ആരോപണം ബി.ജെ.പിയുടെ പ്രധാന പ്രചരണ ആയുധങ്ങളിലൊന്നായിരുന്നു. യു.പി.എ ചെയ്തത് പോലെ തന്നെ സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് റിപ്പോര്‍ട്ടിനെ പ്രതിരോധിക്കാനാണ് ബി.ജെ.പിയും ശ്രമിക്കുന്നത്.
റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം
1 ജെയ് ഷായുടെ ടെംപിള്‍ എന്റര്‍പ്രൈസസിന്റെ വരുമാനത്തില്‍ ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങു വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടിലുള്ളത്. 201415 സാമ്പത്തിക വര്‍ഷത്തില്‍ ഈ കമ്പനിയുടെ വരുമാനം വെറും 50,000 രൂപ മാത്രമായിരുന്നു. എന്നാല്‍, 201516 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 80.5 കോടി രൂപയായി ഉയര്‍ന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. കാര്‍ഷിക ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന കമ്പനിയാണിത്.
അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭം വര്‍ധിച്ചത് അഴിമതി കൊണ്ടാണെന്നോ മറ്റേതെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തികളിലൂടെയാണെന്നോ വയര്‍ റിപ്പോര്‍ട്ട് പറയുന്നില്ല മറിച്ച് ഒരു കൊല്ലം കൊണ്ട് വരുമാനം 16000 മടങ്ങ് എങ്ങനെ വര്‍ധിച്ചെന്ന് മാത്രമാണ് ചോദിച്ചത്.
അവിശ്വസനീയമായ രീതിയില്‍ ലാഭം കിട്ടിയ അതേ വര്‍ഷം തന്നെ 1.4 കോടിയുടെ നഷ്ടമുണ്ടെന്ന് പറഞ്ഞ് കമ്പനി പൂട്ടുകയാണ് ചെയ്തത്. 2016 ഒക്ടോബറിലാണ് കമ്പനി പൂട്ടിയത്.
കമ്പനിയുടെയും സര്‍ക്കാരിന്റെയും വിശദീകരണം
ഉത്പന്നങ്ങള്‍ വിറ്റാണ് ഇത്രയും ലാഭമുണ്ടാക്കിയതെന്നാണ് ജെയ് ഷായുടെ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ റിപ്പോര്‍ട്ടര്‍ക്ക് കിട്ടിയിരുന്ന മറുപടി. 51 കോടി കിട്ടിയത് വിദേശ കയറ്റുമതിയിലൂടെയാണെന്നും കമ്പനി പറഞ്ഞിരുന്നു. ബിസിനസില്‍ 80 കോടിരൂപയുടെ വരുമാന വര്‍ധനവ് ഉണ്ടാകുകയെന്നതില്‍ അസാധാരണമല്ലെന്ന് ജെയ് ഷായുടെ അഭിഭാഷകനും പറഞ്ഞിരുന്നു.
കച്ചവടത്തില്‍ വലിയ വരുമാന വര്‍ധനവ് ഉണ്ടാകാമെന്ന് റെയില്‍വേ മന്ത്രിയായ പിയൂഷ് ഗോയലും ഇതിനെ ന്യായീകരിച്ചിരുന്നു.
സംശയങ്ങളും ചോദ്യങ്ങളും
കമ്പനിയുടെയും അഭിഭാഷകന്റെയും വിശദീകരണങ്ങളില്‍ സംശയിക്കേണ്ടതായി ഒന്നും തോന്നില്ല. പക്ഷെ രാജ്യത്തെ കള്ളപ്പണക്കാര്‍ക്കെതിരെ പോരാട്ടം നടത്തുകയാണെന്ന് ബി.ജെ.പി അവകാശപ്പെടുകയും കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് സംശയിക്കപ്പെടുന്ന കടലാസ് കമ്പനികള്‍ക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യപിക്കുകയും ചെയ്ത സമയമാണിതെന്ന് നോക്കണം.
കാര്‍ഷിക ഉത്പന്നങ്ങളാണ് ജെയ്ഷായുടെ കമ്പനി കയറ്റുമതി ചെയ്യുന്നത്.
ജെയ് ഷാ
കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് അധികവില കാണിക്കുന്നതാണ് കള്ളപ്പണം വെളുപ്പിക്കുന്നവരുടെ പ്രധാനരീതികളിലൊന്ന്. ഉദാഹരണത്തിന് ആയിരം രൂപയുടെ ഉത്പന്നം വില്‍ക്കുകയും വരുമാനം 10,000 രൂപയായി കാണിക്കുകയും ചെയ്യുന്നതിലൂടെ അയാള്‍ക്ക് കൈയിലുള്ള 9000 രൂപയുടെ കള്ളപ്പണം വെളുപ്പിക്കാനാകും.
കാര്‍ഷിക വരുമാനത്തിന് നികുതിയില്ലാത്ത രാജ്യമാണ് ഇന്ത്യയെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഇത് കൊണ്ടാണ് കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള പ്രധാനമാര്‍ഗമായി മാറുന്നത്.
ലാഭം ഉണ്ടാക്കാന്‍ കഴിയുന്നില്ലെന്നത് ഒരു കമ്പനിയെ സംശയിക്കാതിരിക്കാനുള്ള കാരണമാകുന്നില്ല. വാസ്തവത്തില്‍ മൊത്തം വരുമാനത്തേക്കാള്‍ ചിലവ് കാണിച്ചാണ് നികുതിവെട്ടിപ്പ് നടക്കാറുള്ളത്. അത് കൊണ്ട് ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കണമെങ്കില്‍ ടെപിള്‍ എന്റര്‍പ്രൈസസ് നടത്തിയിട്ടുള്ള ഇടപാടുകളുടെ മൊത്തം വിവരങ്ങള്‍ പുറത്തുവിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
സമ്പദവ്യവസ്ഥ കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ വിമര്‍ശനം നേരിടുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ഒരു സ്വകാര്യ വ്യക്തിയെ പ്രതിരോധിക്കാന്‍ കൂടെ ശ്രമിച്ചിരിക്കുകയാണ്. അത് കൊണ്ട് പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി പറയേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.
2 രാജേഷ് ഖാണ്ഡ്‌വാല എന്നയാളുടെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തില്‍നിന്ന് (കിഫ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്) ജയ് ഷായുടെ കമ്പനിക്ക് 15.78 കോടി വായ്പ ലഭിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അമിത് ഷായുടെ മകന് ലോണ്‍ നല്‍കിയ സമയത്ത് കിഫ്‌സിന് 7 കോടിരൂപ മാത്രമാണ് വരുമാനമുണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. മാത്രവുമല്ല കിഫ്‌സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ടെംപിള്‍ എന്റര്‍പ്രൈസിന് ലോണ്‍ നല്‍കിയതിന്റെ വിവരങ്ങളൊന്നും പറയുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
സര്‍ക്കാരിന്റെ പ്രതികരണം
പത്ര സമ്മേളനത്തില്‍ കിഫ്‌സിനെ “നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി” എന്നു വിശേഷിപ്പിച്ച കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ കൊമേഴ്‌സ്യല്‍ റേറ്റ് അനുസരിച്ചുള്ള പലിശയ്ക്കാണ് പണം നല്‍കിയതെന്നും പറഞ്ഞിരുന്നു.
ചോദ്യങ്ങളും സംശയങ്ങളും
അമിത് ഷായുടെ മകന്റെ കമ്പനിക്ക് പണം 15.78 കോടിരൂപ വായ്പ നല്‍കിയതിന്റെ വിവരം കിഫ്‌സ് എന്തുകൊണ്ട് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞില്ലെന്നത് പിയൂഷ് ഗോയലിന് വിശദീകരിക്കാന്‍ സാധിച്ചിരുന്നില്ല. എല്ലാ കമ്പനികളും ഇടപാട് വിവരങ്ങള്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കൊടുക്കണമെന്നുള്ളതാണ്.
പിയൂഷ് ഗോയല്‍
2011ല്‍ വാദ്രയ്‌ക്കെതിരെ രോഹിണി സിങ് കൊണ്ടുവന്ന റിപ്പോര്‍ട്ടിലും ഇതുപോലുള്ള തട്ടിപ്പിന്റെ കാര്യം പറയുന്നുണ്ട്.
വാദ്രയുടെ കീഴിലുള്ള വിവിധ കമ്പനികള്‍ക്ക് ഡി.എല്‍.എഫ് ലോണ്‍ നല്‍കിയിട്ടുണ്ടെന്നും ഇവയില്‍ ചിലത് അനധികൃത വായ്പകളായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
2009ല്‍ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിക്ക് ഡി.എല്‍.എഫ് 25 കോടി നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ച് 2010 ആയപ്പോള്‍ ഇത് 10 കോടിയായി. ബാക്കി പൈസ തിരിച്ചടച്ചതാണോ എഴുതി തള്ളിയതാണോയെന്ന് വ്യക്തമല്ല. വാദ്രയുടെ മറ്റുകമ്പനികളായ ബ്ലൂബ്രീസ്, നോര്‍ത്ത് ഇന്ത്യ 1 തുടങ്ങിയ കമ്പനികള്‍ക്ക് ലോണ്‍ നല്‍കിയിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
രോഹിണിസിങ് ഇക്കണോമിക് ടൈംസുമായി ചേര്‍ന്ന് കൊണ്ടു വന്ന ഈ റിപ്പോര്‍ട്ട് ബി.ജെ.പിയും കെജ്‌രിവാളും രാഷ്ട്രീയമായി ഉയര്‍ത്തിക്കൊണ്ട് വന്നിരുന്നു.
22,000 കോടി കടമുണ്ടാവുകയും 15 ശതമാനം പലിശ തിരിച്ചടയ്ക്കുകയും ചെയ്യുന്ന ഡി.എല്‍.എഫ് വാദ്രയ്ക്ക് പലിശയില്ലാതെ പണം വാദ്രയ്ക്ക് 65 കോടി വായ്പ നല്‍കുന്നതെങ്ങനെയെന്ന് അന്ന് ബി.ജെ.പി വക്താവായിരുന്ന പ്രകാശ്ജാവദേക്കര്‍ ചോദിച്ചിരുന്നു.
അമിത്ഷായുടെ മകന്റെ കമ്പനിക്ക് വായ്പ കൊടുത്ത വിവരം കിഫ്‌സ് രഹസ്യമാക്കി വെച്ചങ്കിലും വാദ്രയ്ക്ക് ലോണ്‍ കൊടുത്തതിന്റെ കണക്കുകള്‍ ഡി.എല്‍.എഫ് തങ്ങളുടെ ഇടപാട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
3ജെയ് ഷായ്ക്ക് 60 ശതമാനം ഒഹരിയുള്ള കുസും ഫിന്‍സെര്‍വ് എന്ന കമ്പനിക്ക് കാലുപുര്‍ വാണിജ്യ സഹകരണ ബാങ്ക് 25 കോടിരൂപ വായ്പ നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 7 കോടി ഈടിനാണ് വായ്പ നല്‍കിയിരുന്നത്. റിസര്‍വ്ബാങ്ക് നിയമങ്ങള്‍ പ്രകാരം സഹകരണ ബാങ്കുകള്‍ക്ക് ഓഹരി വില്‍പന നടത്തുന്ന കമ്പനികള്‍ക്ക് ലോണ്‍ നല്‍കാനും സാധിക്കില്ല
കുസും ഫിന്‍സെര്‍വിന് 10.35 കോടി രൂപ പൊതുമേഖലാ സ്ഥാപനമായ ഐ.ആര്‍.ഇ.ഡി.എയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പാരമ്പര്യേതര ഊര്‍ജോത്പാദന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ഐ.ആര്‍.ഇ.ഡി.എ വായ്പ അനുവദിക്കുന്നത്.
ഓഹരി വില്‍പനയും കണ്‍സള്‍ട്ടന്‍സി സര്‍വീസും നടത്തുന്ന കമ്പനി പെട്ടെന്ന് എങ്ങനെയാണ് പാരമ്പര്യേതര ഊര്‍ജ്ജോത്പാദന രംഗത്തേക്ക് കടക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും ലോണ്‍ കിട്ടുന്നതെങ്ങനെയെന്നും വിശദീകരിക്കേണ്ടതുണ്ട്.
സര്‍ക്കാരിന്റെ പ്രതികരണം
“വിന്‍ഡ് പവര്‍ പ്രൊജക്ടിന്” വായ്പ നല്‍കുന്നതിനെ ന്യായീകരിച്ച് സംസാരിച്ച പിയൂഷ് ഗോയല്‍ ചോദിച്ചത് ദ വയറിലുള്ളവരും റിപ്പോര്‍ട്ട് എഴുതിയവരും ഇന്ത്യയിലെ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് എതിരാണോ എന്നായിരുന്നു.
കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങിയെന്ന് പറഞ്ഞായിരുന്നു ബി.ജെ.പി അധികാരത്തിലെത്തിയിരുന്നത്. ഇനി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം തികച്ച് വേണ്ടെന്നിരിക്കെ കോണ്‍ഗ്രസിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഇപ്പോള്‍ ബി.ജെ.പിയെ തേടി എത്തിയിരിക്കുകയാണ്.
കടപ്പാട്: ക്യാച്ച്‌ന്യൂസ്