തേജ് ബഹദൂര്‍ യാദവിനെതിരെ പ്രതികാര നടപടി; സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു
India
തേജ് ബഹദൂര്‍ യാദവിനെതിരെ പ്രതികാര നടപടി; സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th April 2017, 2:09 pm

സാംബ: അതിര്‍ത്തിയിലെ സൈനികര്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഫേസ്ബുക്കില്‍ വീഡിയോ ഷെയര്‍ ചെയ്ത സൈനികന്‍ തേജ്ബഹദൂര്‍ യാദവിനെതിരെ സൈന്യത്തിന്റെ പ്രതികാര നടപടി.

തേജ്ബഹദൂറിനെ ബി.എസ്.എഫില്‍ നിന്നും പുറത്താക്കിയാണ് ആര്‍മി നടപടി സ്വീകരിച്ചത്. മൂന്ന് മാസം നീണ്ട കോര്‍ട്ട് മാര്‍ഷ്യലിന് പിന്നാലെയാണ് പിരിച്ചുവിടല്‍ നടപടി. ജമ്മുകാശ്മീരിലെ സാംബ ജില്ലയില്‍ വെച്ചായിരുന്നു കോര്‍ട്ട് മാര്‍ഷ്യലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന്.

സൈികര്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് പറഞ്ഞുകൊണ്ടുള്ള തേജ് ബഹദൂറിന്റെ വീഡിയോ ആര്‍മിക്ക് പേരുദോഷമുണ്ടാക്കിയെന്ന കാരണം പറഞ്ഞാണ് തേജ് ബഹദൂറിനെ സര്‍വീസില്‍ നിന്നും പുറത്താക്കിയത്. വളണ്ടറി റിട്ടയര്‍മെന്റ് അനുവദിക്കണമെന്ന തേജ്ബഹദൂറിന്റെ ആവശ്യവും ബി.എസ്.എഫ് തള്ളി.

ബി.എസ്.എഫിന്റെ അഴിമതിയും ക്രമക്കേടുകളും തുറന്ന് കാട്ടിയതിന് താന്‍ ആക്രമിക്കപ്പെടുകയാണെന്ന് തേജ് ബഹദൂര്‍ യാദവ് വ്യക്തമാക്കിയിരുന്നു. ആദ്യത്തെ വീഡിയോയ്ക്ക് ശേഷം ബി.എസ്.എഫ് തന്റെ ഫോണ്‍ പിടിച്ചെടുത്തതായി തേജ്ബഹദൂര്‍ യാദവ് ആരോപിച്ചിരുന്നു. ജനുവരി 10ന് ഫോണ്‍ പിടിച്ചെടുക്കുകയും താന്‍ പാകിസ്ഥാനുമായി ബന്ധപ്പെടുന്നുണ്ടെന്ന് പ്രചാരണം നടത്തുകയും ചെയ്തു. ഇത്തരം അപവാദ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് തേജ് ബഹദൂര്‍ യാദവ് പറഞ്ഞിരുന്നു.


Dont Miss ബാബറി കേസ്: അദ്വാനി വിചാരണ നേരിടണമെന്ന് സുപ്രീം കോടതി 


ജമ്മു കശ്മീരിലെ ബി.എസ്.എഫ് ജവാന്മാരുടെ ദുരവസ്ഥ വെളിവാക്കുന്ന വീഡിയോ ജനുവരി 10നാണ് തേജ് ബഹദൂര്‍ യാദവ് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്.

സൈനികരുടെ ഭക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുകയുടെ ചെറിയ ഭാഗം മാത്രമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നതെന്നും വളരെ മോശം ഭക്ഷണമാണ് സൈനികര്‍ക്കു ലഭിക്കുന്നതെന്നുമായിരുന്നു തേജ് ബഹദൂര്‍ യാദവിന്റെ ആരോപണം.

ഭക്ഷണത്തിനായി അനുവദിക്കുന്ന തുകയുടെ വലിയൊരു ഭാഗം ആരൊക്കെയോ കയ്യടക്കുകയാണ്. അതുകൊണ്ടുതന്നെ സൈനികര്‍ക്ക് നല്ല ഭക്ഷണം ലഭിക്കാറില്ല. വസ്ത്രത്തിനുവേണ്ടി അനുവദിച്ച തുകയുടെ 30%മാത്രമാണ് അതിനായി ചിലവഴിക്കുന്നത്. തങ്ങളുടെ ഈ ദുരവസ്ഥ പലവട്ടം പരാതിപ്പെട്ടിട്ടും ആരും ചെവിക്കൊള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.