| Tuesday, 29th August 2023, 5:09 pm

ജവാന്‍ ചെന്നൈയിലെത്തുന്നു; പ്രീ റിലീസ് ഇവന്റ് പ്രഖ്യാപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകര്‍ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ പ്രീ റിലീസ് ഇവന്റ് പ്രഖ്യാപിച്ചു. ചെന്നൈ സായ് റാം കോളേജില്‍ ഓഗസ്റ്റ് 30ന് പരിപാടി നടക്കും. വൈകുന്നേരം 4 മണിയോടെ പരിപാടി ആരംഭിക്കും.

അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും നയന്‍താര അടക്കം വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. ദീപിക പദുകോണ്‍ ചിത്രത്തില്‍ ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വിതരത്തിനെത്തിക്കുന്നു. തമിഴ്നാട്ടില്‍ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍ ആകുമ്പോള്‍ കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസ് പാര്‍ട്ണറാകുന്നു. തമിഴ്നാട്, കേരള സംസ്ഥാനങ്ങളിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ സ്വന്തമാക്കിയത്.

ശ്രീ ഗോകുലം മൂവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ കൃഷ്ണമൂര്‍ത്തിയുടെ വാക്കുകള്‍ ഇങ്ങനെ ‘ഷാരൂഖ് ഖാന്‍ ചെന്നൈയില്‍ എത്തുന്നതോടെ വലിയ പരിപാടിയാണ് അരങ്ങേറാന്‍ ഒരുങ്ങുന്നത്. ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും. സംഗീത സംവിധായകന്‍ അനിരുദ്ധിന്റെ ലൈവ് കോണ്‌സര്‍ട് ഉണ്ടാകും. സൗത്ത് ഇന്ത്യയില്‍ ഷാരൂഖ് ഖാന് വേണ്ടി ഗംഭീര വരവേല്‍പ്പാണ് ഞങ്ങള്‍ ഒരുക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാരൂഖ് ഖാന്‍, വിജയ് സേതുപതി, നയന്‍താര, യോഗി ബാബു തുടങ്ങിയ താരങ്ങള്‍ പ്രി റിലീസ് ഇവെന്റില്‍ പങ്കെടുക്കും. തമിഴിലെ മറ്റ് മുന്‍നിര താരങ്ങളും വിശിഷ്ട അതിഥികളും ചടങ്ങില്‍ പങ്കെടുക്കും. റെഡ് ചില്ലീസ് എന്റര്‍ടെയ്‌ന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ നിര്‍മിക്കുന്ന ചിത്രം ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്.

നയന്‍താര നായികയാവുന്ന ആദ്യ ഹിന്ദി ചിത്രം എന്ന പ്രത്യേകതയും ജവാനുണ്ട്. വിജയ് സേതുപതി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തിയേറ്ററില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ തന്നെയാണ്. ജയിലര്‍, പൊന്നിയിന്‍ സെല്‍വന്‍ 1& 2, കോബ്ര തുടങ്ങിയ ചിത്രങ്ങളും കേരളത്തില്‍ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു. പി.ആര്‍.ഒ – ശബരി

Content Highlight: Jawan pre release event date at Chennai

We use cookies to give you the best possible experience. Learn more