ഷാരൂഖ് ചിത്രത്തിന്റെ ഭാഗമാകാനില്ലെന്ന് അല്ലു അര്‍ജുന്‍, നിരാശരായി ആരാധകര്‍
Entertainment news
ഷാരൂഖ് ചിത്രത്തിന്റെ ഭാഗമാകാനില്ലെന്ന് അല്ലു അര്‍ജുന്‍, നിരാശരായി ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd March 2023, 11:51 am

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന സിനിമയില്‍ അതിഥി വേഷത്തില്‍ തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍ എത്തുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. 20 മിനിറ്റോളം ദൈര്‍ഘ്യമുള്ള വേഷത്തിലായിരിക്കും താരമെത്തുക എന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ അല്ലു അര്‍ജുന്‍ ജവാന്റെ ഭാഗമാകില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്‌ക്രീന്‍ ടൈം കുറവാണെങ്കിലും സുപ്രധാന വേഷത്തിലേക്കാണ് താരത്തെ ക്ഷണിച്ചതെന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ആ വേഷം അല്ലു നിരസിച്ചു എന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് താരം. അതിനാലാണ് ജവാന്‍ വേണ്ടെന്ന് വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വരുന്ന കുറച്ച് മാസം അദ്ദേഹം പുഷ്പയുടെ തിരക്കിലായിരിക്കുമെന്നും മറ്റ് സിനിമകള്‍ ചെയ്യുന്നില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്.

ബോക്‌സോഫീസില്‍ ഹിറ്റായിരുന്ന പുഷ്പ ദ് റൈസിന്റെ തുടര്‍ച്ചയാണ് പുഷ്പ ദ് റൂള്‍. ഫഹദ് ഫാസിലും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയിരുന്നു. പുഷ്പ രാജ് എന്ന ചന്ദനക്കടത്തുകാരന്റെ വേഷത്തിലാണ് അല്ലു അര്‍ജുന്‍ ചിത്രത്തിലെത്തിയത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

അതേസമയം ജവാനില്‍ നയന്‍താരയും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താന്‍ സിനിമയുടെ വലിയ വിജയത്തിന് ശേഷം ഷാരൂഖ് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകൂടിയാണ് ജവാന്‍. വിജയ്‌യെ നായകനായെത്തിയ ബിഗില്‍ എന്ന സിനിമക്ക് ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമയാണ് ജവാന്‍.

content highlight: jawan movie updation