രണ്ട് കിടിലൻ ഗെറ്റപ്പുകളിൽ ഷാരൂഖ് ഖാൻ; വില്ലൻ വിജയ് സേതുപതിയോ, ജവാൻ ട്രെയ്‌ലർ
Indian Cinema
രണ്ട് കിടിലൻ ഗെറ്റപ്പുകളിൽ ഷാരൂഖ് ഖാൻ; വില്ലൻ വിജയ് സേതുപതിയോ, ജവാൻ ട്രെയ്‌ലർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th July 2023, 11:33 am

ഷാറൂഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാന്റെ ട്രെയ്‌ലർ പുറത്ത്. നയൻതാര നായികയായെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി, പ്രിയാമണി, സന്ന്യാ മൽഹോത്ര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും, കൂടാതെ അതിധി വേഷത്തിൽ ദീപിക പദുകോൺ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ട്രെയ്‌ലർ ഷാരുഖ് ഖാന്റെ രണ്ട് ഗെറ്റപ്പുകളാണ് കാണിക്കുന്നത്, മിലിട്ടറി ഓഫീസർ ആയി എത്തുന്ന ഗെറ്റപ്പിന് ശേഷം, മുടി മുഴുവനായും കളഞ്ഞ് മൊട്ടയടിച്ച ഗെറ്റപ്പിലും അദ്ദേഹത്തെ കാണാം.  ‘ഞാൻ നല്ലവനാണ്, മോശപ്പെട്ടവനുമാണ്, പുണ്യമാണ്, പാപവുമാണ്’ എന്ന ഡയലോഗ് ഷാരൂഖ് ഖാന്റെ കഥാപാത്രത്തെപറ്റി പ്രേക്ഷകരിൽ സംശയങ്ങൾ ഉണ്ടാക്കുന്നതാണ്. തോക്ക്ചൂണ്ടി നിൽക്കുന്ന വിജയ് സേതുപതി ചിത്രത്തിലെ പ്രതിനായകനായിരിക്കുമോ എന്ന ചർച്ചയും ഉണ്ട്.

ആക്ഷൻ സീക്വൻസുകളും ഗംഭീര ഗാനങ്ങളും ഷാരൂഖിന്റെ മിന്നും പ്രകടനങ്ങളും സൂചിപ്പിക്കുന്നത് ജവാൻ ആക്ഷന്റെയും വികാരത്തിന്റെയും കോമ്പിനേഷൻ ആണെന്നാണ്. ഒരു ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ആവശ്യമായ എല്ലാ ചേരുവകളും ജവാനിൽ ഉണ്ട്. ഓരോ ഫ്രെയിമും മികച്ചതാണ്. വിജയ് സേതുപതി, ദീപികയുടെ സ്‌പെഷ്യൽ കഥാപാത്രം, നയൻതാരയുടെ പവർ പാക്ക്ഡ് ലുക്ക് എല്ലാം ഒരു ദൃശ്യ വിരുന്നായിരിക്കും ചിത്രം എന്ന് വിളിച്ചോതുന്നു.

റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രം നിർമിക്കുന്നത്. ജി.കെ വിഷ്ണു ആണ് ചിത്രത്തിൻെറ ഛായാഗ്രഹണം നിർവഹിക്കുന്നത്. തമിഴകത്തിന്റെ പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടർ അനിരുദ്ധ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. സെപ്റ്റംബർ ഏഴിന് ചിത്രം തിയേറ്ററുകളിൽ എത്തും.

Content Highlights: Jawan movie Trailer