| Thursday, 13th July 2023, 2:28 pm

ട്രോള്‍ വന്ന മൊട്ട ലുക്കില്‍ തന്നെ പുതിയ പോസ്റ്ററുമായി ജവാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരൂഖ് ഖാന്‍ കേന്ദ്രകഥാപാത്രമാവുന്ന ജവാന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. പല ലുക്കില്‍ ഷാരൂഖ് ഖാന്‍ എത്തുന്ന ചിത്രത്തിലെ മൊട്ടയടിച്ച് ലുക്കിലാണ് പുതിയ പോസ്റ്റര്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നപ്പോള്‍ മൊട്ടയടിച്ച ലുക്കിനെതിരെ വലിയ വിമര്‍ശനവും ട്രോളുകളും ഉയര്‍ന്നിരുന്നു. വിമര്‍ശകര്‍ക്കുള്ള മറുപടിയായാണ് മൊട്ട ലുക്കില്‍ തന്നെയുള്ള പോസ്റ്റര്‍ പുറത്തുവിട്ടതെന്നാണ് ആരാധകര്‍ പറയുന്നത്.

ഷാരൂഖിന്റെ ലുക്കിന് വന്ന പരിഹാസത്തിന് പുറമേ ട്രെയ്‌ലറിലെ ഫ്രെയ്മുകളില്‍ കോപ്പിയടിയുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങളുയര്‍ന്നിരുന്നു. ഫ്രെയ്മുകളില്‍ പലതിനും മറ്റ് നിരവധി സിനിമകളുടെ സാമ്യമുണ്ടെന്നാണ് തെളിവുകള്‍ സഹിതം നിരത്തി സോഷ്യല്‍ മീഡിയ പറയുന്നത്.

വിക്രം ചിത്രം അന്യന്‍, പ്രഭാസ് ചിത്രം ബാഹുബലി തുടങ്ങി അജിത്ത് ചിത്രം വലിമൈയിലെ ഫ്രെയ്മുകള്‍ വരെ ജവാന്‍
ട്രെയ്‌ലറില്‍ കാണാന്‍ സാധിക്കുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

നയന്‍താരയാണ് ജവാനില്‍ നായികയായെത്തുന്നത്. ചിത്രത്തില്‍ വിജയ് സേതുപതി, പ്രിയാമണി, സന്ന്യാ മല്‍ഹോത്ര എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്, കൂടാതെ അതിഥി വേഷത്തില്‍ ദീപിക പദുകോണ്‍ എത്തുന്നു എന്ന പ്രത്യേകതയും ജവാനുണ്ട്. മുമ്പ് ചിത്രത്തില്‍ തമിഴ് നടന്‍ വിജയ് അതിഥി വേഷത്തില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജി.കെ വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. തമിഴകത്തിന്റെ പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടര്‍ അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം റിലീസ് ചെയ്യുന്നത് സെപ്റ്റംബര്‍ ഏഴിനാണ്.

വന്‍ വിജയമായ പത്താന്‍ ആയിരുന്നു ഷാരൂഖ് ഖാന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. രാജ് കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍ ഡങ്കിയാണ് ഷാരൂഖ് ഖാന്റെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Content Highlight: jawan movie new poster

We use cookies to give you the best possible experience. Learn more