Advertisement
Entertainment news
അരങ്ങേറ്റം തകര്‍ത്ത് അറ്റ്ലി; ജവാന്‍ ആദ്യ ഷോ കണ്ടവര്‍ പറയുന്നത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 07, 07:10 am
Thursday, 7th September 2023, 12:40 pm

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ റിലീസിന് ആയിരിക്കുകയാണ്. വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന്റെ പ്രദര്‍ശനം രാവിലെ തന്നെ കേരളത്തിലെ തിയേറ്ററുകളില്‍ ആരംഭിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഷോ കണ്ടവരുടെ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഷാരൂഖാന്റെ മിന്നും പ്രകടനമാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് സിനിമ കണ്ടവര്‍ പറയുന്നു.

മികച്ച മാസ് മസാല ചിത്രമാണ് ജവാന്‍ എന്നും ഒരുപക്ഷെ പത്താന് മുകളില്‍ ചിത്രം കളക്ഷന്‍ നേടിയേക്കുമെന്ന നിഗമനവും നിരവധി പേര്‍ പങ്കുവെക്കുന്നുണ്ട്.

അച്ഛന്‍-മകന്‍ കഥാപാത്രങ്ങളായി വ്യത്യസ്ത പ്രകടനമാണ് ഷാരൂഖ് ചിത്രത്തില്‍ കാഴ്ചവെക്കുന്നത്. നടി നയന്‍താരക്കും ഒപ്പം വില്ലന്‍ വേഷം അവതരിപ്പിച്ച വിജയ് സേതുപതിക്കും കയ്യടിക്കുന്നുണ്ട് സോഷ്യല്‍ മീഡിയ.

ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളും അനിരുദ്ധ് രവിചന്ദ്രറിന്റെ സംഗീതവും മികച്ചതെന്ന് തന്നെയാണ് ആദ്യ ഷോ കണ്ട പ്രേക്ഷകര്‍ വിലയിരുത്തുന്നത്.

അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റം ഒട്ടും തന്നെ മോശമാക്കിയില്ല എന്നും നിരവധി പേര്‍ പറയുന്നു.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിളും തമിഴ്നാട്ടിലും വിതരണത്തിനെത്തിക്കുന്നത്.

തമിഴ്‌നാട്ടില്‍ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍ ആകുമ്പോള്‍ കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസ് പാര്‍ട്ണറാകുന്നു. തമിഴ്‌നാട്ടിലും കേരളത്തിലുമായി 718 സെന്ററുകളില്‍ 1001 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

തമിഴ്‌നാട്ടില്‍ 450ലധികം സെന്ററുകളിലായി 650 സ്‌ക്രീനുകളില്‍ ചിത്രം എത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഹിന്ദി, തമിഴ് പതിപ്പുകളും തമിഴ്‌നാട്ടിലും കേരളത്തിലും റിലീസ്  ചെയ്തിട്ടുണ്ട്.

ഹിന്ദി പതിപ്പിന്റെ കൂടെ സബ്ടൈറ്റിലുമുണ്ട്. കേരളത്തില്‍ 270 സെന്ററുകളിലായി 350 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഒരു ബോളിവുഡ് ചിത്രം കേരളത്തിലും, തമിഴ്നാട്ടിലും നേടുന്ന ഏറ്റവുമധികം റിലീസ് സെന്ററുകളും സ്‌ക്രീനുകളും എന്ന റെക്കോഡാണ്.

വലിയ താരനിരയില്‍ ഒരുങ്ങിയ ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ദീപിക പദുകോണ്‍ ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.

റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി ഗൗരി ഖാനാണ് ജവാന്‍ നിര്‍മിച്ചിരിക്കുന്നത്. ഗൗരവ് വര്‍മയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.

Content Highlight: Jawan movie first show response