| Tuesday, 21st March 2023, 10:14 am

ജവാനില്‍ ഞെട്ടിക്കാന്‍ ഈ താരങ്ങളും, പ്രതീക്ഷിക്കാത്ത വരവെന്ന് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പത്താന്‍ എട്ടാം ആഴ്ചയിലും മികച്ചകളക്ഷനോടെ മുന്നേറുമ്പോള്‍ ഷാരൂഖ് ഖാന്‍ ഇപ്പോള്‍ തന്റെ അടുത്ത ചിത്രമായ ജവാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോള്‍ അവസാന ഘട്ട ചിത്രീകരണത്തിലാണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്കെല്ലാം ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയ ഒന്നായിരുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ ഉയര്‍ത്താന്‍ ഇപ്പോള്‍ പുതിയ കാരണങ്ങളുണ്ട്. ജവാന്റെ കാസ്റ്റിങ് വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ജവാന്റെ വളരെ പ്രധാനപ്പെട്ട ആക്ഷന്‍ രംഗത്തില്‍ സഞ്ജയ് ദത്ത് എത്തുന്നുണ്ട്. മുംബൈയിലെ ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിനിമയിലെ സുപ്രധാന ഭാഗമാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോയുടെ കാശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് സഞ്ജയ് ദത്ത് ജവാനില്‍ ജോയിന്‍ ചെയ്തത്. അതേസമയം, ദീപിക പദുക്കോണും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന വിവരവും ഇതിനോടകം പുറത്തുവരുന്നുണ്ട്.

ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന്‍ തിയറ്ററില്‍ എത്തുക. നയന്‍താര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലുമാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല.

വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. ‘ജവാന്റെ’ ഒ.ടി.ടി റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സ് 120 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്‌സ് സീ ടി.വിയാണ് സ്വന്തമാക്കിയിരിക്കുന്നത്.

content highlight: jawan movie cast details out

Latest Stories

We use cookies to give you the best possible experience. Learn more