| Wednesday, 6th September 2023, 9:35 pm

റിലീസിന് മുന്നേ റെക്കോഡ് നേട്ടവുമായി ജവാന്‍; പ്രീ സെയിലില്‍ നിന്ന് ഇതുവരെ നേടിയത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആറ്റ്‌ലി ചിത്രം ജാവാന്‍ റിലീസിന് ഒരുങ്ങുകയാണ്. വമ്പന്‍ റിലീസായി എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ സിനിമാ പ്രേമികള്‍.

വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമക്ക് റെക്കോഡ് റിലീസാണ് ലോകമെമ്പാടും ലഭിക്കുന്നത്. ഇപ്പോഴിതാ റിലീസിന് മുമ്പ് തന്നെ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജാവാന്‍.

പ്രീ സെയില്‍ കൊണ്ട് തന്നെ വലിയ തുക ചിത്രം ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റുകളില്‍ ജാവാന്റെ ടിക്കറ്റുകള്‍ റെക്കോഡ് വേഗത്തിലാണ് വിറ്റു പോകുന്നത്.

100കോടിയില്‍ ഏറെ രൂപ ആദ്യ ദിനം സിനിമക്ക് കളക്ഷനായി സ്വന്തമാക്കാന്‍ കഴിയുമെന്നാണ് സിനിമാ ട്രാക്കിങ് പേജുകള്‍ വിലയിരുത്തുന്നത്.

സിനിമക്ക് കേരളത്തിലും വലിയ നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം 1.5 കോടിക്ക് മുകളില്‍ പ്രീ സെയില്‍ ആയി തന്നെ സിനിമക്ക് ലഭിച്ചു കഴിഞ്ഞു. മൂന്നുകോടിയില്‍ ഏറെ രൂപ ആദ്യ ദിനം കേരളത്തില്‍ നിന്ന് സിനിമ നേടുമെന്നും റിപോര്‍ട്ടുണ്ട്.

പോസിറ്റീവ് റിപോര്‍ട്ട് കൂടി ആണ് സിനിമക്ക് വരുന്നതെങ്കില്‍ വലിയ ഫൈനല്‍ ഗ്രോസും ചിത്രത്തിന് പ്രതീക്ഷിക്കുന്നു. . ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിളും തമിഴ്നാട്ടിലും വിതരണത്തിനെത്തിക്കുന്നത്.

തമിഴ്‌നാട്ടില്‍ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍ ആകുമ്പോള്‍ കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസ് പാര്‍ട്ണറാകുന്നു. തമിഴ്‌നാട്ടിലും കേരളത്തിലുമായി 718 സെന്ററുകളില്‍ 1001 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

തമിഴ്‌നാട്ടില്‍ 450ലധികം സെന്ററുകളിലായി 650 സ്‌ക്രീനുകളില്‍ ചിത്രം എത്തിക്കുന്നുണ്ട്. ചിത്രത്തിന്റെ ഹിന്ദി, തമിഴ് പതിപ്പുകളും തമിഴ്‌നാട്ടിലും കേരളത്തിലും റിലീസ് ചെയ്യും.

ഹിന്ദി പതിപ്പിന്റെ കൂടെ സബ്ടൈറ്റിലുമുണ്ട്. കേരളത്തില്‍ 270 സെന്ററുകളിലായി 350 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഒരു ബോളിവുഡ് ചിത്രം കേരളത്തിലും, തമിഴ്നാട്ടിലും നേടുന്ന ഏറ്റവുമധികം റിലീസ് സെന്ററുകളും സ്‌ക്രീനുകളും എന്ന റെക്കോഡാണ്.

വലിയ വിജയം നേടിയ പത്താന് ശേഷം ഷാരുഖ് ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായികയാകുന്നത്. തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍.

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ദീപിക പദുകോണ്‍ ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.

റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി ഗൗരി ഖാനാണ് ജവാന്‍ നിര്‍മിച്ചിരിക്കുന്നത്. ഗൗരവ് വര്‍മയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.

Content Highlight: Jawan gets record pre sale collection

We use cookies to give you the best possible experience. Learn more