യു.എ.ഇ ബോക്‌സ് ഓഫീസിലും ഷാരൂഖ് തന്നെ രാജാവ്:  പിന്നിലാക്കിയത് ഹോളിവുഡിലെ വമ്പന്മാരെ
Entertainment
യു.എ.ഇ ബോക്‌സ് ഓഫീസിലും ഷാരൂഖ് തന്നെ രാജാവ്:  പിന്നിലാക്കിയത് ഹോളിവുഡിലെ വമ്പന്മാരെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th January 2024, 11:50 am

2023ല്‍ യു.എ.ഇ ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ കണക്ക് ഐ.എം.ഡി.ബി പുറത്തുവിട്ടു. ഹോളിവുഡിലെ വമ്പന്‍ ചിത്രങ്ങലെ പിന്തള്ളി ആദ്യ രണ്ട് സ്ഥാനവും ഇന്ത്യന്‍ സിനിമ കൈക്കലാക്കി. രണ്ടും ഒരു നടന്റെ സിനിമയാണെന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യം.

 


ഷാരൂഖ് ഖാന്‍ ചിത്രം ജവാനും പത്താനുമാണ് ഈ  നേട്ടത്തിലെത്തിയ രണ്ട് ചിത്രങ്ങള്‍. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് അഭിനയിച്ച ചിത്രമാണ് പത്താന്‍. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ അമ്പരപ്പിക്കുന്ന കുതിപ്പാണ് നടത്തിയത്. ചിത്രം 1000 കോടിയാണ് കളക്ട് ചെയ്തത്. ഷാരൂഖ് ഖാന്‍ എന്ന താരത്തിന്റെ ബോക്‌സ് ഓഫീസ് പവറിന്റെ തിരിച്ചു വരവും കൂടിയായിരുന്നു പത്താന്‍.


ഇതിന് പിന്നാലെ വന്ന അറ്റ്‌ലീ ചിത്രം ജവാനും 1000 കോടി നേടി ഒരു കലണ്ടര്‍ വര്‍ഷം രണ്ട് 1000 കോടി ചിത്രങ്ങള്‍ എന്ന റെക്കോര്‍ഡും കിങ് ഖാന്‍ സ്വന്തമാക്കി.


ഈ രണ്ട് ചിത്രങ്ങളുമാണ് 2023ല്‍ യു.എ.ഇ ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകള്‍. 76 കോടിയോളമാണ് ജവാന്റെ കളക്ഷന്‍. പത്താന്‍ 68 കോടിയോളവും യു.എ.ഇ യില്‍ നിന്ന് സ്വന്തമാക്കി.  പല ഹോളിവുഡ് ചിത്രങ്ങളെയും പിന്നിലാക്കിയാണ് ഈ നേട്ടം. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പന്‍ഹൈമറാണ് ലിസ്റ്റില്‍ മൂന്നാമത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ ചിത്രം. സിനിമാ വെബ്‌സൈറ്റായ ഐ.എം.ഡി.ബി യുടെ ബോക്‌സ് ഓഫീസ് മോജോ എന്ന പേജാണ് കണക്കുകള്‍ പുറത്തുവിട്ടത്.

Content Highlight: Jawan and Pathaan got top in UAE box office