'നെഹ്‌റു ശാഖയില്‍ പങ്കെടുത്തിരുന്നു' ; സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം
national news
'നെഹ്‌റു ശാഖയില്‍ പങ്കെടുത്തിരുന്നു' ; സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th June 2018, 11:38 pm

പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍ ജവഹര്‍ ലാല്‍ നെഹ്‌റുവും ആര്‍.എസ്.എസ് ശാഖയില്‍ പങ്കെടുത്തിരുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. ആര്‍.എസ്.എസിന്റെതിന് സമാനമായ യൂണിഫോം ധരിച്ചിരിക്കുന്ന നെഹ്‌റുവിന്റെ ചിത്രം ഉപയോഗിച്ചാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാജ അവകാശ വാദം ഉന്നയിക്കുന്നത്.

പ്രസ്തുത ചിത്രത്തിന്റെ അടിയിലെ ആദ്യ വരിയില്‍ മറാത്തിയില്‍ ഇങ്ങനെ പറയുന്നു. “നെഹ്‌റു മറ്റു നേതാക്കള്‍ക്കൊപ്പം”. രണ്ടാമത്തെ വരിയില്‍ “ഉത്തര്‍പ്രദേശിലെ നൈനിയില്‍ 1939ന്”.

കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ സേവാദളിന്റെ പരിപാടിയില്‍ പങ്കെടുക്കുന്ന ഫോട്ടോയാണിത്. 1924ല്‍ ബ്രിട്ടന്റെ കൊളോണിയല്‍ ഭരണത്തിനെതിരായി പോരാടുന്നതിനായി രൂപീകരിച്ച സംഘടനയാണ് സേവാദള്‍. നെഹ്‌റു സംഘടനയുടെ പ്രഥമ പ്രസിഡന്റായിരുന്നു. ചിത്രത്തില്‍ വെള്ളത്തൊപ്പിയാണ് നെഹ്‌റു ധരിച്ചിരിക്കുന്നത്. 1925ല്‍ സ്ഥാപിച്ചത് മുതല്‍ ആര്‍.എസ്.എസിന്റെ തൊപ്പിയുടെ നിറം കറുപ്പാണ്. അതിന് ഇന്നേവരേ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ ആര്‍.എസ്.എസുകാര്‍ ആഘോഷിച്ച ചരിത്രം കൂടി പ്രണബ് മുഖര്‍ജി അവരെ ഓര്‍മ്മിപ്പിക്കണമായിരുന്നു: സീതാറാം യെച്ചൂരി

സേവാദള്‍ പരിപാടിയെ ആര്‍.എസ്.എസുമായി ബന്ധപ്പെടുത്തിനടക്കുന്നത് വ്യാജപ്രചരണങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവായ മോഹന്‍ പ്രകാശ് പറയുന്നു.

ആര്‍.എസ്.എസിന്റെ കടുത്ത വിമര്‍ശകനായ നെഹ്‌റു സംഘടനയെ ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടിയുമായാണ് താരതമ്യപ്പെടുത്തിയിരുന്നത്.