ജയ്പൂര്‍: സ്വാതന്ത്ര്യസമരസേനാനി ചന്ദ്രശേഖര്‍ ആസാദിനെ കൊല്ലാന്‍ മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ മദന്‍ ദിലാവര്‍.
ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ പണം ആവശ്യമായി വന്ന ചന്ദ്രശേഖര്‍ ആസാദ് നെഹ്‌റുവിനെ സമീപിച്ചിരുന്നു. അതിനായി എത്തിയ ആസാദിനോട് ശരിയാക്കി തരാം എന്ന് നെഹ്‌റു പറഞ്ഞു.
പണത്തിനായി പാര്‍ക്കിനു സമീപം കാത്തു നില്‍ക്കാനും ആസാദിനോട് നെഹ്‌റു നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് നെഹ്‌റു തന്നെ ഈ വിവരം പൊലീസിനെ അറിയിക്കുകയും ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തുകയുമായിരുന്നു. പൊലീസ് വളഞ്ഞതോടെ ആസാദ് അവരില്‍ ചിലര്‍ക്കു നേരെ വെടിയുതിര്‍ത്തുകയും ശേഷം സ്വയം വെടിവെച്ച് മരിക്കുകയുമായിരുന്നുവെന്ന് ദിലാവര്‍ പറയുന്നു.
‘ചന്ദ്രശേഖര്‍ ആസാദിനെ കൊല്ലാന്‍ കൂട്ടുനിന്നത് പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ജവഹര്‍ലാല്‍ നെഹ്‌റുവാണ്. ആസാദിനെ കൊല്ലാനായി നെഹ്‌റു തന്നെയാണ് ഗൂഢാലോചന നടത്തിയത്. ഇത് എവിടെയും വിളിച്ചുപറയും’, ദിലാവര്‍ പറഞ്ഞു.
എന്നാല്‍ ഈ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളെന്തെങ്കിലും ഉണ്ടോയെന്ന ചോദ്യത്തിന് പല പുസ്തകങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നായിരുന്നു ദിലാവറിന്റെ മറുപടി.
അതേസമയം ദിലാവറിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ചരിത്രത്തെപ്പറ്റി യാതൊരു ബോധവുമില്ലാതെയുള്ള പ്രസ്താവനയാണിതെന്നും ദില്‍വാറിന്റെ മാനസികനിലയ്ക്ക് എന്തോ പ്രശ്‌നമുണ്ടെന്നുമാണ് കോണ്‍ഗ്രസ് നേതാവ് പുഷ്‌പേന്ദ്ര ഭരദ്വാജ് പ്രതികരിച്ചത്.
ഇതാദ്യമായല്ല ഇത്തരം വിവാദ പ്രസ്താവനകളുമായി ദില്‍വാര്‍ രംഗത്തെത്തുന്നത്. നേരത്തെ കര്‍ഷക സമരം നടത്തുന്ന കര്‍ഷകര്‍ക്കെതിരെയും ഇദ്ദേഹം വിവാദ പ്രസ്താവന നടത്തിയിരുന്നു.
സമരം നടത്തുന്ന കര്‍ഷകര്‍ ചിക്കന്‍ ബിരിയാണി കഴിച്ചും മറ്റ് സുഖസൗകര്യങ്ങള്‍ അനുഭവിക്കുകയാണെന്നും പക്ഷി പനി പടര്‍ത്താനുള്ള ഗൂഢാലോചനയുടെ ഫലമാണ് കര്‍ഷക സമരമെന്നായിരുന്നു ദില്‍വാര്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക