| Sunday, 14th November 2021, 10:43 am

സോഷ്യലിസത്തില്‍ ആകൃഷ്ടനായിരുന്ന നെഹ്‌റു സോവിയറ്റ് മാതൃകയെ രാജ്യത്ത് നടപ്പിലാക്കാന്‍ ശ്രമിച്ചു: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആധുനിക ഇന്ത്യയുടെ വളര്‍ച്ചയെ വളരെയേറെ സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളാണ് ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്വാതന്ത്ര്യ പോരാട്ടത്തിനു നല്‍കിയ സുദീര്‍ഘവും ത്യാഗനിര്‍ഭരവുമായ നേതൃത്വവും, ഇന്ത്യയെ ജനാധിപത്യ രാഷ്ട്രമായി വളര്‍ത്തിയ രാഷ്ട്രതന്ത്രജ്ഞതയും ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം അനന്യമാക്കുന്നു എന്നും അദ്ദഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്ന മുഖ്യമന്ത്രി നെഹ്‌റുവിനെ സ്മരിച്ചത്.

നെഹ്‌റുവിന്റെ ജന്മദിനമായ ഇന്ന്, അദ്ദേഹം നല്‍കിയ സമത്വത്തേയും നീതിയേയും ശാസ്ത്രബോധത്തേയും വികസനത്തേയും കുറിച്ചുള്ള ആശയങ്ങളെ പുരോഗതിയിലേക്കുള്ള പാതയില്‍ ഊര്‍ജമാക്കുമെന്ന് നമുക്ക് ആവര്‍ത്തിച്ച് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘സ്വാതന്ത്ര്യം അര്‍ത്ഥവത്താകണമെങ്കില്‍ ശാസ്ത്രബോധവും മതേതരത്വവും സമത്വവും സ്വന്തമാക്കിയ ഒരു സമൂഹത്തിന്റെ നിര്‍മ്മിതി സാധ്യമാകണമെന്ന് നെഹ്‌റു ഉറച്ചുവിശ്വസിച്ചു.

സോഷ്യലിസത്തില്‍ ആകൃഷ്ടനായിരുന്ന നെഹ്‌റു സോവിയറ്റ് മാതൃകയെ പിന്തുടര്‍ന്ന പല നയങ്ങളും ഇവിടെ നടപ്പിലാക്കാന്‍ ശ്രമിച്ചു. കുട്ടികളില്‍ ഇന്ത്യയുടെ ഭാവി കണ്ട അദ്ദേഹം ശിശുക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യമാണ് നല്‍കിയത്.

നെഹ്‌റു ഏതു മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ടോ, അവ രൂക്ഷമായി അക്രമിക്കപ്പെടുകയും വിസ്മൃതിയിലാണ്ടു പോവുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാട് കടന്നുപോകുന്നത്,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS:  Nehru fascinated by socialism, tried to implement the Soviet model in the country: Pinarayi Vijayan

We use cookies to give you the best possible experience. Learn more