|

ഇന്ത്യാ വിഭജനത്തിന് ഉത്തരവാദി ജിന്നയല്ല, നെഹ്‌റുവും പട്ടേലുമാണെന്ന് ഫാറൂഖ് അബ്ദുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യാ വിഭജനത്തിന് ഉത്തരവാദികള്‍ ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭായ് പട്ടേലുമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. പാക്കിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്ന വിഭജനമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

“ഇതുസംബന്ധിച്ച കമ്മീഷന്റെ രേഖകള്‍ ഞങ്ങളുടെ അടുത്ത് ഇപ്പോഴുമുണ്ട്. നമ്മള്‍ ഇന്ത്യ വിഭജിക്കില്ല, പകരം മുസ്‌ലീങ്ങളും സിഖുകാര്‍ പോലുള്ള ന്യൂനപക്ഷങ്ങള്‍ക്കും പ്രത്യേക പ്രാതിനിധ്യം കൊടുക്കാം എന്നായിരുന്നു തീരുമാനം. ” അദ്ദേഹം ജമ്മുവില്‍ പറഞ്ഞു.

ഈ കമ്മീഷന്റെ നിലപാട് ജിന്ന അംഗീകരിച്ചിരുന്നെന്നും നെഹ്‌റുവും പട്ടേലും കോണ്‍ഗ്രസ് നേതാവായിരുന്ന മൗലാനാ അബ്ദുല്‍ കലാം ആസാദും ഇത് ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതാണ് പാകിസ്ഥാന്‍ രൂപീകരിക്കുന്നതിലേക്ക് ജിന്നയെ നയിച്ച്. നെഹ്‌റുവും പട്ടേലും മറ്റുള്ളവരും ഈ നിര്‍ദേശം കേട്ടിരുന്നെങ്കില്‍ പാകിസ്ഥാനോ ബംഗ്ലാദേശോ ഉണ്ടാവുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “ഒരേയൊരു ഇന്ത്യ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ” അദ്ദേഹം പറഞ്ഞു.

ഫാറൂഖ് അബ്ദുള്ളയുടെ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ഇന്ത്യാ ചരിത്രം വീണ്ടും വായിക്കണമെന്നാണ് പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ട് കേന്ദ്രമന്ത്രി ജിതേന്ദര്‍ സിങ് പറഞ്ഞത്.

വോട്ടുബാങ്കിനെ പ്രീതിപ്പെടുത്താനായി ചരിത്രത്തില്‍ നിന്നും ചില ഭാഗങ്ങള്‍ മാത്രം ഉദ്ധരിക്കുകയാണ് അബ്ദുള്ളയെന്നാണ് ജമ്മുകശ്മീര്‍ ബി.ജെ.പി വക്താവ് അനില്‍ ഗുപ്ത പറഞ്ഞത്.