കേരളത്തിലെ മുസ്‌ലിം സാമാന്യ ജനം എന്നു പറയുന്നത് പാരമ്പര്യ സുന്നികളാണ്. അതിന് പക്ഷേ അത്രത്തോളം മൂര്‍ത്തമായ നേതൃത്വമായിരുന്നില്ല ഒരു കാലത്തും ഉണ്ടായിരുന്നത്. കേഡര്‍ എന്ന് വിശേഷിപ്പാക്കുന്ന ഒരു സമുദായമായി പരമ്പര്യ മുസ്‌ലിങ്ങള്‍ ചരിത്രത്തിലൊരു ഘട്ടത്തിലും പരുവപ്പെട്ടിരുന്നില്ലെന്നു ചുരുക്കം. എന്നാല്‍ ഖാസിമാരായോ പണ്ഡിതന്മാരായോ പടയാളികളായോ നേതൃതലത്തില്‍ ആളുകളുണ്ടായിരുന്നു താനും.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദങ്ങളില്‍ സംജാതമായ സവിശേഷ സാഹചര്യങ്ങള്‍ പാരമ്പര്യ മുസ്‌ലിങ്ങളെ സംഘടനാ രൂപവത്കരണത്തിലേക്കെത്തിച്ചു. എന്നാല്‍ ഇപ്പോഴും പാരമ്പര്യ മുസ്‌ലിങ്ങള്‍ ഒന്നാകെ ഏതെങ്കിലുമൊരു സംഘടനയുടെയോ സംഘടനകളുടെയോ കീഴിലാണെന്ന് പറയുന്നത് അസംബന്ധമാകും.
ഇന്നിപ്പോള്‍ കേരളത്തിലെ പാരമ്പര്യ മുസ്‌ലിങ്ങളുടെ നേതൃത്വത്തിലൊന്നിന്റെ പദവികള്‍ക്കായി പിടിവലികളും ബലാബല പരീക്ഷണങ്ങളും നടക്കുകയാണ്. പാരമ്പര്യ മുസ്‌ലിം നേതൃത്വത്തിന്റെ രാഷ്ട്രീയ പ്രതിസന്ധികളായി അത് രൂപം കൊണ്ടിരിക്കുന്നു. ഈ പ്രതിസന്ധിയുടെ തുടര്‍ച്ചയായി കണ്ടാല്‍ മാത്രമേ ഇ.കെ. വിഭാഗം സമസ്തയില്‍ ഇപ്പോള്‍ നടക്കുന്ന തര്‍ക്കങ്ങളെ പൂര്‍ണമായും മനസിലാക്കാന്‍ കഴിയൂ.
ഇ.കെ. വിഭാഗം സുന്നി സംഘടനയില്‍ ഇപ്പോള്‍ നടക്കുന്ന പ്രധാന തര്‍ക്കം സംഘടനയുടെ പരമോന്നത അധികാരം തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിക്കാണോ അതോ അതാത് കാലത്തെ പാണക്കാട് തങ്ങന്മാര്‍ക്കാണോ എന്നതാണ്. കേരളീയ മുസ്‌ലിങ്ങളുടെ ഏറ്റവും പ്രബല സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപിക്കുമ്പോള്‍ ആ കാലഘട്ടത്തിലെ പ്രഗല്‍ഭരായ ഇസ്ലാമിക പണ്ഡിത നേതൃത്വം പാണക്കാട്ടേക്ക് പോകാതെ വരക്കലിലേക്ക് മുല്ലക്കോയ തങ്ങളെ തേടിപ്പോയത് എന്ത് കൊണ്ടായിരിക്കും എന്നത് മുതലുള്ള ചരിത്രാന്വേഷണങ്ങള്‍ക്കും ആലോചനകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയുണ്ട്.
കോഴിക്കോട് വലിയ/ചെറിയ ഖാളിമാര്‍, കാപ്പാട് ഖാളി, ബേപ്പൂര്‍ ഖാളി തുടങ്ങിയവരില്‍ നിന്ന് മാസമുറപ്പിക്കല്‍ മലപ്പുറം ഖാളി കുടുംബം പോലുമല്ലാതിരുന്ന പാണക്കാട്ടേക്ക് മാറ്റാനുള്ള ശ്രമം തുടങ്ങിയത് ഏത് കാലത്താണ്? മുസ്‌ലിം ലീഗിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിന്റെ മുമ്പ് കൊടപ്പനക്കല്‍ തറവാട്ടിന് കേരളീയ മുസ്‌ലിം സമൂഹത്തില്‍ ഉണ്ടായിരുന്ന ഇടം എന്താണ്?
കേരളീയ മുസ്‌ലിങ്ങളുടെ ആത്മീയ – വിദ്യാഭ്യാസ – സാമൂഹ്യ – സാംസ്‌കാരിക മുന്നേറ്റത്തിന്റെ പിതൃത്വം പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിന്റെ മേല്‍ വെച്ചുക്കെട്ടുന്ന മുസ്‌ലിം ലീഗിന്റെ പുതിയ ചരിത്ര നിര്‍മിതി വസ്തുതകളുമായി നേരിയ ബന്ധം പോലുമില്ലാത്തതാണ്. കേരള മുസ്‌ലിങ്ങളുടെ ഒരു നൂറ്റാണ്ട് കാലത്തെ ചരിത്രമെങ്കിലും കണ്ണോടിക്കുന്നവര്‍ക്ക് ഇത് മനസിലാക്കാവുന്നതാണ്.
അതുകൊണ്ടാണ് ഖാളി ആകാനുള്ള ഇസ്ലാമിക മാനദണ്ഡങ്ങള്‍ക്കപ്പുറം അതാതു കാലത്തെ ലീഗ് പ്രസിഡന്റ് എന്നത് ഖാളി സ്ഥാനത്തിനുള്ള യോഗ്യതയായി മാറുന്നത്.
കേരളത്തിലെ എല്ലാ തങ്ങള്‍ കുടുംബവും പോലെ നല്ലൊരു ആത്മീയ പാരമ്പര്യം കൊടപ്പനക്കല്‍ തറവാട്ടിനുമുണ്ട്. വംശപരമ്പരയിലൂടെ കൈമാറി വന്ന നിരവധി ആത്മീയ പൊരുളുകളും ഇജാസതുകളും ചികിത്സാ മുറകളും ഉപയോഗിച്ച് അവര്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവന്നു.
ഒട്ടുമിക്ക തങ്ങള്‍ തറവാടുകളും ജനങ്ങളുടെ അഭയകേന്ദ്രങ്ങളായി മാറിയത് ആത്മീയ ചികിത്സയിലൂടെയാണ്. അക്കൂട്ടത്തില്‍ മലപ്പുറം പ്രദേശത്ത് താരതമ്യേന കേളികേട്ടവരായിരുന്നു പാണക്കാട്ടെ ചില തങ്ങന്മാര്‍. അതല്ലാതെ വളപ്പട്ടണം ജലാലുദ്ദീന്‍ ബുഖാരി തങ്ങളെയും മമ്പുറം സയ്യിദ് അലവി തങ്ങളെയും കോഴിക്കോട് കുറ്റിച്ചിറയിലെ ജിഫ്രി തങ്ങളെയും പോലെ കേരളീയ മുസ്‌ലിങ്ങളുടെ നേതൃനിരയിലേക്ക് വന്നവരൊന്നും കൊടപ്പനക്കല്‍ കുടുംബത്തില്‍ നിന്നുണ്ടായിട്ടില്ല.
ജിഫ്രി മുത്തുക്കോയ തങ്ങള്‍
എന്നാല്‍ മുസ്‌ലിം ലീഗിന്റെ അധ്യക്ഷസ്ഥാനം പാണക്കാട്ടേക്ക് എത്തിയപ്പോഴാണ് കൊടപ്പനക്കല്‍ തറവാടിന് പുതിയ അര്‍ത്ഥവും മാനവും വരുന്നത്. അതിനുശേഷമുള്ള കൊടപ്പനക്കലിന്റെ ചരിത്രം തീര്‍ത്തും വ്യതിരക്തമായ ഒന്നാണ്. അതില്‍ ചിലത് പൂര്‍ണ്ണമായും അവരുടെ പാരമ്പര്യത്തോട് നീതി പുലര്‍ത്തുന്നത് പോലുമല്ല.
ലീഗ് എന്തിന് കൊടപ്പനക്കല്‍ തങ്ങന്മാരെ മുന്നില്‍ നിര്‍ത്തിയെന്നത് വിശാലമായി ചര്‍ച്ച ചെയ്യേണ്ട മറ്റൊരു വിഷയമാണ്. ഏതായാലും അത്രയും കാലം സമസ്തയുടെയോ കേരളത്തിലെ മുസ്‌ലിം മത രാഷ്ട്രീയ സാമൂഹ്യ സംവിധാനങ്ങളുടെയോ നേതൃനിരയില്‍ പാണക്കാട് കുടുംബത്തില്‍ നിന്നുള്ള തങ്ങന്മാരാരും ഉണ്ടായിരുന്നില്ല.
പില്‍കാലത്ത് കേരളീയ മുസ്‌ലിങ്ങളുടെ വത്തിക്കാന്‍ ആയി പാണക്കാടിനെ അവരോധിക്കാനുള്ള ബോധപൂര്‍വ്വമായ ചില നീക്കങ്ങള്‍ രാഷ്ട്രീയ താത്പര്യങ്ങളോടെ മുസ്‌ലിം ലീഗ് നടത്തിയതിന്റെ ഭാഗമാണ് നാടുനീളെയുള്ള ഖാളി ആരോഹണങ്ങള്‍ പോലുള്ളത്. അതുകൊണ്ടാണ് ഖാളി ആകാനുള്ള ഇസ്ലാമിക മാനദണ്ഡങ്ങള്‍ക്കപ്പുറം അതാതു കാലത്തെ ലീഗ് പ്രസിഡന്റ് എന്നത് ഖാളി സ്ഥാനത്തിനുള്ള യോഗ്യതയായി മാറുന്നത്.
പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ആരംഭിച്ച വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എസ്.എഫ് എ.പി. – ഇ.കെ. ഭിന്നതയുടെയൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈദരലി ശിഹാബ് തങ്ങളെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജിവെപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ലീഗ് ചരിത്രകാരന്മാര്‍ ഊതിവീര്‍പ്പിച്ച് അവതരിപ്പിക്കുന്ന സ്വാധീനമൊക്കെ പാണക്കാട് കുടുംബത്തിന് ഉണ്ടായിരുന്നുവെങ്കില്‍ സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ എന്ന വിദ്യാര്‍ഥി സംഘടന അന്ന് അവിടെ അവസാനിക്കേണ്ടതായിരുന്നു.
പ്രമാദമായ എറണാകുളം എസ്.വൈ.എസ്. സമ്മേളനത്തിന് പോകരുതെന്ന് ശിഹാബ് തങ്ങള്‍ പരസ്യമായി ആഹ്വാനം ചെയ്തിട്ടും വന്‍ജനാവലി പങ്കെടുത്തത് മറ്റൊരു ഉദാഹരണം.
പട്ടിക്കാട് പഠിച്ചിറങ്ങിയ ഫൈസിമാരുടെ അലുംനി അസോസിയേഷനായ ഓസ്‌ഫോജനയുടെ 1984ലെ ജനറല്‍ കൗണ്‍സിലില്‍ സയ്യിദ് ഹൈദര് അലി ശിഹാബ് തങ്ങള്‍ പ്രസിഡന്റ് ആയ പാനലിന് ഫൈസിമാരുടെ പിന്തുണ കിട്ടാതെ പരാജയപ്പെട്ടതിലൂടെയാണ് സയ്യിദ് അലി ബാഫഖി തങ്ങള്‍ ഓസ്‌ഫോജന പ്രസിഡന്റ് ആകുന്നത്. അന്നത്തെ ഏപ്രില്‍ ലക്കം അല്‍ മുബാറക് പത്രത്തില്‍ അതിന്റെ റിപ്പോര്‍ട്ട് കാണാം.
സയ്യിദ് ഹൈദര് അലി ശിഹാബ് തങ്ങള്
പാണക്കാട് തങ്ങന്മാര്‍ക്ക് ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സ്വാധീനവും പ്രശസ്തിയുമൊക്കെ അത്രയും പരിമിതമായിരുന്നു. പില്‍കാലത്ത് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുണ്ടായ സുന്നി മുന്നേറ്റങ്ങള്‍ക്ക് തടയിടാന്‍ മുസ്‌ലിം ലീഗ് പാണക്കാട് കുടുംബത്തെ നിരത്തിലിറക്കിയിട്ടും അതൊന്നും ഒട്ടും വിലപോയില്ല.
കേരള മുസ്‌ലിങ്ങളുടെ സാമൂഹ്യ നിര്‍മിതിയില്‍ നേതൃപരമായി പാണക്കാട് തറവാടിന് സവിശേഷമായ ചരിത്ര പാരമ്പര്യമൊന്നുമില്ലെന്നിരിക്കെ, എന്ത് കൊണ്ടായിരിക്കും പാണക്കാട് തങ്ങന്‍മാര്‍ക്ക് വര്‍ത്തമാന മുസ്‌ലിം സമൂഹത്തില്‍ ഇത്രമേല്‍ പ്രാധാന്യം ലഭിച്ചതെന്ന് സ്വാഭാവികമായും ആലോചിക്കുന്നുണ്ടാവും. അറുപതുകളിലെ ലീഗിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് അധ്യക്ഷ പദവി ബാഫഖി കുടുംബത്തില്‍ നിന്ന് ശിഹാബ് കുടുംബത്തിലേക്കെത്തുന്നത്. തന്റേതായ നിലപാടും നയങ്ങളുമുള്ള സയ്യിദ് ഉമര്‍ ബാഫഖി തങ്ങളെ റബ്ബര്‍ സ്റ്റാമ്പ് പ്രസിഡന്റായി നില്‍ക്കാന്‍ കിട്ടില്ലെന്ന് അനുഭവ ബോധ്യമുള്ള സി.എച്ച്. മുഹമ്മദ് കോയയുടെ അടവുനയം കൂടിയായിരുന്നു ഈ തറവാട് മാറ്റം.
സി.എച്ച്. മുഹമ്മദ് കോയ
പിന്നീടങ്ങോട്ട് ആലോചനകളെ അട്ടിമറിക്കുന്ന അതിവൈകാരികമായ ചരിത്ര നിര്‍മാണമായിരുന്നു പാണക്കാട് തങ്ങന്‍മാരെ കുറിച്ച് സി.എച്ചിന്റെ നേതൃത്വത്തില്‍ നടന്നത്. സി.എച്ചും സീതി ഹാജിയും എം.ഐ. തങ്ങളും എം.സി. വടകരയും റഹീം മേച്ചേരിയും സി.പി. സൈതലവിയും പോലുള്ളവര്‍ കേവലം ഭാവനകള്‍ കൊണ്ടും അലങ്കാര പദാവലികള്‍ കൊണ്ടും പണിതുയര്‍ത്തിയ ചീട്ടുകൊട്ടാരങ്ങള്‍ മാത്രമാണ് ഇന്ന് ലീഗുകാര്‍ കോള്‍മയിര്‍ കൊള്ളുന്ന പാണക്കാട് പൈതൃക കഥകള്‍.
എം.ഐ. തങ്ങള്‍, എം.സി. വടകര, റഹീം മേച്ചേരി, സി.പി. സൈതലവി
ചരിത്ര പൈതൃകമൊന്നും പറയാനില്ലെങ്കിലും ലീഗ് അധ്യക്ഷ പദവി വന്നെത്തിയതിന് ശേഷം കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്ന് കേരള മുസ്‌ലിങ്ങള്‍ക്ക് കാര്യമായ സംഭാവനകള്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ലീഗാനന്തര കൊടപ്പനക്കലില്‍ ഏറ്റവും കൂടുതല്‍ ബില്‍ഡപ്പ് ആസൂത്രിതമായി ഉണ്ടാക്കിയത് ബഹുമാന്യരായ മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കാണ്. കേരള മുസ്ലിങ്ങള്‍ അഞ്ച് പതിറ്റാണ്ടോളം കാലം നേടിയെടുത്ത സര്‍വ്വ പുരോഗതികളുടെയും കാരണഭൂതരായി മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുകയുണ്ടായി.
മറ്റെല്ലാ സാമുദായിക നേതാക്കളുടെയും സംഭാവനകളെ റദ്ദ് ചെയ്തുകൊണ്ട് കൂടിയുള്ള ലീഗിന്റെ ഈ അമിതമായ ബിംബവല്‍ക്കരണം കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നു. മുഹമ്മദലി ശിഹാബ് തങ്ങള്‍ വിശുദ്ധമായ അഹ്ലൂബൈത്ത് പരമ്പരയിലെ കണ്ണിയാണ്, പാവം മനുഷ്യനായിരുന്നു, സൗമ്യനായിരുന്നു, സുസ്‌മേര വദനനായിരുന്നു എന്നതൊക്കെ ശരിയാണ്. പക്ഷേ സമുദായ പാര്‍ട്ടിയുടെ പ്രസിഡന്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ അതിന്റേതായ മെറിറ്റില്‍ തന്നെ വേണം വിലയിരുത്താന്‍.
പി.എം.എസ്.എ പൂക്കോയ തങ്ങള്‍
1975ലാണ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ലീഗിന്റെ അധ്യക്ഷ പദവി ഏറ്റെടുത്ത് കൊണ്ട് സജീവ രാഷ്ട്രീയ രംഗത്തേക്ക് വരുന്നത്. പൂക്കോയ തങ്ങളുടെ വിയോഗാനന്തരം സി.എച്ച്. മുഹമ്മദ് കോയ ആയിരുന്നു ശിഹാബ് തങ്ങളെ നാമനിര്‍ദേശം ചെയ്തത്. പൂക്കോയ തങ്ങള്‍ക്ക് ശേഷം വീണ്ടും ബാഫഖി കുടുംബത്തിലേക്ക് അധികാരം പോകരുതെന്ന് കാലെക്കൂട്ടി കണ്ട് ശിഹാബ് തങ്ങളെ ഈജിപ്തിലേക്ക് പഠിക്കാന്‍ പറഞ്ഞയച്ചതിന്റെ പിന്നിലും സി.എച്ച്. ഉണ്ടായിരുന്നു.
സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ മക്കയിലെയും മദീനയിലെയും ഉന്നത കലാലയങ്ങളില്‍ പഠിച്ചതാണല്ലോ. ഉമര്‍ ബാഫഖി തങ്ങളുടെ രാഷ്ട്രീയ ജീവിതം പഠിക്കുമ്പോള്‍ ലീഗിന്റെ താഴെത്തട്ട് മുതല്‍ സംസ്ഥാന ഘടകം വരെയുള്ള വിവിധ തലങ്ങളില്‍ സംഘടനാ ഉത്തരവാദിത്തങ്ങള്‍ വഹിക്കുകയും അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വര്‍ഷത്തോളം ജയില്‍വാസം അനുഭവിക്കുകയും ഒരു പതിറ്റാണ്ടുകാലം നിയമസഭാംഗമായി പ്രവര്‍ത്തിക്കുകയും സമുദായത്തിനും സമൂഹത്തിനും ഉപകാരപ്രദമായ നിരവധി പദ്ധതികള്‍ കൊണ്ടുവരികയും സംസ്ഥാനത്തെ തീരദേശ റോഡുകളുടെ വികസനത്തില്‍ ഉള്‍പ്പെടെ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത അനേകം ചരിത്രാധ്യായങ്ങള്‍ കാണാം.
സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍
എന്നാല്‍ മുഹമ്മദലി ശിഹാബ് തങ്ങളുടെ മൂന്നര പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ മലയാളികളുടെയോ മലയാളി മുസ്‌ലിങ്ങളുടെയോ സാമൂഹ്യ നിര്‍മിതിയില്‍ എന്തെങ്കിലും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയതായി നിഷ്പക്ഷമായി ചരിത്ര നിരീക്ഷണം നടത്തുന്നവര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല.
പാണക്കാട്ട് തറവാട്ടിന്റെ അവതാര ദൗത്യം കേരള മുസ്‌ലിങ്ങളെ രാഷ്ട്രീയമായി ഒന്നിപ്പിക്കുക എന്നതായിരുന്നല്ലോ. എന്നാല്‍ ശിഹാബ് തങ്ങള്‍ ലീഗിന്റെ അധ്യക്ഷ പദവിയില്‍ എത്തിയതിന് ശേഷം സമുദായത്തില്‍ നിലവില്‍ ഉണ്ടായിരുന്ന രാഷ്ട്രീയ ഐക്യവും താറുമാറാകുന്ന സ്ഥിതിവിശേഷമാണ് സംജാതമായത്.
1993ല്‍ അബ്ദുല്‍ നാസര്‍ മദനിയുടെ നേതൃത്വത്തില്‍ പി.ഡി.പി. രൂപം കൊണ്ടു. 1994ല്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ ഐ.എന്‍.എല്‍. പ്രഖ്യാപിക്കപ്പെട്ടു. എസ്.ഡി.പി.ഐ. വന്നു. വെല്‍ഫയര്‍ പാര്‍ട്ടിക്ക് കളമൊരുങ്ങി. പുതിയ നാല് രാഷ്ട്രീയപാര്‍ട്ടികള്‍ ആണ് മുസ്‌ലിം സമുദായത്തിന്റെ അകത്തുനിന്ന് ഉയര്‍ന്ന് വന്നത്. അതിനെ പ്രതിരോധിക്കാനോ ആ സമൂഹങ്ങളെ ലീഗിന്റെ കൂടെ ചേര്‍ത്ത് നിര്‍ത്താനോ ശിഹാബ് തങ്ങളുടെ നേതൃശേഷിക്ക് സാധിച്ചില്ല.
തങ്ങളെ മഹത്വവല്‍ക്കരിക്കാന്‍ വേണ്ടി മുസ്‌ലിം സമുദായത്തെ കലാപകാരികളും അമ്പലം തകര്‍ക്കുന്നവരുമായി ചിത്രീകരിക്കുകയല്ലേ ചെയ്യുന്നത്.
അതോടൊപ്പം, ശിഹാബ് തങ്ങള്‍ അധികാരത്തില്‍ വന്നത് മുതല്‍ സമസ്തയുമായി ലീഗിനുണ്ടായിരുന്ന ബന്ധം കൂടുതല്‍ വഷളായി കൊണ്ടിരുന്നു. സമസ്തയുടെ സ്ഥാപന – സംഘടനാ സംവിധാനങ്ങളില്‍ ലീഗ് അനാവശ്യമായ ഇടപെടലുകള്‍ നടത്തുകയും അതിനെ നെടുകെ പിളര്‍ക്കുകയും ചെയ്തു കൊണ്ട് ഏറ്റവും വലിയ വോട്ട് ബാങ്ക് ആയിരുന്ന സുന്നികളില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ മുസ്‌ലിം ലീഗിന് നഷ്ടപ്പെടുത്തി.
വസ്തുതാപരമായ അവലോകനങ്ങളില്‍ നിന്ന് മാറിനിന്ന് മുസ്‌ലിം സമുദായത്തെ ഒറ്റുകൊടുത്തു കൊണ്ടുള്ള ചരിത്ര നിര്‍മിതിയില്‍ അഭിരമിക്കുകയാണ് മുസ്‌ലിം ലീഗ് ഇക്കാലമത്രയും ചെയ്തിട്ടുള്ളത്. ഒരുദാഹരണം, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ കേരളം കത്താതിരുന്നത് ശിഹാബ് തങ്ങള്‍ കാവലിരുന്നത് കൊണ്ടാണെന്ന് ലീഗുകാര്‍ ശിഹാബ് തങ്ങളെ അനുസ്മരിക്കുന്ന വേളയിലെല്ലാം അവകാശപ്പെടാറുള്ളതാണ്.
ബാബരി
തങ്ങളെ മഹത്വവല്‍ക്കരിക്കാന്‍ വേണ്ടി മുസ്‌ലിം സമുദായത്തെ കലാപകാരികളും അമ്പലം തകര്‍ക്കുന്നവരുമായി ചിത്രീകരിക്കുകയല്ലേ ചെയ്യുന്നത്. അത്ര തീവ്രവും വൈകാരികവുമായ പ്രതികരണ സ്വഭാവം കേരള മുസ്‌ലിങ്ങള്‍ക്കുണ്ടെന്ന് ഹിന്ദുത്വ സംഘടനകള്‍ പോലും ആരോപിച്ചിട്ടില്ല. അങ്ങനെയാണെങ്കില്‍ ശിഹാബ് തങ്ങളെ അംഗീകരിക്കാത്ത വലിയൊരു വിഭാഗം മുസ്ലിങ്ങളും കൂടിയുണ്ടല്ലോ കേരളത്തില്‍. കലാപകാരികള്‍ ലീഗുകാര്‍ മാത്രം ആണെന്നാണോ പറഞ്ഞുവെക്കുന്നത്. മുംബൈയിലും ഗുജറാത്തിലും യു.പിയിലും കലാപങ്ങള്‍ ഉണ്ടായതിന്റെ പിന്നില്‍ മുസ്ലിങ്ങള്‍ ആണെന്നുമാണോ?
വസ്തുതാ വിരുദ്ധമായ ഇത്തരം ചരിത്ര നിര്‍മിതിയിലൂടെ പാണക്കാട് തങ്ങന്‍മാര്‍ക്ക് ചാര്‍ത്തപ്പെട്ട കാരുണ്യത്തിന്റെ മാലാഖയുടെയും സ്വാന്തനത്തിന്റെ തെളിനീരിന്റെയും ആശ്വാസത്തിന്റെ പരിമളം വീശുന്ന അസര്‍മുല്ലയുടെയും പരിവേഷങ്ങളും രാഷ്ട്രീയമായി ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. സുന്നികള്‍ക്കിടയിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് മഹല്ലുകളില്‍ കേരള മുസ്ലിം ചരിത്രത്തില്‍ മാതൃകയില്ലാത്ത രക്തരൂക്ഷിതമായ ആക്രമണങ്ങള്‍ ലീഗ് അഴിച്ചുവിടുമ്പോള്‍ പാര്‍ട്ടിയുടെ പ്രസിഡന്റാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ കീഴിയിലുള്ള സമസ്തയുടെ പത്തിലധികം പ്രവര്‍ത്തകര്‍ ശിഹാബ് തങ്ങളുടെ അനുയായികളാല്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെടുക പോലുമുണ്ടായി. മണ്ണാര്‍ക്കാട് ഒരു വീട്ടില്‍ മാത്രം രണ്ടു വിധവകളുടെ കണ്ണീരാണ് ഒഴുകിയത്. യു.പിയില്‍ നിന്ന് അഖ്‌ലാഖിന്റെ കുടുംബത്തെ കൊണ്ടുവന്ന് ക്യാമറക്ക് മുന്നില്‍ കണ്ണുതുടച്ച പാണക്കാട്ടെ തങ്ങന്മാര്‍ എന്തുകൊണ്ട് മണ്ണാര്‍ക്കാടെത്തിയില്ല? മൗന സമ്മതം നല്‍കിയതല്ലാതെ കൊടപ്പനക്കലിലെ തങ്ങന്‍മാര്‍ ലീഗ് അണികളോട് ഈ ക്രൂരതകള്‍ക്കെതിരെ ഒരു വാക്കെങ്കിലും ഉരിയാടിയ ചരിത്രമുണ്ടോ.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍
കേരള മുസ്‌ലിങ്ങളെ കലാപകാരികളാക്കി അവതരിപ്പിച്ച് സംയമന കര്‍തൃത്വം കെട്ടിച്ചമക്കുന്നത് സ്വന്തം അണികളെ പോലും നിയന്ത്രിക്കാന്‍ കഴിയാത്തവരുടെ പേരിലാണെന്നത് എന്തൊരു വൈരുദ്ധ്യമാണ്! മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ പടച്ചുവിടപ്പെട്ട എല്ലാ വാഴ്ത്തുപാട്ടുകളും ഇന്നും നിലനില്‍ക്കുന്നത് അദ്ദേഹം കൂടുതല്‍ സംസാരിക്കാത്ത ഒരാളായത് കൊണ്ട് മാത്രമാണ്. മൗനമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ മൂലധനം.
ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ നയിക്കാനുള്ള ധിഷണാപരമോ സംഘടനാശാസ്ത്രപരമോ നേതൃപരമോ ആയ യാതൊരു ശേഷിയും ബഹുമാന്യരായ മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. പാര്‍ട്ടി അധ്യക്ഷന്‍, സംഘാടകന്‍, സമുദായ നേതാവ് എന്നീ നിലകളില്‍ അദ്ദേഹം പരാജയപ്പെട്ട കാഴ്ചകളുടേതാണ് നമുക്കു മുന്നിലുള്ള കേരള മുസ്‌ലിം രാഷ്ട്രീയ ചരിത്രം.
സ്വാര്‍ത്ഥമായ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി പാണക്കാട് തങ്ങളെ ആയുധമാക്കി ഉപയോഗിച്ചവരാണ് തങ്ങളുടെ തൊപ്പിയില്‍ പുരണ്ട പരാജയക്കറകളുടെ പരിപൂര്‍ണ്ണ ഉത്തരവാദി. ഈ വസ്തുതകളോട് കണ്ണടച്ച് കേരള മുസ്‌ലിങ്ങള്‍ കൈവരിച്ച സര്‍വ്വ നേട്ടങ്ങളുടെയും പിന്നില്‍ ശിഹാബ് തങ്ങളാണെന്ന് അവകാശപ്പെട്ട് വ്യാജ ചരിത്ര രചന നടത്തുന്നവര്‍ മഹാനവര്‍കളെ പരിഹാസ്യനായി അവതരിപ്പിക്കുകയാണ്.
പാഠം ഉള്‍കൊണ്ട് തിരുത്തുന്നതിന് പകരം ഈ പരിഹാസ്യ വേഷം കെട്ടലിന്റെ തുടര്‍ച്ചയില്‍ ആത്മസായൂജ്യമണയുകയാണ് അധികാരത്തിന്റെ മത്ത് പിടിച്ച പാണക്കാട്ടെ മൂന്നാം തലമുറയും അവരെ കെട്ടിയാടിക്കുന്ന പി.ആര്‍. ഏജന്‍സികളും.
Content Highlight: Jawad Mustafa V Writes About Kerala Muslims And Panakkad Thravaadu