Advertisement
Film News
ഒറ്റ വര്‍ഷത്തില്‍ രണ്ടാമത്തെ 1000 കോടി; ഇതൊക്കെയാണ് തിരിച്ചുവരവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 25, 11:16 am
Monday, 25th September 2023, 4:46 pm

ഷാരൂഖ് ഖാന്‍ ചിത്രം ജവാന് 1000 കോടി നേട്ടം. 1004.92 കോടിയാണ് ജവാന്‍ ഇതുവരെ നേടിയത്. സംവിധായകന്‍ അറ്റ്‌ലിയാണ് ഈ വിവരം പങ്കുവെച്ചത്. ഇതോടെ ഒരേ വര്‍ഷം 1000 കോടി കളക്ഷന്‍ നേടിയ ആദ്യ ഇന്ത്യന്‍ സിനിമാ താരം എന്ന റെക്കോഡ് കുറിച്ചിരിക്കുകയാണ് കിങ് ഖാന്‍.

2023 ജനുവരിയില്‍ റിലീസ് ചെയ്ത ഷാരൂഖിന്റെ പത്താന്‍ 1050 കോടി നേടിയിരുന്നു. പരാജയങ്ങളുടെ പടുകുഴിയില്‍ വീണുകിടന്നപ്പോള്‍ ബ്രേക്ക് എടുത്ത്, നാല് വര്‍ഷത്തിന് ശേഷം രണ്ട് വമ്പന്‍ ഹിറ്റുകള്‍ നേടി സ്വപ്‌നതുല്യമായ തിരിച്ചുവരവാണ് ഷാരൂഖ് നടത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങളില്‍ ദംഗല്‍, ബാഹുബലി 2, ആര്‍.ആര്‍.ആര്‍. എന്നിവയാണ് 1000 കോടി നേടിയ മറ്റ് ചിത്രങ്ങള്‍. ആമിര്‍ ഖാന്റെ ദംഗല്‍ 2000 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. ദംഗല്‍ ആഗോളതലത്തില്‍ ആകെ 2024 കോടി നേടിയിരുന്നു.

രാജമൗലിയുടെ സംവിധാനത്തില്‍ പ്രഭാസ് നായകനായ ബാഹുബലി 2 നേടിയത് 1810 കോടിയാണ്. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും നായകന്‍മാരായ ആര്‍.ആര്‍.ആര്‍. 1250 കോടി നേടിയപ്പോള്‍ പ്രശാന്ത് നീല്‍ ചിത്രം കെ.ജി.എഫ്. 2 നേടിയത് 1250 കോടിയാണ്.

നയന്‍താരയാണ് ജവാനില്‍ ഷാരൂഖിന്റെ നായികയായത്. ദീപിക പദുക്കോണ്‍, പ്രിയാമണി, സുനില്‍ ഗോവന്‍, സാന്യ മല്‍ഹോത്ര, ലെഫര്‍ ഖാന്‍, സഞ്ചിത ഭട്ടാചാര്യ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Jawaan movie enters 1000 crore club