സ്പാനിഷ് ആരാധകരിൽ നിന്നും റൊണാൾഡോ നേരിട്ട ആ അപമാനം വളരെ വലുതായിരുന്നു: ലാ ലിഗ തലവൻ
Football
സ്പാനിഷ് ആരാധകരിൽ നിന്നും റൊണാൾഡോ നേരിട്ട ആ അപമാനം വളരെ വലുതായിരുന്നു: ലാ ലിഗ തലവൻ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th February 2024, 9:44 am

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്‌പെയിനില്‍ കളിക്കുമ്പോള്‍ അവിടത്തെ ആരാധകരില്‍ നിന്നും നേരിടേണ്ടി വന്ന അനാദരവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ലാലിഗ പ്രസിഡന്റായ ഹാവിയര്‍ ടെബാസ്. എ. ബോലോയുടെ അഭിമുഖത്തിലൂടെ പ്രതികരിക്കുകയായിരുന്നു ലാ ലിഗ പ്രസിഡന്റ്.

‘ആളുകള്‍ ‘പോര്‍ച്ചുഗീസ്’ എന്ന് വിളിക്കുന്നത് ഞാന്‍ നന്നായി ഓര്‍ക്കുന്നു. എന്നാല്‍ ഞാന്‍ പ്രസിഡന്റ് ആയ സമയത്ത് ഇതിനെതിരെ അപ്പോള്‍ തന്നെ നടപടിയെടുത്തു. എനിക്ക് നല്‍കാന്‍ സാധിക്കുന്ന എല്ലാ പരാതികളും ഞാന്‍ നല്‍കി അതുകൊണ്ടു തന്നെ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇവിടത്തെ ആളുകളില്‍ നിന്നുണ്ടാകുന്ന ബഹുമാനക്കുറവ് എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ എനിക്ക് സാധിച്ചു,’ ടെബാസ് പറഞ്ഞു.

റൊണാള്‍ഡോ 2015 റയല്‍ മാഡ്രിനായി കളിക്കുന്ന സമയത്ത് ‘ റൊണാള്‍ഡോ ഒരു മദ്യപാനിയാണ്’ എന്ന് ആരാധകര്‍ പരിഹാസം ഉയര്‍ത്തിയിരുന്നു. ഈ സംഭവങ്ങളെക്കുറിച്ചും ലാ ലിഗ പ്രസിഡന്റ് പറഞ്ഞു.

‘ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ ആരാണിത് ചെയ്തത് എന്നും അത് തിരിച്ചറിയാനും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ഞങ്ങളെല്ലാ മാര്‍ഗവും ഉപയോഗിക്കുന്നു. സ്പാനിഷ് ഫുട്‌ബോള്‍ ഒരിക്കലും വംശീയത നിറഞ്ഞതല്ല. ഫുട്‌ബോള്‍ വംശീയപരമായി കാണുന്ന ഒരുപാട് ആളുകളുണ്ട് അവരെ ഞങ്ങള്‍ക്കാവശ്യമില്ല,’ ടെബാസ് കൂട്ടിച്ചേര്‍ത്തു.

2009 ലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും റയല്‍ മാഡ്രിഡില്‍ എത്തുന്നത്. പിന്നീട് സാന്റിയാഗോ ബെര്‍ണബ്യുവില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഒരു അവിസ്മരണീയമായ കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്തുകയായിരുന്നു.

2018 ലാണ് റയല്‍ മാഡ്രിഡില്‍ നിന്നും റൊണാള്‍ഡോ യുവന്റസില്‍ എത്തുന്നത്. അവിടെനിന്നും വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കും പിന്നീട് സൗദി വമ്പന്‍മാരായ അല്‍ നസറിലേക്കും താരം ചേക്കേറുകയായിരുന്നു.

ഈ സീസണില്‍ മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിക്കുന്നത്. ഇതിനോടകം തന്നെ 26 ഗോളുകളും 11 അസിസ്റ്റുകളുമാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരം നേടിയത്.

Content Highlight: Javier Tebas talks about Cristaino ronaldo