| Tuesday, 25th April 2023, 2:16 pm

മെസി ബാഴ്‌സലയിലേക്ക് പോവുകയോ പി.എസ്.ജിയില്‍ തുടരുകയോ ഇല്ല; വിശദീകരിച്ച് ലാ ലിഗ പ്രസിഡന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസി അടുത്ത സീസണില്‍ ബാഴ്സലോണയിലോ പി.എസ്.ജിയിലോ ഉണ്ടാകില്ലെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബാസ്.

ബാഴ്സലോണയുടെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ താരത്തെ സൈന്‍ ചെയ്യിക്കാന്‍ ബാഴ്സലോണക്ക് സാധിക്കില്ലെന്നാണ് മറ്റെല്ലാവരെയും പോലെ ടെബാസും പറയുന്നത്.

ഉയര്‍ന്ന സൈനിങ് തുകക്ക് പിന്നാലെ വലിയ പ്രതിഫലം പറ്റിയാണ് നിലവില്‍ മെസി പി. എസ്.ജിയില്‍ കളിക്കുന്നത്. അതിനാല്‍ തന്നെ പാരിസ് ക്ലബ്ബില്‍ നിന്നും ലഭിക്കുന്നതിനെക്കാള്‍ ഉയര്‍ന്ന പ്രതിഫലം ലഭിച്ചാല്‍ മാത്രമേ താരം മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാന്‍ സാധ്യതയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 34 മില്യണ്‍ യൂറോയാണ് പി.എസ്.ജിയില്‍ ഒരു സീസണില്‍ ശമ്പളയിനത്തില്‍ മാത്രം മെസി കൈപറ്റുന്നത്.

‘മെസി ബാഴ്സലോണയിലേക്ക് തിരികെയെത്തണമെങ്കില്‍ കുറെ കാര്യങ്ങളില്‍ മാറ്റം വരുത്തേണ്ടതായിട്ടുണ്ട്. ആദ്യം തന്നെ സാലറി വെട്ടിച്ചുരുക്കേണ്ടി വരും.
കൂടാതെ ക്ലബ്ബ് അവരുടെ നിലവിലെ സ്‌ക്വാഡ് ഡെപ്ത്ത് കുറക്കുകയും വേണം. മെസിയും ബാഴ്സയും ചേര്‍ന്ന് എന്തെങ്കിലും ചെയ്താലേ താരത്തിന് ബാഴ്സയില്‍ കളിക്കാനാകൂ. ഞങ്ങള്‍ക്ക് നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ നിര്‍വാഹമില്ല,’ ടെബാസ് പറഞ്ഞു.

കൂടാതെ മെസി അടുത്ത സീസണില്‍ പി.എസ്.ജിയിലും കളിക്കാന്‍ സാധ്യതയില്ലെന്നും ബാഴ്സയേക്കാള്‍ കുറഞ്ഞ വരുമാനമാണ് പി.എസ്.ജി നേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മെസിയെ എന്തുവില കൊടുത്തും ക്ലബ്ബിലെത്തിക്കാന്‍ ബാഴ്സലോണ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. താരത്തെ ക്ലബ്ബിലെത്തിക്കാനുള്ള ഫണ്ടിനായി അന്‍സു ഫാറ്റിയെയും റഫീഞ്ഞയെയും വില്‍ക്കാന്‍ ബാഴ്സ ആസൂത്രണം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മെസി ക്ലബ്ബിലെത്തി കഴിഞ്ഞാല്‍ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഓഹരി താരത്തിന് നല്‍കാന്‍ ബാഴ്സ തയ്യാറാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നിലവില്‍ പി.എസ്.ജിയില്‍ മികച്ച ഫോമില്‍ തുടരുകയാണ് മെസി. ഈ സീസണില്‍ കളിച്ച 35 മത്സരങ്ങളില്‍ നിന്ന് 20 ഗോളുകളും 17 അസിസ്റ്റുകളുമാണ് താരം അക്കൗണ്ടിലാക്കിയത്.

ലീഗ് വണ്ണില്‍ 32 മത്സരത്തില്‍ നിന്ന് 24 ജയവുമായി 75 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി. ഏപ്രില്‍ 30ന് ലോറിയെന്റിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: Javier Tebas reacts on Lionel Messi’s club transfer

We use cookies to give you the best possible experience. Learn more