ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെന്റ് ജെര്‍മെയ്നില്‍ ലയണല്‍ മെസിക്കെതിരെ മോശമായ പെരുമാറ്റങ്ങളുണ്ടായിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പി.എസ്.ജിയുടെ മുന്‍ അര്‍ജന്റീനന്‍ താരമായ ഹാവിയര്‍ പാസ്റ്റോര്‍.
2022 ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചുകൊണ്ട് അര്‍ജന്റീന കിരീടം ഉയര്‍ത്തിയതിനാലാണ് മെസിക്കെതിരെ പാരീസിലെ ആരാധകരില്‍ നിന്നും പ്രതിഷേധം ഉണ്ടായതെന്നാണ് പാസ്റ്റോര്‍ പറഞ്ഞത്.
‘മെസിയെ സംബന്ധിച്ചിടത്തോളം ഫ്രാന്‍സിനെ തോല്‍പ്പിച്ചുകൊണ്ട് നേടിയ ലോകകപ്പ് പാരീസില്‍ വലിയ സ്വാധീനമുണ്ടാക്കി. അര്‍ജന്റീന ജയിച്ചതിനാല്‍ പാരീസ് ആരാധകര്‍ മെസിക്കെതിരായി മാറി. പക്ഷേ എനിക്ക് അവരോട് കൂടുതലൊന്നും പറയാനില്ല. ഒരു മികച്ച കളിക്കാരനെ കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുന്നത് ശരിയല്ല,’ പാസ്റ്റോര്‍ ഡി മാര്‍സിയോയോട് പറഞ്ഞു.
പി.എസ്.ജി ആരാധകര്‍ക്ക് മെസിയോടുള്ള മനോഭാവത്തെകുറിച്ചും പാസ്റ്റോര്‍ പറഞ്ഞു.
‘ക്ലബ്ബിലെ മറ്റ് താരങ്ങളോടുള്ള ആരാധകരുടെ സമീപനം പോലെതന്നെ മെസിയോട് ചെയ്യുന്ന രീതി എനിക്ക് ഇഷ്ടമല്ല. പക്ഷേ ഫുട്‌ബോളും ആരാധകരും അങ്ങനെയാണ്. അവര്‍ ആരെ ഇഷ്ടപ്പെടണം ആരെ ഇഷ്ടപ്പെടണ്ട എന്ന് തീരുമാനിക്കുന്നത് അവരാണ്,’ അദ്ദേഹം കൂട്ടിചേര്‍ത്തു.
2021ലാണ് ബാഴ്സലോണയോടൊപ്പമുള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ച് മെസി പാരീസിലേക്ക് ചേക്കേറിയത്. പി.എസ്. ജിക്കായി 75 മത്സരങ്ങളില്‍ നിന്നും 32 ഗോളുകളും 34 അസിസ്റ്റുകളും മെസി നേടിയിട്ടുണ്ട്.
ചാമ്പ്യന്‍സ് ലീഗ് കിരീടം പാരിസിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പി.എസ്.ജി സൂപ്പര്‍ താരത്തെ ടീമിലെത്തിച്ചത്. എന്നാല്‍ പാരീസിനൊപ്പം ചാമ്പ്യന്‍സ് ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മെസിക്ക് സാധിച്ചിരുന്നില്ല.
ലീഗ് വണ്‍ കിരീടം മാത്രമാണ് മെസിക്ക് ഫ്രഞ്ച് വമ്പന്‍മാരോടൊപ്പം നേടാനായത്. ഒരുപിടി മികച്ച താരങ്ങളുണ്ടായിട്ടും പ്രതീക്ഷിക്കക്കൊത്ത പ്രകടനം നടത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ആരാധകര്‍ താരങ്ങള്‍ക്കെതിരെ തിരിഞ്ഞിരുന്നു.
ഈ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് മെസി ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയത്. മയാമിക്കായി താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 14 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് മെസി നേടിയത്.
എം.എല്‍.എസ് സീസണ്‍ അവസാനിക്കുമ്പോള്‍ ഇന്റര്‍ മയാമിയുടെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന കിരീടവും മെസിയുടെ നേതൃത്വത്തില്‍ ടീം നേടിയിരുന്നു.
Content Highlight: Javier Pastore talks there was bad behavior from Paris fans against Lionel Messi.