ബ്യൂണസ് ഐറിസ്: പെന്‍ഷന്‍ പരിഷ്‌കരണ ബില്‍ വീറ്റോ ചെയ്യാനൊരുങ്ങി അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലെ. സെനറ്റ് പാസാക്കിയ പെന്‍ഷന്‍ പരിഷ്‌കരണ ബില്ലാണ് മിലെ വീറ്റോ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. പെന്‍ഷന്‍ പരിഷ്‌കരണം ജാവിയര്‍ മിലെയുടെ ചെലവുചുരുക്കൽ പദ്ധതിക്ക് വിരുദ്ധമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പെന്‍ഷന്‍ പരിഷ്‌കരണ ബില്ലിന്റെ ലക്ഷ്യം സര്‍ക്കാരിന്റെ സാമ്പത്തിക പരിപാടിയെ തകര്‍ക്കുക എന്നതാണെന്ന് റിപ്പോര്‍ട്ടുകളില്‍ മിലെയുടെ ഓഫീസ് പ്രതികരിച്ചു. ബില്‍ പ്രകാരം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) 1.2 ശതമാനം സര്‍ക്കാരിന് അധികമായി ചെലവാക്കേണ്ടി വരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
അര്‍ജന്റീന പ്രസിഡന്റ് എന്ത് വില കൊടുത്തും പൗരന്മാര്‍ക്ക് വേണ്ടി സാമ്പത്തിക മിച്ചം നിലനിര്‍ത്തുമെന്നും മിലെയുടെ ഓഫീസ് കൂട്ടിച്ചേര്‍ത്തു. കൂടാതെ പബ്ലിക് അക്കൗണ്ടുകള്‍ക്ക് വിരുദ്ധമായ എന്തും വീറ്റോ ചെയ്യപ്പെടുമെന്ന് മിലെയുടെ വക്താവ് മാനുവല്‍ അഡോര്‍ണി പറഞ്ഞു.
നേരത്തെ രാജ്യത്തെ മൂന്നക്ക-പണപ്പെരുപ്പത്തിന് സമാനമായി പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ അര്‍ജന്റീന സെനറ്റ് ജാവിയര്‍ മിലെയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സെനറ്റ് പെന്‍ഷന്‍ പരിഷ്‌കരണ ബില്‍ പാസാക്കിയത്. ജൂണിലാണ് പ്രസ്തുത ബില്‍ അധോസഭ പാസാക്കിയത്. തുടര്‍ന്ന് വ്യാഴാഴ്ച, എട്ടിനെതിരെ 61 വോട്ടുകള്‍ക്ക് സെനറ്റ് ബില്‍ പാസാക്കുകയായിരുന്നു. ബില്ലിനെ പിന്തുണച്ചവരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും മിലെയുടെ പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്.
കഴിഞ്ഞ ദിവസം രഹസ്യാന്വേഷണ ബജറ്റ് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള പ്രസിഡന്‍ഷ്യല്‍ ഉത്തരവ് കോണ്‍ഗ്രസ് റദ്ദാക്കിയിരുന്നു. ഇതിനായി മാറ്റിവെക്കുന്ന ഫണ്ടുകള്‍ കൂടുതല്‍ അടിയന്തിര സാമൂഹിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ഉത്തരവ് റദ്ദാക്കിയത്.
എന്നാല്‍ മിലെയുടെ നീക്കത്തിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി. പ്രസിഡന്റിന്റെ പരാജയം കോണ്‍ഗ്രസിലെ മിലെയുടെ ദൗര്‍ബല്യത്തെ തുറന്നുകാട്ടുന്നുവെന്നാണ് വിമര്‍ശനം. രാജ്യത്തെ ഇടതുപക്ഷ നേതാക്കളും മധ്യപക്ഷ എം.പിമാരുമാണ് രാജ്യത്ത് അധികാരം കൈയാളുന്നതെന്നും വിമര്‍ശനം ഉയരുകയുണ്ടായി.
നിലവില്‍ സെനറ്റിലെ ഏഴ് സീറ്റുകളില്‍ മാത്രമാണ് മിലേയ്ക്ക് നിയന്ത്രണമുള്ളത്. അതായത് കോണ്‍ഗ്രസിന്റെ 15 ശതമാനം. ഇക്കാരണത്താല്‍ പൊതുചെലവ് വെട്ടിക്കുറയ്ക്കാനും സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കാനും മിലെ ആശ്രയിക്കുന്നത് എക്‌സിക്യൂട്ടീവിനെയാണ്. ഇത് ഒരു രീതിയില്‍ മിലെയുടെ പരിഷ്‌കരണങ്ങള്‍ക്ക് വെല്ലുവിളിയാകുന്നതായാണ് വിലയിരുത്തല്‍. അതേസമയം മിലെ തന്റെ വീറ്റോ അധികാരം ഉപയോഗിച്ചാല്‍ ബില്‍ അസാധുവാകും എന്നത് മറ്റൊരു വസ്തുതയാണ്.
2023 ഡിസംബറിലാണ് ജാവിയര്‍ മിലെ അര്‍ജന്റീന പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. പരമ്പരാഗതമായ കക്ഷികളെ മാറ്റിനിര്‍ത്തിക്കൊണ്ടാണ് വോട്ടര്‍മാര്‍ മിലെയെ തെരഞ്ഞെടുത്തത്. 56 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മിലി പ്രസിഡന്റ് സ്ഥാനത്തെത്തിയത്.
പദവിയിലേറി ആറ് മാസങ്ങള്‍ക്ക് ശേഷം മിലെ തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ സാമ്പത്തിക പരിഷ്‌കരണ ബില്‍ സെനറ്റിന്റെ അംഗീകാരത്തോടെ പാസാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നൂറുകണക്കിന് ആളുകളാണ് മിലെയുടെ സാമ്പത്തിക പരിഷ്‌കരണത്തിനെതിരെ അര്‍ജന്റീനയുടെ തെരുവിലിറങ്ങിയത്.
ഡൊണാള്‍ഡ് ട്രംപിന്റെയും ബൊള്‍സനാരോയുടെയും പിന്തുടര്‍ച്ചക്കാരനായി എത്തിയ മിലെ രണ്ടു വര്‍ഷം മുമ്പാണ് ‘ലിബാര്‍ട്ടസ് അവന്‍സ’ എന്ന പാര്‍ട്ടിയിലൂടെ അര്‍ജന്റീനയില്‍ സാന്നിധ്യമറിയിക്കുന്നത്. തുടര്‍ന്ന് ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ ഉള്‍പ്പെടെ മിലെ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Content Highlight: Javier Mille to veto Senate-passed pension reform bill