ബ്യൂണസ് ഐറിസ്: അര്‍ജന്റീന അണ്ടര്‍ 20 ടീമിന്റെ പുതിയ പരിശീലകനായി മുന്‍ അര്‍ജന്റൈന്‍ താരം ഹാവിയര്‍ മഷറാനോ ചുമതലയേറ്റു. 2020ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷമാണ് ‘ആല്‍ബി സെലസ്റ്റസി’ന്റെ യുവനിരയെ വാര്‍ത്തെടുക്കാനുള്ള ദൗത്യം താരമേറ്റെടുത്തിരിക്കുന്നത്.
ഫെര്‍ണാണ്ടോ ബാറ്റിസ്റ്റയായിരുന്നു ഇതിന് മുന്‍പ് അര്‍ജന്റൈന്‍ അണ്ടര്‍ 20 ടീമിന്റെ പ്രധാന പരിശീലകന്‍. എന്നാല്‍ ബാറ്റിസ്റ്റ് വെനസ്വലെ ദേശീയ ടീമിന്റെ സഹപരിശീലകനായി ചുമതലയേറ്റതോടെയാണ് മഷറാനോ പരിശീലകന്റെ ചുമതലയേറ്റെടുക്കുന്നത്.
2001ലായിരുന്നു മഷറാനോയുടെ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അരങ്ങറ്റം. അണ്ടര്‍ 17 ടീമിന് വേണ്ടിയായിരുന്നു താരം ആദ്യമായി അര്‍ജന്റീനയുടെ ഇളംനീല കുപ്പായമണിഞ്ഞത്.
ഒരുകാലത്ത് അര്‍ജന്റീനയുടെ മധ്യനിരയിലെ വിശ്വസ്ഥനായിരുന്ന മഷറാനോ 147 കളികളില്‍ ടീമിനായി ബൂട്ടുകെട്ടി. ഡിഫന്‍സീവ് മിഡ് ഫീല്‍ഡറായും സെന്‍ട്രല്‍ മിഡ് ഫീല്‍ഡറായും തിളങ്ങിയ താരം അര്‍ജന്റീനയുടെ അവിഭാജ്യ ഘടകമായിരുന്നു.
2004ലും 2008ലും തുടര്‍ച്ചയായി അര്‍ജന്റീന ഒളിംപിക് സ്വര്‍ണം നേടിയപ്പോള്‍ താരം ടീമിന്റെ ഭാഗമായിരുന്നു. 2 തവണ അര്‍ജന്റീനയ്ക്കായി ഫുട്‌ബോളില്‍ 2 തവണ സ്വര്‍ണം നേടിയ ഏക കളിക്കാരനുമാണ് മഷറാനോ.
ലിവര്‍പൂളിനും ബാഴ്‌സയ്ക്കും വെസ്റ്റ്ഹാമിനും വേണ്ടിയാണ് മഷറാനോ ക്ലബ് മത്സരങ്ങളിലിറങ്ങിയത്. ലിവര്‍പൂളിനായി 94 മത്സരങ്ങളും ബാഴ്‌സയ്ക്കായി 203 മത്സരങ്ങളുമാണ് താരം കളിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Javier Mascherano to coach Argentina U20 side