| Thursday, 25th July 2024, 10:02 am

ഒളിമ്പിക്സിൽ അർജന്റീനക്ക് കിട്ടിയത് ഇരട്ട തിരിച്ചടി; വെളിപ്പെടുത്തലുമായി മഷറാനോ

സ്പോര്‍ട്സ് ഡെസ്‌ക്

2024 പാരീസ് ഒളിമ്പിക്സില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മൊറോക്കോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്
അര്‍ജന്റീനയെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ നാടകീയമായ സംഭവവികാസങ്ങള്‍ക്കാണ് ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്.

മത്സരത്തില്‍ അര്‍ജന്റീന നേടിയ രണ്ടാമത്തെ ഗോള്‍ വാറിലൂടെ പരിശോധിച്ചുകൊണ്ട് ആ ഗോള്‍ അനുവദിക്കാതിരിക്കുകയായിരുന്നു. മത്സരം കഴിഞ്ഞ് ഒന്നരമണിക്കൂറിന് ശേഷമാണ് വിധി വന്നത്. ഇതോടെ ആദ്യം സമനിലയില്‍ ആയിരുന്ന മത്സരം 2-1ന് മൊറോക്കോ സ്വന്തമാക്കുകയായിരുന്നു.

ഇപ്പോള്‍ മത്സരത്തിനു മുന്നോടിയായി നടന്ന ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അര്‍ജന്റീന പരിശീലകന്‍ ഹാവിയര്‍ മാഷറാണോ. ഒളിമ്പിക്‌സിനുള്ള മത്സരത്തിന്റെ പരിശീലന സമയത്തിനിടെ അര്‍ജന്റീന ടീമില്‍ കവര്‍ച്ച നടന്നുവെന്നാണ് മഷറാനൊ പറഞ്ഞത്. ഇ.എസ്.പി.എന്‍ എഫ്.സിയിലൂടെയാണ് അര്‍ജന്റൈന്‍ പരിശീലകന്‍ ഇക്കാര്യം പറഞ്ഞത്.

‘ഇന്നലെ ഞങ്ങളുടെ പരിശീലന സമയത്ത് അവര്‍ ഞങ്ങളെ കൊള്ളയടിച്ചു. ഒളിമ്പിക്‌സിന്റെ പരിശീലനത്തിനിടെ തിയാഗോ അല്‍മാഡക്ക് ഒരു വാച്ച്, മോതിരം എല്ലാ നഷ്ടപ്പെട്ടു. എന്നാല്‍ പരിശീലനത്തിന് ശേഷം ഞങ്ങള്‍ ഇതൊന്നും പറയാന്‍ ആഗ്രഹിച്ചില്ല,’ ഹാവിയര്‍ മഷറാനൊ പറഞ്ഞു.

അതേസമയം മത്സരത്തിന്റെ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ റഹിമിയിലൂടെ മൊറോക്കോയാണ് ആദ്യം ഗോള്‍ നേടിയത്. അര്‍ജന്റീനയുടെ പ്രതിരോധത്തെ മറികടന്നുകൊണ്ട് ലഭിച്ച ക്രോസില്‍ നിന്നും ഒരു ഫസ്റ്റ് ടച്ചിലൂടെ താരം ലക്ഷ്യം കാണുകയായിരുന്നു.

രണ്ടാം പകുതിയില്‍ 52ാംമിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് റഹീമി മൊറോക്കയുടെ രണ്ടാം ഗോളും നേടി. എന്നാല്‍ 67ാംമിനിട്ടില്‍ സിമിയോണിയിലൂടെ അര്‍ജന്റീന ഒരു ഗോള്‍ മടക്കി. മൊറോക്കന്‍ പോസ്റ്റില്‍ നിന്നും സോളര്‍ ഉതിര്‍ത്ത ഷോട്ടില്‍ നിന്നും ഒരു ഫസ്റ്റ് ടച്ചിലൂടെ താരം ലക്ഷ്യം കാണുകയായിരുന്നു.

ഒടുവില്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അര്‍ജന്റീന അല്‍മാഡയിലൂടെ ഗോള്‍ നേടുകയായിരുന്നു. ഈ ഗോളാണ് നീണ്ട നേരത്തെ പരിശോധനക്ക് ശേഷം ഗോള്‍ ഗോള്‍ ഓഫ്‌സൈഡ് ആണെന്ന് വിധി വരുകയും മൊറോക്കോ വിജയം സ്വന്തമാക്കുകയുമായിരുന്നു.

ജൂലൈ 27ന് ഇറാഖിനെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. അടുത്ത റൗണ്ടിലേക്ക് മുന്നേറണമെങ്കില്‍ വരും മത്സരങ്ങളില്‍ അര്‍ജന്റീനക്ക് മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും.

Content Highlight: Javier Mascherano Talks about A Big Setback of Argentina Team

We use cookies to give you the best possible experience. Learn more