'ഗോഡ്‌സെക്ക് അമ്പലം പണിയുമ്പോള്‍ എന്തുകൊണ്ടാണ് നിങ്ങളുടെ ശബ്ദം ഉയരാത്തത്'; അലിഗഢിലെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിനെതിരെ ജാവേദ് അക്തര്‍
National
'ഗോഡ്‌സെക്ക് അമ്പലം പണിയുമ്പോള്‍ എന്തുകൊണ്ടാണ് നിങ്ങളുടെ ശബ്ദം ഉയരാത്തത്'; അലിഗഢിലെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിനെതിരെ ജാവേദ് അക്തര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd May 2018, 8:11 pm

ലഖ്‌നൗ: അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍ ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന അക്രമാസക്തമായ പ്രതിഷേധത്തിനെതിരെ മുതിര്‍ന്ന ഗാനരചയിതാവ് ജാവേദ് അക്തര്‍. മുഹമ്മദലി ജിന്നയുടെ ഛായാചിത്രം അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍ പ്രദര്‍ശിപ്പിച്ചത് നാണക്കേടാണെങ്കിലും അതിനെതിരെ പ്രതിഷേധിക്കുന്നവര്‍ എന്തുകൊണ്ടാണ് ഗോഡ്‌സെയ്ക്ക് അമ്പലം പണിയുന്നതിനെ എതിര്‍ക്കാത്തതെന്നും ജാവേദ് അക്തര്‍ ചോദിച്ചു.

” ജിന്ന അലിഗഢിലെ വിദ്യാര്‍ത്ഥിയോ അധ്യാപകനോ അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ ഛായാചിത്രംവെക്കുന്നത് നാണക്കേടാണ്. എത്രയും പെട്ടെന്ന് അത് അവിടെനിന്ന് മാറ്റണം. അതേസമയം ജിന്നയുടെ ചിത്രത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ നിര്‍ബന്ധമായും ഗോഡ്‌സെയെ ആദരിക്കാന്‍ അമ്പലം പണിയുന്നതിനെതിരെയും ശബ്ദമുയര്‍ത്തണം.”

അലിഗഢ് യൂണിവേഴ്സിറ്റിയില്‍ നിന്നും മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. അക്രമാസക്തരായ ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധത്തിനു നേരേ പൊലീസ് ലാത്തിവീശുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തിരുന്നു.

അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് യൂണിവേഴ്സിറ്റിക്കു മുന്നില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കയാണ്.


Also Read:  എസ്.സി, എസ്.ടി ആക്ടിന് സ്റ്റേ അനുവദിക്കില്ലെന്ന് സുപ്രീം കോടതി; പാസാക്കിയ നിയമത്തില്‍ മാറ്റം വരുത്താന്‍ കോടതിയ്ക്ക് അധികാരമില്ലെന്ന് കേന്ദ്രം


 

സര്‍വ്വകലാശാലയില്‍ പാകിസ്ഥാന്‍ നേതാവായ മുഹമ്മദലി ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ ബി.ജെ.പി എം.പി സതീഷ് ഗൗതം നേരത്തേ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പാകിസ്ഥാന്‍ നേതാവായ മുഹമ്മദലിയുടെ ചിത്രം സര്‍വ്വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചത് ശരിയായില്ലെന്നായിരുന്നു എം.പിയുടെ വാദം.

ഇതുസംബന്ധിച്ച് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറിനോട് എം.പി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ വിഭജനത്തിനു ശേഷം പാകിസ്ഥാന്‍ സ്ഥാപക നേതാവ് മുഹമ്മദലിയുടെ ചിത്രം എന്തിനാണ് സര്‍വ്വകലാശാലയില്‍ സ്ഥാപിച്ചതെന്നായിരുന്നു എം.പി ചോദിച്ചത്.

WATCH THIS VIDEO: