| Tuesday, 28th February 2017, 8:14 pm

' നിങ്ങളുടെ മനസ്സ് മലിനമാക്കിയത് ആരാണെന്ന് എനിക്കറിയാം ' ; കിരണ്‍ റിജ്ജിജുവിനെതിരെ ഗാനരചയിതാവ് ജാവേദ് അക്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


മുംബൈ: എ.ബി.വി.പിയ്‌ക്കെതിരെ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ നടത്തിയ ഗുര്‍മെഹര്‍ കൗറിനെ വിമര്‍ശിച്ച കേന്ദ്രമന്ത്രി കിരണ്‍ റിജ്ജിജുവിനെതിരെ ഗാനരചയിതാവ് ജാവേദ് അക്തര്‍ രംഗത്ത്. എനിക്കവരെ അറിയില്ല, പക്ഷെ നിങ്ങളുടെ മനസ്സ് മലിനമാക്കിയത് ആരാണെന്ന് എനിക്കറിയാം എന്നായിരുന്നു ജാവേദ് അക്തറിന്റെ ട്വീറ്റ്.

ആരാണ് ഈ ചെറുപ്പക്കാരിയുടെ മനസ്സ് മലിനമാക്കുന്നതെന്ന് ചോദിച്ചു കൊണ്ടായിരുന്നു ഗുര്‍മെഹറിനെതിരെ റിജ്ജിജു രംഗത്തെത്തിയത്.


Also Read: ചെറിയ പനിയുമായി ആശുപത്രിയിലെത്തിയ ജയലളിത കഴിഞ്ഞത് 75 ദിവസം; അമ്മയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യവുമായി ഒ.പി.എസ് പക്ഷം രാഷ്ട്രപതിയെ കണ്ടു


എ.ബി.വി.പിയെ താന്‍ ഭയക്കുന്നില്ലെന്ന് എഴുതിയ പ്ലക്കാര്‍ഡും പിടിച്ചു കൊണ്ടുള്ള ഗുര്‍മെഹറിന്റെ വീഡിയോ നേരത്തെ വൈറലായിരുന്നു. കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളായ ഗുര്‍മെഹര്‍ എന്റെ അച്ഛനെ കൊന്നത് പാകിസ്താനല്ല യുദ്ധമാണെന്നെഴുതിയ പ്ലക്കാര്‍ഡുമായി രംഗത്തെത്തിയതും വിവാദമായിരുന്നു.

ഗുര്‍മെഹറിനെ വിമര്‍ശിച്ച് മുന്‍ ക്രിക്കറ്റ് താരം സെവാഗടക്കമുള്ളവരായിരുന്നു രംഗത്തെത്തിയത്. രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയത് ഞാനല്ല, എന്റെ ബാറ്റാണ് എന്നെഴുതിയ പ്ലക്കാര്‍ഡും പിടിച്ച് നില്‍ക്കുന്ന തന്റെ ചിത്രം ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു സെവാഗ് രംഗത്തെത്തിയത്.

സെവാഗിന് പിന്നാലെ ബോളിവുഡ് താരമായ രണ്‍ദീപ് ഹുദയും ഗുര്‍മെഹറിനെ വിമര്‍ശിച്ചിരുന്നു. ഗുര്‍മെഹറിനെ ബലാത്സംഗം ചെയ്യുമെന്നും മറ്റും ഭീഷണിപ്പെടുത്തി എ.ബി.വി.പി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ഗുര്‍മെഹര്‍ നല്‍കിയ പരാതിയിന്‍ മേല്‍ പൊലീസ് അന്വേഷണം നടന്ന് വരികയാണ്.

Latest Stories

We use cookies to give you the best possible experience. Learn more