| Monday, 1st March 2021, 2:52 pm

'കോടതിയില്‍ ഹാജരായില്ല'; കങ്കണയ്‌ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് മുംബൈ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മാനനഷ്ടക്കേസില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ച് മുംബൈ കോടതി. കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ടാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

മാര്‍ച്ച് ഒന്നിനകം കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി കങ്കണയ്ക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ കങ്കണ ഇതുവരെയും ഹാജരായിട്ടില്ല. ഇതേതുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.

ജാമ്യം ലഭിക്കാവുന്ന വാറണ്ടാണ് കങ്കണയ്‌ക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ളത്. കേസില്‍ അടുത്ത വിചാരണ മാര്‍ച്ച് 22ലേക്ക് മാറ്റി.

കോടതി സമന്‍സ് അയച്ചതിന് പിന്നാലെ പ്രതികരണവുമായി കങ്കണ രംഗത്തെത്തിയിരുന്നു. ഒരു കൂട്ടം കുറുനരികള്‍ക്കിടയിലെ സിംഹമാണ് താനെന്നായിരുന്നു കങ്കണയുടെ പ്രതികരണം.

ജാവേദ് അക്തര്‍ ബോളിവുഡ് മാഫിയയിലെ അംഗമാണെന്നായിരുന്നു കങ്കണ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് ജാവേദ് അക്തര്‍ കങ്കണയ്‌ക്കെതിരെ മാനനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

കങ്കണ തനിക്കെതിരെ അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ജാവേദ് അക്തര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേര് കങ്കണ അനാവശ്യമായി വലിച്ചിഴച്ചുവെന്നും ജാവേദ് അക്തര്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ പറയുന്നുണ്ട്.

നടന്‍ ഹൃത്വിക് റോഷനുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കരുതെന്ന് അക്തര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കങ്കണ പറഞ്ഞിരുന്നു. കങ്കണ ഇത്തരം പ്രസ്താവനകളിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ജാവേദ് അക്തര്‍ പരാതിയില്‍ പറയുന്നു.

നേരത്തെയും വിവാദ പ്രസ്താവനകളുടെ പേരില്‍ കങ്കണയ്‌ക്കെതിരെ സിനിമാ മേഖലയില്‍ നിന്ന് വിമര്‍ശനങ്ങളും പരാതികളും ഉണ്ടായിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Javed Aktar defamation case; Mumbai court warrant against Kankana Ranaut

We use cookies to give you the best possible experience. Learn more