ന്യൂദല്‍ഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തര്‍.
ചരിത്രത്തെ അവഗണിക്കാനുള്ള സംഗീത് സോമിന്റെ വ്യഗ്രതയില്‍ താന്‍ അത്ഭുതപ്പെടുകയാണെന്നും ചരിത്രത്തെ കുറിച്ചുള്ള അജ്ഞതയാണ് അദ്ദേഹത്തെ കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നതെന്നും ജാവേദ് അക്തര്‍ പറയുന്നു.
ആറാം ക്ലാസിലെ കുട്ടികളെ പഠിപ്പിക്കുന്ന ചരിത്രപുസ്തകം ആരെങ്കിലും ഒന്ന് അദ്ദേഹത്തിന് എത്തിച്ചുകൊടുക്കണം. ജഹാംഗീര്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഡോ തോമസ് റോ, ഒരു ശരാശരി ഇംഗ്ലീഷുകാരനേക്കാള്‍ മികച്ച ജീവിത നിലവാരം ഇന്ത്യക്കാരനാണെന്ന് എഴുതിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തുന്നത് എന്താണെന്ന് വെച്ചാല്‍ അക്ബറിനെ വെറുക്കുന്നവര്‍ക്ക് ക്ലൈവിനെ അനുകൂലിക്കുന്നതിനോട് പ്രശ്‌നമൊന്നുമില്ല. ജഹാംഗീറിനെ എതിര്‍ക്കുന്നവരാകട്ടെ യഥാര്‍ത്ഥ കൊള്ളക്കാരായ ഹാസ്റ്റിംഗ്‌സിനെ കുറിച്ച് മിണ്ടുന്നുപോലുമില്ല- ജാവേദ് അക്തര്‍ പറയുന്നു.
ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നായിരുന്നു സംഗീത് സോമിന്റെ പ്രസ്താവന. സ്വന്തം പിതാവിനെ തടങ്കലില്‍ പാര്‍പ്പിച്ചയാളാണ് താജ് മഹലിന്റെ നിര്‍മാതാവായ ഷാജഹാനെന്നും സംഗീത് സോം പറഞ്ഞിരുന്നു.
“ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ നീക്കം ചെയ്യാന്‍ ശ്രമിച്ചയാളാണ് അദ്ദേഹം. ഇത്തരം ആളുകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം നമ്മള്‍ മാറ്റുമെന്നുമായിരുന്നു സംഗീത് സോമിന്റെ വാക്കുകള്‍.
ഉത്തര്‍പ്രദേശിന്റെ ടൂറിസം ബുക്ക്ലെറ്റില്‍ നിന്ന് താജ് മഹലിനെ നീക്കം ചെയ്തത് കുറെയാളുകളെ വിഷമിപ്പിച്ചിട്ടുണ്ട്. എന്നാല്‍ താജ്മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണ് അവകാശപ്പെടാനുള്ളതെന്നും സംഗീത് സോം ചോദിച്ചിരുന്നു.
നേരത്തെ യു.പി സര്‍ക്കാരിന്റെ ടൂറിസ്റ്റ് ബുക്ക്ലെറ്റില്‍ നിന്ന് താജ് മഹലിന് ഒഴിവാക്കുകയും ഗോരഖ്പുര്‍ ക്ഷേത്രം ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. താജ്മഹലിന് ഇന്ത്യന്‍ സംസ്‌കാരവുമായി യാതൊരു ബന്ധവുമില്ലെന്ന് അടുത്തിടെ യോഗി ആദിത്യ നാഥും നിലപാടെടുത്തിരുന്നു.