| Thursday, 2nd January 2020, 4:48 pm

'ഫൈസിന്റെ കവിതയെ ദേശവിരുദ്ധമെന്ന് വിളിക്കുന്നത് അസംബന്ധവും തമാശയും': കാണ്‍പൂര്‍ ഐ.ഐ.ടി നടപടിക്കെതിരെ ജാവേദ് അക്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാണ്‍പൂര്‍: പാകിസ്ഥാനി കവി ഫൈസ് അഹ്മദ് ഫൈസിന്റെ കവിത ഹം ദേഖേംഗേ (നമുക്ക് കാണാം) വിവാദമാക്കിയ കാണ്‍പൂര്‍ ഐ.ഐ.ടിയുടെ നടപടിക്കെതിരെ കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍.

ഫൈസ് അഹ്മദ് ഫൈസിയുടെ കവിത ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പറയുന്നത് അസംബദ്ധവും തമാശയുമാണെന്ന് ജാവേദ് അക്തര്‍ അഭിപ്രായപ്പെട്ടു. ഇത്തരമൊരും അഭിപ്രായം ഉയരുന്നത് ഗൗരവമായി കാണാന്‍ പോലും കഴിയില്ലെന്നും ജാവേദ് അക്തര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പുരോഗമന കവികളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരാളാണ് ഫൈസ് അഹമ്മദ് ഫൈസ് എന്നും ജാവേദ് അക്തര്‍ പറഞ്ഞു.

ഇന്ത്യാ വിഭജനത്തില്‍ ദുഃഖം രേഖപ്പെടുത്തികൊണ്ട് കവിത എഴുതിയയാളാണ് ഫൈസ് അഹമ്മദ് ഫൈസിയെന്നും അദ്ദേഹത്തിന്റെ കവിതയാണ് ഇപ്പോള്‍ ദേശവിരുദ്ധമെന്ന് വിളിക്കപ്പെടുന്നതെന്നും ജാവേദ് അക്തര്‍ കൂട്ടി ചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെ കാണ്‍പുര്‍ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുമ്പോള്‍ ഫൈസിന്റെ ‘ഹം ദേഖേംഗേ’ എന്ന കവിതയിലെ വരികള്‍ ആലപിച്ചു കൊണ്ടായിരുന്നു പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. ഈ സാഹചര്യത്തിലാണ് കവിത മതവികാരം വ്രണപ്പെടുത്തുന്നതാണോ എന്നന്വേഷിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്.

ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കുന്ന് വിദ്യാര്‍ത്ഥികള്‍ ഇന്ത്യക്കെതിരെ വിദ്വേഷം വളര്‍ത്തുകയാണെന്ന് കഴിഞ്ഞ ദിവസം കാണ്‍പുര്‍ ഐ.ഐ.ടിയിലെ പ്രഫസര്‍ പറഞ്ഞിരുന്നു.

കവിത ഹൈന്ദവ വിരുദ്ധമാണെന്ന് പ്രതിഷേധത്തിന്റെ വീഡിയോയില്‍ നിന്ന് മനസിലാക്കുന്നതെന്ന് ഐ.ഐ.ടി കാണ്‍പുരിലെ ഡയറക്ടര്‍ മനീന്ദ്ര അഗര്‍വാളും പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more