തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെ പാര്‍ട്ടിയിലെത്തിക്കാന്‍ നടത്തിയ നീക്കങ്ങള്‍ വെളിപ്പെടുത്തിയ സംഭവത്തില്‍ ശോഭ സുരേന്ദ്രനെതിരെ അതൃപ്തി പ്രകടിപ്പിച്ച് ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കര്‍.
ശോഭ സുരേന്ദ്രന്‍ ചെയ്തത് തെറ്റാണെന്നും വെളിപ്പെടുത്തല്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്തുവെന്നും ബി.ജെ.പി നേതൃയോഗത്തില്‍ ജാവദേക്കര്‍ പറഞ്ഞു. പാര്‍ട്ടി പലരുമായും ചര്‍ച്ച നടത്തുമെന്നും എന്നാല്‍ അതെല്ലാം തുറന്ന് പറയുന്നത് കേരളത്തില്‍ മാത്രമാണെന്നും ജാവദേക്കര്‍ ചൂണ്ടിക്കാട്ടി.
ഇ.പി. ജയരാജനുമായി കൂടിക്കാഴ്ച നടന്നുവെന്ന് സമ്മതിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നടപടിയും ശരിയായില്ലെന്നും ജാവദേക്കര്‍ പറഞ്ഞു. മറ്റ് പാര്‍ട്ടിയിലുള്ളവര്‍ ഇനി ചര്‍ച്ചയ്ക്ക് തയ്യാറാകുമോയെന്നും ജാവദേക്കര്‍ നേതൃയോഗത്തില്‍ ചോദിച്ചു. ദേശീയ നേതാക്കള്‍ നടത്തുന്ന ഇടപെടലുകള്‍ സ്വന്തം പബ്ലിസിറ്റിക്കായി സംസ്ഥാന നേതാക്കള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും ജാവദേക്കര്‍ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ആരംഭിച്ച ബി.ജെ.പി സംസ്ഥാന യോഗത്തില്‍ നിന്ന് കൃഷ്ണദാസ് പക്ഷം വിട്ടുനിന്നു. എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ല.
സംസ്ഥാന നേതൃത്വത്തിന്റെ അവഗണയില്‍ പ്രതിഷേധിച്ചാണ് നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലെ സ്ഥാനാര്‍ത്ഥികളും മുതിര്‍ന്ന നേതാക്കളുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ഇതിനുപുറമെ തന്നെ തോല്‍പ്പിക്കാന്‍ വി. മുരളീധര പക്ഷം ശ്രമിച്ചുവെന്ന് യോഗത്തില്‍ ശോഭ സുരേന്ദ്രന്‍ ആവര്‍ത്തിച്ച് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലിലും സമാന അവസ്ഥ ഉണ്ടായെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
തനിക്കെതിരെ മുരളീധര പക്ഷം നിരന്തരമായി പ്രവര്‍ത്തിക്കുകയാണെന്നും ഈ പക്ഷം ബി.ജെ.പിയെ ഒറ്റുകൊടുക്കുകയാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.
Content Highlight: Javadekar said that it is not right for state leaders to use the interventions of national leaders for their own publicity