| Thursday, 25th April 2024, 3:13 pm

സുരേഷ് ഗോപിയെ ജയിപ്പിച്ചാല്‍ ലാവ്‌ലിന്‍ കേസ് ഒഴിവാക്കാമെന്ന ജാവദേകറിന്റെ ഓഫര്‍ ഇ.പി. നിരസിച്ചു: ദല്ലാള്‍ നന്ദകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനുമായി ബി.ജെ.പി നേതാവ് പ്രകാശ് ജാവദേകര്‍ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് ദല്ലാള്‍ നന്ദകുമാര്‍. ബി.ജെ.പി അഖിലേന്ത്യ നേതാവിനെ കേരളത്തിലെ മുതിര്‍ന്നൊരു സി.പി.ഐ.എം നേതാവ് കണ്ടിരുന്നു എന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞത് ഇ.പി. ജയരാജനെ കുറിച്ചായിരുന്നു എന്നും നന്ദകുമാര്‍ പറഞ്ഞു.

തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കുകയാണെങ്കില്‍ എസ്.എന്‍.സി ലാവ്‌ലിന്‍ കേസും, വൈദേഗം റിസോര്‍ട്ടുമായി ബന്ധപ്പെട്ട കേസും ഒഴിവാക്കിത്തരാമെന്ന് ജാവദേകര്‍ പറഞ്ഞെങ്കിലും ഇ.പി. ജയരാജന്‍ ഈ ഓഫറുകള്‍ നിരസിച്ചെന്നും നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജാവദേക്കര്‍ കാണാന്‍ വരുന്ന കാര്യം ഇ.പി. ജയരാജന് അറിയില്ലായിരുന്നു എന്നും നന്ദകുമാര്‍ പറയുന്നു.

കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ജാവദേകറിന്റെ വീട്ടില്‍ വെച്ച് അമിത് ഷാ ഉറപ്പുതരുമെന്നും അവിടെ വെച്ച് സംസാരിക്കാമെന്നും ഭാഷ പ്രശ്‌നമാണെങ്കില്‍ നന്ദകുമാറിനെ കൂടെ കൂട്ടാമെന്നും ജാവദേകര്‍ പറഞ്ഞെങ്കിലും ഇ.പി. നിരസിച്ചതായും നന്ദകുമാര്‍ പറഞ്ഞു.

‘ഞാനും ഇ.പിയും ഇരിക്കുന്നിടത്തേക്ക് ഒരു ടാക്‌സിയില്‍ ജാവദേകര്‍ വരികയായിരുന്നു. ലെഫ്റ്റിന്റെ സഹായമുണ്ടെങ്കില്‍ ബി.ജെ.പിക്ക് ജയിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എസ്.എന്‍.സി. ലാവ്‌ലിന്‍ കേസ്, സ്വര്‍ണ്ണക്കടത്ത് കേസ്, വൈദൈഗം റിസോര്‍ട്ടുമായി ബന്ധപ്പെട്ട കേസ് ഈ അന്വേഷണങ്ങളെല്ലാം അവസാനിപ്പിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. എന്നാല്‍ വൈദേഗം റിസോര്‍ട്ടുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ചോളൂ എന്ന് ഇ.പി പറഞ്ഞു. അത് പറഞ്ഞ് തന്നെ ബാര്‍ഗൈന്‍ ചെയ്യേണ്ടെന്നും ഇ.പി പറഞ്ഞു.

എങ്ങനെയെങ്കിലും സുരേഷ് ഗോപിയെ ജയിപ്പിക്കണമെന്ന് ജാവദേകര്‍ പറഞ്ഞു. കേരളത്തിലത് നടക്കില്ലെന്ന് ജയരാജനും പറഞ്ഞു. തൃശൂരില്‍ സി.പി.ഐയാണ് മത്സരിക്കുന്നത് എന്നും വിട്ടുവീഴ്ച സാധ്യമല്ലെന്നും ഇ.പി. പറഞ്ഞു. പി.സി. തോമസിനെ ജയിപ്പിക്കാന്‍ ഇസ്മയിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതുപോലൊരു നീക്കം സാധ്യമാണോ എന്നും ജാവദേകര്‍ ചോദിച്ചെങ്കിലും ഇ.പി. നടക്കില്ലെന്ന് പറഞ്ഞു,’ ടി.ജി. നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇ.പി ജയരാജന്‍ ജാവദേകറിനെ അങ്ങോട്ട് പോയി കണ്ടതല്ലെന്നും ജാവദേകര്‍ തനിച്ചാണ് തങ്ങളെ കാണാന്‍ വന്നതെന്നും കേരളത്തിലെ നേതാക്കളെ ജാവദേക്കറിന് വിശ്വാസമില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.

പിന്നീട് എം.വി. ഗോവിന്ദന്റെ ജാഥ തൃശൂരിലെത്തിയപ്പോഴും ജാവദേകര്‍ തൃശൂര്‍ രാമനിലയത്തിലെത്തി ഇ.പിയെ കാണാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷെ നടന്നിട്ടില്ല. അതിനെ കുറിച്ചാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. ഒരിക്കല്‍കൂടി സന്ധിസംഭാഷണം സാധ്യമാകുമോ, ഒരു സീറ്റെങ്കിലും ജയിക്കാന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലത് നടക്കില്ലെന്നും സി.പി.ഐ.എമ്മിനെയും അവരുടെ മുന്നണിയെയും പിളര്‍ത്തല്‍ സാധ്യമല്ലെന്നും ഞാന്‍ പറഞ്ഞു,’ നന്ദകുമാര്‍ പറഞ്ഞു.

കെ. സുധാകരനെയും തങ്ങള്‍ ബി.ജെ.പിയിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം കിട്ടിയതോടെ അദ്ദേഹം പിന്‍മാറുകയായിരുന്നു എന്ന് ജാവദേകര്‍ പറഞ്ഞിരുന്നതായി നന്ദകുമാര്‍ പറയുന്നു. അല്ലെങ്കില്‍ സുധാകരന്‍ ഇന്ന് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റാകുമായിരുന്നു.

കെ. മുരളീധരനുമായും ബി.ജെ.പിയിലേക്ക് വരാന്‍ വേണ്ടി സംസാരിച്ചിരുന്നതായും നന്ദകുമാര്‍ പറഞ്ഞു. പ്രതിപക്ഷനേതൃസ്ഥാനം നഷ്ടപ്പെട്ട രമേശ് ചെന്നിത്തലയുമായും സംസാരിച്ചിരുന്നതായും പ്രകാശ് ജാവദേകറിനെ ഉദ്ധരിച്ച് കൊണ്ട് നന്ദകുമാര്‍ പറഞ്ഞു.

content highlights: Javadekar’s offer to drop the Lovelin case if Suresh Gopi wins EP jayaran Rejected: Dallal Nandakumar

We use cookies to give you the best possible experience. Learn more