| Monday, 2nd July 2018, 11:20 pm

ജാവ ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ വീണ്ടും എത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജാവ ബൈക്കുകള്‍ വീണ്ടും ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ എത്തുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് ജാവ ബൈക്കുകള്‍ അവതരിപ്പിക്കുക. 2016ലാണ് ജാവ, ബി.എസ്.എ കമ്പനികളെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്വന്തമാക്കിയത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് ജാവ ബൈക്കുകള്‍ നിര്‍മിക്കാനുള്ള ചുമതല. മധ്യപ്രദേശിലെ പിതാംബൂര്‍ നിര്‍മാണശാലയില്‍ ഇതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ മഹീന്ദ്ര തുടങ്ങി.

അടുത്തവര്‍ഷം ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം. അതേസമയം, പുറത്തുവരുന്ന ജാവ ബൈക്കുകള്‍ക്ക് മഹീന്ദ്രയുടെ ബ്രാന്‍ഡിംഗുണ്ടാകില്ല. ജാവ ബൈക്കുകള്‍ക്ക് വേണ്ടി പ്രത്യേക വിപണന ശൃഖലയ്ക്കും മഹീന്ദ്ര തുടക്കം കുറിക്കും.


Also Read:  തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയവരെ കണ്ടെത്തി: എല്ലാവരും സുരക്ഷിതരെന്ന് ഗവര്‍ണര്‍


ജാവ ബൈക്കുകളെ പ്രാദേശികമായി നിര്‍മിച്ച് ഉത്പാദന ചെലവു കുറയ്ക്കാനുള്ള തീരുമാനത്തിലാണ് മഹീന്ദ്ര. മോജോയുടെ അടിത്തറയാകും ജാവ ബൈക്കുകള്‍ക്ക് കിട്ടുക. മോജോ യു.ടി 300, എക്‌സ്.ടി 300 മോഡലുകളിലുള്ള 300 സി.സി ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ ജാവ ബൈക്കുകള്‍ക്കും കരുത്തുപകരും.

ഇതിനു പുറമെ ചെറിയ എന്‍ജിനുള്ള 250 സി.സി ജാവ ബൈക്കുകളെ കൂടി വിപണിയില്‍ കൊണ്ടുവരാന്‍ മഹീന്ദ്രയ്ക്ക് ആലോചനയുണ്ട്. റെട്രോ മുഖമായിരിക്കും പുതിയ ജാവ ബൈക്കുകള്‍ക്ക്. മോജോയുടെ അടിത്തറയായതിനാല്‍ നിര്‍മാണ ചെലവുകള്‍ ഗണ്യമായി വെട്ടിച്ചുരുക്കാന്‍ മഹീന്ദ്രയ്ക്ക് കഴിയും.

രണ്ടു മുതല്‍ മൂന്നു ലക്ഷം രൂപ വരെ മോഡലുകള്‍ക്ക് വില പ്രതീക്ഷിക്കാം. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളോടാണ് രണ്ടാം വരവില്‍ ജാവ ബൈക്കുകള്‍ മത്സരിക്കുക. കഴിഞ്ഞ മെയ് മാസം പുതിയ ജാവ 350 സ്പെഷ്യല്‍ കഫെ റേസര്‍ മോഡല്‍ ചെക്ക് നിര്‍മാതാക്കള്‍ അവതരിപ്പിച്ചിരുന്നു.


Also Read:  നെയ്മറും ഫിര്‍മിനോയും വലകുലുക്കി; മെക്സിക്കോയെ തകര്‍ത്ത് കാനറികള്‍ ക്വാര്‍ട്ടറില്‍


ഈ മോഡല്‍ യൂറോപ്യന്‍ വിപണിയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. ശ്രദ്ധയാകര്‍ഷിക്കുന്ന റെട്രോ ശൈലിയാണ് ജാവ 350 സ്‌പെഷ്യലിന്. നീണ്ട വലിയ ഫെയറിംഗാണ് ബൈക്കില്‍ എടുത്തുപറയേണ്ട വിശേഷം.

പഴമ വിളിച്ചോതുന്ന നിറശൈലിയും വട്ടത്തിലുള്ള ഹെഡ്‌ലാമ്പും ജാവ 350 സ്‌പെഷ്യലിന്റെ പ്രത്യേകതകളാണ്. കഫേ റേസറുകളെ മാതൃകയാക്കിയാണ് ജാവ 350 സ്‌പെഷ്യലിന്റെ രൂപകല്‍പന. തൊണ്ണൂറുകളില്‍ അസ്തമിച്ച ജാവ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ ഇന്നും വന്‍ പ്രചാരമുണ്ട്. ഇതു മുന്നില്‍ക്കണ്ടാണ് മഹീന്ദ്രയുടെ നീക്കം.

We use cookies to give you the best possible experience. Learn more