ആകെ കൂളാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. കളിക്കളത്തിലും ഡ്രസ്സിങ് റൂമിലും മീഡിയക്ക് മുന്നിലുമെല്ലാം തന്നെ ഒരു മുഖംമൂടിയുമില്ലാതെ കാര്യങ്ങള്‍ തുറന്നു പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം.
രോഹിത്തിന്റെ ഈ ഫണ്‍-കൂള്‍ ആറ്റിറ്റിയൂഡും ഫ്രാങ്ക്‌നെസ്സും കാരണം സഹതാരങ്ങള്‍ക്കിടയിലും അദ്ദേഹത്തിന് ഒരു പ്രത്യേക സ്ഥാനമാണുള്ളത്. രോഹിത്തിന്റെ ഈ ഫ്രാങ്ക്‌നെസ് വ്യക്തമായ ഒരു നിമിഷമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.
ഏഷ്യാ കപ്പില്‍ ഇന്ത്യ – ഹോങ്കോങ് മത്സരത്തിന് മുമ്പായിരുന്നു രോഹിത് ശര്‍മയുള്‍പ്പെട്ട ഒരു രസകരമായ സംഭവം നടന്നത്. മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താനും സഞ്ജയ് ഭാംഗര്‍ക്കുമൊപ്പം ജതിന്‍ സപ്രു ഇന്ത്യയുടെ സാധ്യതാ ഇലവനെ കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പ്രീ മാച്ച് ഷോയിലായിരുന്നു സംഭവം നടന്നത്. ഇന്ത്യന്‍ സ്‌ക്വാഡില്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രാധാന്യത്തെ കുറിച്ച് ജതിന്‍ സപ്രു ചര്‍ച്ച ചെയ്യുകയയായിരുന്നു.
ഹര്‍ദിക് പാണ്ഡ്യ മികച്ച ക്യാപ്റ്റനാണെന്നും ഫാന്റസി ക്രിക്കറ്റ് കളിക്കുന്നവരുടെ ഫസ്റ്റ് ക്യാപ്റ്റന്‍ ചോയ്‌സ് ഹര്‍ദിക് പാണ്ഡ്യയാണെന്നുമായിരുന്നു സുപ്രു പറഞ്ഞത്. ഹര്‍ദിക്കിനെ ക്യാപ്റ്റനാക്കുന്നതിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നതിനിടെയാണ് കുറച്ചു മീറ്റര്‍ മാത്രം ദൂരെ ഷോട്ട് പ്രാക്ടീസ് ചെയ്യുന്ന രോഹിത് ശര്‍മയെ സപ്രു കണ്ടത്.
രസകരമായ കാര്യമെന്തെന്നാല്‍ ഇതെല്ലാം രോഹിത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു എന്നതായിരുന്നു. രോഹിത്തിനെ കണ്ട് ഉടന്‍ തന്നെ ‘ഫാന്റസി ടീമിന് പല ക്യാപ്റ്റനും ഉണ്ടായേക്കാം, എന്നാല്‍ നമ്മുടെ ക്യാപ്റ്റന്‍ ഒരേയൊരാള്‍ മാത്രമാണെ’ന്ന് സപ്രു പറയുകയുമായിരുന്നു.
സംഭവം മനസിലാക്കിയ ഇര്‍ഫാന്‍ പത്താനും ഭാംഗറും പൊട്ടിച്ചിരിക്കാന്‍ തുടങ്ങിയിരുന്നു.
ഇതെല്ലാം കേട്ടുകൊണ്ടിരുന്ന രോഹിത് ‘ഇതൊന്നും കേള്‍ക്കാന്‍ വയ്യ, ഞാന്‍ പോവാണ്’ എന്ന മട്ടില്‍ ‘മേം ജാ രഹാ ഹു ഭായ്’ എന്ന് പറയുകയായിരുന്നു.
ഇതെല്ലാം കണ്ടും കേട്ടും നിന്ന ഇര്‍ഫാന്‍ പത്താന്‍ രോഹിത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നും 2007ല്‍ എങ്ങനെയായിരുന്നു അതുപോലെ തന്നെയാണ് ഇപ്പോഴും എന്ന് പറയുകയായിരുന്നു.
‘അവന്‍ ഒട്ടും മാറിയിട്ടില്ല. 2007ല്‍ അവന്‍ എങ്ങനെയായിരുന്നോ, അതുപോലെയാണ് 2022ലും. അവന്‍ എപ്പോഴും റിലാക്‌സ്ഡാണ്,’ എന്നായിരുന്നു പത്താന്‍ പറഞ്ഞത്.
കഴിഞ്ഞ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയിരുന്നു. ഓപ്പണറായി ഇറങ്ങിയ രോഹിത് 13 പന്തില്‍ നിന്നും 21 റണ്‍സെടുത്ത് പുറത്തായി. വിരാട് കോഹ്‌ലിയും സൂര്യകുമാര്‍ യാദവും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യ 20 ഓവറില്‍ 192 റണ്‍സെടുത്തിരുന്നു.