| Saturday, 20th February 2016, 12:00 pm

ജാട്ട് സംവരണപ്രക്ഷോഭത്തില്‍ ഹരിയാന കത്തുന്നു: രാജ്‌നാഥ് സിങ് അടിയന്തരയോഗം വിളിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:: ഹരിയാനയില്‍ സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗം നടത്തുന്ന പ്രക്ഷോഭം കനക്കുന്നു. ഹരിയാനയിലെ റോഹ്തക്ക്, ഭിവാനി എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.

അക്രമം കനത്തതോടെ ഹരിയാന വഴിയുള്ള നൂറോളം ട്രെയിനുകള്‍ റദ്ദാക്കി. നിരവധി ബസ് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് അടിയന്തരയോഗം വിളിച്ചു. യോഗത്തില്‍ ധനമന്ത്രിയും പ്രതിരോധ മന്ത്രിയും പങ്കെടുക്കുന്നുണ്ട്.

അക്രമികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പ്രക്ഷോഭക്കാര്‍ റോഡ് ഉപരോധിച്ചിരിക്കുന്നതിനാല്‍ സൈന്യം ഹെലികോപ്റ്റര്‍ വഴിയാണ് പ്രക്ഷോഭമേഖലയിലേക്ക് എത്തിച്ചേരുന്നത്.

ഗുഡ്ഗാവില്‍ പ്രധാന ഹൈവേകളും മറ്റു നിരത്തുകളും സമരക്കാര്‍ ഉപരോധിക്കുന്നതായാണ് റിപ്പോര്‍ട്ട്. സൈനികര്‍ സ്ഥലത്തെത്തുന്നത് തടയുന്നതിനായാണ് പ്രക്ഷോഭകര്‍ നിരത്തുകള്‍ ഉപരോധിക്കുന്നത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കിയിട്ടുണ്ട്. അതേസമയം, അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖാട്ടര്‍ രംഗത്തെത്തി.

ജാട്ട് സമുദായത്തിന് സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു ഡ്രാഫ്റ്റ് ബില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ തയാറാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിര്‍ദേശങ്ങള്‍ തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്നലെ അര്‍ദ്ധരാത്രി പ്രക്ഷോഭകര്‍ ബി.ജെ.പി എം.പി രാജ്കുമാര്‍ സൈനിയുടെ വീടിന് നേരെ ആക്രമണം നടത്തിയിരുന്നു. മൂന്ന് ബസുകള്‍ക്കും ടോള്‍ ബൂത്തിനും ഇവര്‍ തീയിട്ടു.

നേരത്തെ  സമരം നിയന്ത്രണാതീതമായതോടെ ക്രമസമാധാനത്തിനു സൈന്യം രംഗത്തിറങ്ങിയിരുന്നു. ദേശീയ തലസ്ഥാന മേഖലയില്‍ ഉള്‍പ്പെടുന്ന റോത്തക്കില്‍, ഹരിയാന ധനമന്ത്രിയുടെ വസതിയിലേക്കു പ്രതിഷേധക്കാര്‍ നടത്തിയ പ്രകടനത്തിനു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്കു ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രതിഷേധക്കാര്‍ നിരവധി പൊലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും ഐ.ജിയുടേയും ധനകാര്യ മന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വീട് ആക്രമിക്കുകയും ചെയ്തു.സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകരെയും പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്തു. നിരവധി സ്വകാര്യ വാഹനങ്ങളും പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിച്ചു.

ഏതാനുംദിവസമായി ജാട്ട് പ്രക്ഷോഭത്തില്‍ പുകയുകയാണ് ഹരിയാന. ഉദ്യോഗത്തിലും വിദ്യാലയപ്രവേശത്തിലും സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണ ക്വോട്ട ഉയര്‍ത്തി നിശ്ചയിക്കണമെന്നാണ് ഇവരുടെ ആവശ്യം.

We use cookies to give you the best possible experience. Learn more