ന്യൂദല്‍ഹി: സംവരണം അനുവദിച്ചില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് ജാട്ട് നേതാക്കള്‍. സമുദായത്തിന് സംവരണം നല്‍കാതെ വഞ്ചിക്കുന്ന സര്‍ക്കാര്‍ വെറും ഏഴ് ദിവസം കൊണ്ട് സവര്‍ണര്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ചെന്നും നേതാക്കള്‍ പറഞ്ഞു.
യു.പി, രാജസ്ഥാന്‍, ഹരിയാന, ദല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ജാട്ട് നേതാക്കളുടെ കീഴില്‍ ആള്‍ ഇന്ത്യാ ജാട്ട് ആരക്ഷണ്‍ ബച്ചാവോ മഹാ ആന്ദോളന്‍ സമ്മേളനത്തിലാണ് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും മായാവതിയ്ക്ക് പിന്തുണ നല്‍കുമെന്നും നേതാക്കള്‍ പ്രഖ്യപിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ യു.പി.എ തങ്ങള്‍ക്ക് സംവരണം അനുവദിച്ചിരുന്നു. പക്ഷെ സുപ്രീംകോടതിയില്‍ ഇതിനെതിരെ നീക്കം വന്നപ്പോള്‍ എന്‍.ഡി.എ സര്‍ക്കാര്‍ മനപൂര്‍വ്വം കേസ് വാദിക്കാതെ സംവരണം പാഴാക്കി കളഞ്ഞുവെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.
സംവരണം ആവശ്യപ്പെട്ട് കൊണ്ട് വര്‍ഷങ്ങളായി ആയിരക്കണക്കിന് യോഗങ്ങളും റാലികളും നടത്തിയിട്ടുണ്ട്. നിരവധി ചെറുപ്പക്കാര്‍ ഇതിന്റെ പേരില്‍ ഇപ്പോഴും ജയിലിലാണ്. പക്ഷെ മുന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കാന്‍ വേണ്ടി സര്‍ക്കാരിന് ഏഴ് ദിവസമേ വേണ്ടി വന്നുള്ളൂ. ജാട്ട് നേതാവായ ഡോ. പ്രേംകുമാര്‍ പറഞ്ഞു.
മൂന്നു വര്‍ഷം മുമ്പ് ഹരിയാനയില്‍ സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗം നടത്തിയ സമരത്തിനിടെ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു.
മോദി അധികാരത്തില്‍ വന്നതിന് ശേഷം കേവലം ഉറപ്പുകളാണ് നല്‍കി കൊണ്ടിരിക്കുന്നതെന്നും സമുദായത്തിന് സ്വാധീനമുള്ള 131 ലോക്‌സഭാ മണ്ഡലങ്ങളിലും ബി.ജെ.പിയ്‌ക്കെതിരെ പ്രചാരണം നടത്തുമെന്നും ജാട്ട് ആരക്ഷണ്‍ ബച്ചാവോ മഹാ ആന്ദോളന്‍ നേതാവ് ധരംവീര്‍ ചൗധരി പറഞ്ഞു.
2015ല്‍ ജാട്ട് സംവരണത്തിന് വേണ്ടി വെങ്കയ്യനായിഡുവിന്റെ കീഴില്‍ ബി.ജെ.പി രൂപീകരിച്ച സമിതി ഒരിക്കല്‍ പോലും യോഗം ചേര്‍ന്നിട്ടില്ലെന്നും പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കാത്ത എം.പിമാരെ സമുദായം ഷൂ കൊണ്ട് സ്വാഗതം ചെയ്യണമെന്നും ധരംവീര്‍ പറഞ്ഞു.