[share]
[] ന്യൂദല്‍ഹി: ബി.ജെ.പി വിടാനുളള തീരുമാനത്തിലുറച്ച് പാര്‍ട്ടി മുതിര്‍ന്ന നേതാവ് ജസ്വന്ത് സിങ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്റെ ജന്മനാടായ ബാര്‍മര്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി വിടാനൊരുങ്ങുകയാണെന്ന് അദ്ദേഹം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
അതേ സമയം സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ച ജസ്വന്ത് സിങ് നാളെ നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കും. വീട്ടുവീഴ്ച രാഷ്ട്രീയത്തിന് തയ്യാറല്ലെന്ന് പറഞ്ഞ ജസ്വന്ത് സിങ് പാര്‍ട്ടി തന്നെ അവഹേളിച്ചെന്നും നേതാക്കളുടെ വാക്കുകള്‍ വേദനിപ്പിക്കുന്നതായിരുന്നെന്നും പറഞ്ഞു.
76കാരനായ തന്റെ അവസാനത്തെ പൊതു തിരഞ്ഞെടുപ്പ് മത്സരമാണിതെന്ന് പറഞ്ഞ ജസ്വന്ത് തന്റെ ജന്മനാടായ ബാര്‍മറില്‍ നിന്ന മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ഈ ആവശ്യം തള്ളുകയായിരുന്നു. ജാട്ട് സമുദായത്തില്‍ നിന്നുള്ള വോട്ട് നേടുന്നതിനായി ആ സമുദായത്തിലെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ അഭിപ്രായം കണക്കിലെടുത്ത് കോണ്‍ഗ്രസ് വിട്ടുവന്ന മുന്‍ എം.പി സോനാറാം ചൗധരിയെ ബാര്‍മറില്‍ നിന്ന് മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു.
ബാര്‍മറില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേ സമയം ജസ്വന്ത് സിങിന് പിന്തുണയുമായി സുഷമ സ്വരാജ് രംഗത്തെത്തിയിരുന്നു. ജസ്വന്ത് സിങിന് സീറ്റ് നല്‍കാത്തത് വേദനിപ്പിച്ചുവെന്ന് ബി.ജെ.പി നേതാവും പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗവും കൂടിയായ അവര്‍ പറഞ്ഞു.
ജസ്വന്ത് സിങിനെ ഒഴിവാക്കുന്ന തീരുമാനം തിരഞ്ഞെടുപ്പ് സമിതി യോഗത്തിലെടുത്തതല്ലെന്നും സീറ്റ് നല്‍കാത്തതില്‍ കാരണമുണ്ടാകുമെന്നും എന്നാല്‍ അത് എന്താണെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.
അതിനിടെ രാജസ്ഥാനിലെ എം.എല്‍.എയും ജസ്വന്തിന്റെ മകനുമായ മന്‍വേന്ദ്ര സിങ് പാര്‍ട്ടിയില്‍ നിന്ന് ഒരു മാസത്തെ അവധിയെടുത്തു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവധി.