വ്യത്യസ്തമായ ശബ്ദവും സംഗീതവും കൊണ്ട് മലയാള സിനിമാലോകത്ത് പുതിയ തരംഗം കൊണ്ടുവന്ന സംഗീത സംവിധായകനും ഗായകനുമാണ് ജാസി ഗിഫ്റ്റ്. 2003ല്‍ ഫോര്‍ ദ പീപ്പിള്‍ എന്ന സിനിമയും അതിലെ സംഗീതവും അന്നുവരെ മലയാളസിനിമ കണ്ട് പരിചയിച്ചിട്ടില്ലാത്ത ഒന്നായിരുന്നു. ചിത്രത്തിലെ ലജ്ജാവതിയേ എന്ന ഗാനം ഇന്നും എല്ലാവരുടെയും പ്രിയപ്പെട്ടതാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 50ഓളം സിനിമകള്‍ക്ക് ജാസി സംഗീതം നല്‍കി.
എസ്.പി. ബാലസുബ്രഹ്‌മണ്യത്തെ കുറിച്ച് സംസാരിക്കുകയാണ് ജാസി ഗിഫ്റ്റ്. എസ്.പി.ബിയെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ വരിക മലരേ മൗനമാ എന്ന ഗാനമാണെന്നും ആ ഗാനം പിന്നീട് ലഹരിയായി മാറിയെന്നും ജാസി പറയുന്നു. ഒരിക്കല്‍ എസ്.പി.ബിയുമായി എടുത്ത ചിത്രം നിധി പോലെ താന്‍ സൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജാസി ഗിഫ്റ്റ്.
‘എസ്.പി.ബിയെ കുറിച്ച് പറയുമ്പോള്‍ മലരേ മൗനമാ പാട്ട് എങ്ങനെ ഓര്‍മിക്കാതിരിക്കാനാകും. കര്‍മ എന്ന തമിഴ് ചിത്രത്തിനു വേണ്ടി വിദ്യാസാഗര്‍ ഈണമിട്ട ഗാനം. വൈരമുത്തുവിന്റെ വരികള്‍. ആരുടെയും ഹൃദയത്തെ ആര്‍ദ്രമാക്കുന്ന എസ്.പി.ബിയുടെ സ്വരം. ഒരു പാട്ടും നിര്‍മിക്കപ്പെടുന്നതല്ല, സ്വയം രൂപപ്പെടുന്നതാണെന്നു എസ്.പി.ബി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. പാടിത്തുടങ്ങിയപ്പോള്‍ അതില്‍ അലിഞ്ഞു ചേര്‍ന്നു. അത് ലഹരിയായെന്നതു ചരിത്രം. ഇന്നും എത്രയോ പേരുടെ മനസുകളെ ഈ ഗാനം ആര്‍ദ്രമാക്കുന്നു. സംഗീതജ്ഞരെ അത്ഭുതപ്പെടുത്തുന്നു.
ലാളിത്യമായിരുന്നു എസ്.പി.ബിയുടെ സ്ഥായീഭാവം. എല്ലാ തലങ്ങളിലുമുള്ളവരോട് എളിമയോടെ പെരുമാറുന്ന ശൈലി. അതില്‍നിന്ന് പുതിയതലമുറയിലെ സംഗീതജ്ഞര്‍ക്ക് ഏറെ പഠിക്കാനുണ്ട്. പ്രേമ ബരഹയിലെ പാട്ടിന്റെ കംപോസിങ്ങുമായി ബന്ധപ്പെട്ട അര്‍ജുന്‍ സാറും ഞാനും എസ്.പി.ബി സാറും ഒന്നിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോ എന്റെ സ്വകാര്യ ശേഖരത്തിലുണ്ട്. വളരെ അപൂര്‍വമായ ആ ചിത്രം ഒരു നിധി പോലെ ഞാന്‍ ഇപ്പോഴും സൂക്ഷിക്കുന്നു,’ ജാസി ഗിഫ്റ്റ് പറയുന്നു.
Content Highlight: Jassie Gift Talks About S.P Balasubramanyam