|

അന്ന് ട്രോളുകള്‍ ഇല്ലായിരുന്നെങ്കിലും പലരും വിമര്‍ശിച്ചിരുന്നു, ഇന്ന് എല്ലാവരും അത് അംഗീകരിക്കുന്നത് കാണുമ്പോള്‍ സന്തോഷം; ജാസി ഗിഫ്റ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്തമായ ശബ്ദവും സംഗീതവും കൊണ്ട് മലയാള സിനിമാലോകത്ത് പുതിയ തരംഗം കൊണ്ടുവന്ന സംഗീത സംവിധായകനാണ് ജാസി ഗിഫ്റ്റ്. 2003ല്‍ ഫോര്‍ ദ പീപ്പിള്‍ എന്ന സിനിമയും അതിലെ സംഗീതവും അന്നുവരെ മലയാളസിനിമ കണ്ട് പരിചയിച്ചിട്ടില്ലാത്ത ഒന്നായിരുന്നു. ചിത്രത്തിലെ ലജ്ജാവതിയേ എന്ന ഗാനം ഇന്നും എല്ലാവരുടെയും പ്രിയപ്പെട്ടതാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 50ഓളം സിനിമകള്‍ക്ക് ജാസി സംഗീതം നല്‍കി. 2019ല്‍ കൊച്ചിയില്‍ നടന്ന കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ സംഗീതനിശയില്‍ ജാസിയുടെ ലൈവ് പെര്‍ഫോമന്‍സിന് വന്‍ പ്രതികരണമാണ് ലഭിച്ചത്.

ലജ്ജാവതിയേ എന്ന ഗാനം ഇറങ്ങിയപ്പോള്‍ പാരമ്പര്യസംഗീതവാദികള്‍ വിമര്‍ശിച്ചിരുന്നു. അതിനെ എങ്ങനെയാണ് കണ്ടിരുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജാസി. റിപ്പോര്‍ട്ടര്‍ ടി.വി ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘അന്ന് ഇന്നത്തെപ്പോലെ ട്രോളുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ കുറേപ്പേര്‍ ആ പാട്ടിനെ വിമര്‍ശിച്ചിരുന്നു. പ്രിന്റ് മാധ്യമങ്ങളില്‍ പല വിമര്‍ശനങ്ങളും വന്നിരുന്നു. പാട്ടിന്റെ ക്യാരക്ടറില്‍ വന്ന മാറ്റവും വെസ്റ്റേണ്‍ സംഗീതം മിക്‌സ് ചെയ്തതും പലര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. വരികളില്‍ ഇംഗ്ലീഷ് വാക്കുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയതിനെയും വിമര്‍ശിച്ചിരുന്നു. ഇപ്പോഴത്തെ പാട്ടുകളില്‍ അതൊക്കെ സ്വാഭാവികമായി.

സോഷ്യല്‍ മീഡിയയുടെ വരവ് ആ പാട്ടിന് കൂടുതല്‍ സ്വീകാര്യത കിട്ടി. ഇപ്പോഴത്തെ കുട്ടികള്‍ ആ പാട്ടിനെ സ്വീകരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. കോളേജിലൊക്കെ പരിപാടിക്ക് ലജ്ജാവതിയേ പാടുന്നതിന് മുമ്പ് ഞാന്‍ അവരോട് പറയാറുണ്ട്, നിങ്ങളൊക്കെ ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലുമൊക്കെ പഠിക്കുമ്പോള്‍ ഇറങ്ങിയ പാട്ടാണിതെന്ന്’ ജാസി ഗിഫ്റ്റ് പറഞ്ഞു.

ഗായകന്‍ എന്ന നിലയില്‍ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി 100ലധികം ഗാനങ്ങള്‍ ജാസി ഗിഫ്റ്റ് പാടിയിട്ടുണ്ട്. 2012ല്‍ സഞ്ജു വെഡ്‌സ് ഗീത എന്ന കന്നഡ ചിത്രത്തിലെ സംഗീതത്തിന് ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Content Highlight : Jassie Gift talks about criticism faced for Lajjavathiye song

Latest Stories

Video Stories