സിനിമാ-സംഗീത ജീവിതം തുടങ്ങിയിട്ട് 20 വര്‍ഷം പിന്നിട്ടെങ്കിലും ജാസി ഗിഫ്റ്റ് എന്ന പേര് കേള്‍ക്കുമ്പോള്‍ ലജ്ജാവതിയെ എന്ന പാട്ടാണ് മലയാളികള്‍ക്ക് ഓര്‍മ വരുന്നത്. പിന്നീട് റെയ്ന്‍ റെയ്ന്‍ കം എഗെയ്ന്‍, അശ്വാരൂഡന്‍, സീനിയേഴ്‌സ്, ചൈനടൗണ്‍ എന്നിങ്ങനെ നിരവധി സിനിമകള്‍ക്കാണ് ജാസി ഗിഫ്റ്റ് സംഗീതം നല്‍കിയത്.
ഇതിനിടക്ക് മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെ സിനിമകള്‍ക്കും ജാസി ഗിഫ്റ്റ് സംഗീതസംവിധാനം ചെയ്യുകയും പാട്ട് പാടുകയും ചെയ്തിരുന്നു. അതില്‍ കന്നഡ സിനിമയില്‍ അദ്ദേഹത്തിന് വലിയ ബ്രേക്ക് നല്‍കിയ സിനിമയാണ് “സഞ്ജു വെഡ്സ് ഗീത”.
ഈ ചിത്രത്തിലെ ഹിറ്റ് ഗാനമായ “ഗഗനവേ ഭാഗി” എന്ന പാട്ട് ജാസി ഗിഫ്റ്റ് പിന്നീട് മറ്റൊരു മലയാള സിനിമയിലേക്ക് മാറ്റി ചെയ്തിരുന്നു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ജാസി ഗിഫ്റ്റ് താന്‍ ചെയ്ത കന്നഡ സിനിമകളെ പറ്റി പറഞ്ഞത്.
‘2007ലാണ് ഞാന്‍ കന്നഡ സിനിമയായ”ഹുടുഗാട്ട” ചെയ്യുന്നത്. ആ സമയത്ത് ”ഹുടുഗാട്ട” ഭയങ്കര പോപ്പുലറായി. ഇവിടെ ഞാന്‍ ഒരുപാട് അടിപൊളി പാട്ടുകളുടെ വക്താവായിരുന്നുവെങ്കില്‍ കന്നടയില്‍ ഞാനൊരു മെലഡി മേക്കറായിരുന്നു.
ആദ്യത്തെ സിനിമയിലെ ശ്രേയ ഘോഷാലും ഹിന്ദിയിലെ ഷാനും കൂടി പാടിയ”ഏനോ ഒന്തര”എന്ന പാട്ട് ഹിറ്റായി. അതേ പടത്തിലെ തന്നെ ”4 ദി പീപ്പിള്‍” എന്ന സിനിമയിലെ ”ലജ്ജാവതിയുടെ” റീമേക്ക് വേര്‍ഷന്‍ ”മന്താഗിനിയെ” ഉണ്ട്. അവിടെ ലജ്ജാവതിയെക്കാള്‍ ഹിറ്റായത് ”ഏനോ ഒന്തര” എന്ന പാട്ടാണ്. ശ്രേയ ഘോഷാല്‍ എനിക്കുവേണ്ടി പാടിയ പതിനെട്ട് പാട്ടുകളില്‍ ആദ്യത്തെ പാട്ടായിരുന്നു,’ ജാസി ഗിഫ്റ്റ് പറഞ്ഞു.
‘അതിനു ശേഷം അവിടെ ഒരുപാട് മെലഡീസ് വന്നു തുടങ്ങി. ”ഹുടുഗാട്ട” കഴിഞ്ഞ് ” പരിചയ” എന്ന പടം ചെയ്യ്തു. അതിലെ പാട്ടുകളും ഹിറ്റായി. അത് കഴിഞ്ഞ് അവിടെയുള്ള മേജര്‍ ബ്രേക്ക് തന്നത് ”സഞ്ജു വെഡ്സ് ഗീത” എന്ന സിനിമയാണ്.
അതിലെ ”ഗഗനവെ ഭാഗി” എന്ന പാട്ടും ശ്രേയ ഘോഷാലാണ് പാടിയത്. അത് ഞാന്‍ മലയാളത്തില്‍ ചൈന ടൗണ്‍ സിനിമയില്‍ ”അരികെ നിന്നാലും” എന്ന പാട്ടായി ചെയ്യ്തു. ശ്രേയ ഘോഷാലിനും എനിക്കും ആ പാട്ടിന് ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടി,’ ജാസി ഗിഫ്റ്റ് കൂട്ടിച്ചേര്‍ത്തു.
Content Highlight: jassie gift says The Kannada song sung by Shreya Ghoshal was adapted into a Mohanlal movie