വ്യത്യസ്തമായ ശബ്ദവും സംഗീതവും കൊണ്ട് മലയാള സിനിമാലോകത്ത് പുതിയ തരംഗം കൊണ്ടുവന്ന സംഗീത സംവിധായകനാണ് ജാസി ഗിഫ്റ്റ്. 2003ല്‍ ഫോര്‍ ദ പീപ്പിള്‍ എന്ന സിനിമയും അതിലെ സംഗീതവും അന്നുവരെ മലയാളസിനിമ കണ്ട് പരിചയിച്ചിട്ടില്ലാത്ത ഒന്നായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 50ഓളം സിനിമകള്‍ക്ക് ജാസി സംഗീതം നല്‍കുകയും 100ലധികം പാട്ടുകള്‍ പാടുകയും ചെയ്തു.
ഇന്നും സംഗീതപ്രേമികളുടെ ഇഷ്ടഗാനങ്ങളിലൊന്നാണ് ഫോര്‍ ദി പീപ്പിളിലെ ലജ്ജാവതിയേ എന്ന ഗാനം. പലരുടെയും നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ് ഈ പാട്ട്. എന്നാല്‍ ആ പാട്ട് ആദ്യം മറ്റൊരു ഗായകനെ വെച്ച് പാടിക്കാനായിരുന്നു ഉദ്ദേശിച്ചതെന്ന് പറയുകയാണ് ജാസി ഗിഫ്റ്റ്. ബോളിവുഡ് ഗായകനായ അഡ്‌നാന്‍ സ്വാമിയായിരുന്നു തങ്ങളുടെ ആദ്യ ഓപ്ഷനെന്ന് ജാസി ഗിഫ്റ്റ് പറഞ്ഞു.
എന്നാല്‍ തന്റെ ശബ്ദത്തില്‍ ആദ്യം ലജ്ജാവതിയുടെ ട്രാക്ക് പാടിയിരുന്നെന്നും അത് കൈയില്‍ വെച്ചിരുന്നെന്നും ജാസി ഗിഫ്റ്റ് കൂട്ടിച്ചേര്‍ത്തു. അഡ്‌നാന്‍ സ്വാമിയെ കിട്ടാത്തതിനാല്‍ കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ തന്നിലേക്ക് എത്തിയെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. താന്‍ പാടിയ ട്രാക്ക് ഷൂട്ടിങ് സ്‌പോട്ടില്‍ ഒരുപാട് തവണ പ്ലേ ചെയ്തിരുന്നുവെന്നും ജാസി ഗിഫ്റ്റ് കൂട്ടിച്ചേര്‍ത്തു.
ആ പാട്ടില്‍ അഭിനയിച്ച ഭരതും ഫോര്‍ ദി പീപ്പിളിന്റെ ക്യാമറമാനും എഡിറ്ററും തന്റെ ശബ്ദം തന്നെ മതിയെന്ന് പറഞ്ഞ് നിര്‍ബന്ധം പിടിച്ചെന്നും ജാസി ഗിഫ്റ്റ് പറയുന്നു. ആ പാട്ടിന് വിമര്‍ശനങ്ങള്‍ വരുമെന്ന് ഉറപ്പായിരുന്നെന്നും എന്നാല്‍ അത്രക്ക് പോപ്പുലറാകുമെന്നും മറ്റ് ഭാഷയിലേക്ക് പൊകുമെന്നൊന്നും വിചാരിച്ചില്ലെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. സമകാലികം മലയാളത്തോട് സംസാരിക്കുകയായിരുന്നു ജാസി ഗിഫ്റ്റ്.
‘ലജ്ജാവതിയേ എന്ന പാട്ട് പാടാന്‍ ഞങ്ങള്‍ ആദ്യം പരിഗണിച്ചത് അഡ്‌നാന്‍ സാമിയെയായിരുന്നു. അദ്ദേഹം ഈ പാട്ട് പാടിയാല്‍ നന്നായിരിക്കുമെന്ന് വിചാരിച്ചു. പക്ഷേ, പുള്ളിയുടെ അവൈലബിലിറ്റിയുടെ പ്രശ്‌നം കാരണം കറങ്ങിത്തിരിഞ്ഞ് എന്റെയടുത്തേക്ക് വരികയായിരുന്നു. ആ പാട്ടിന്റെ ട്രാക്ക് പാടിയത് ഞാനായിരുന്നു. അത് ഷൂട്ടിന്റെ സമയത്തൊക്കെ ഒരുപാട് തവണ പ്ലേ ചെയ്തിരുന്നു.
ഭരതും ആ പടത്തിന്റെ ക്യാമറമാന്‍ ആര്‍.ഡി. രാജശേഖറും എഡിറ്റര്‍ ആന്റണിയുമാണ് എന്റെ ശബ്ദം മതിയെന്ന് നിര്‍ബന്ധം പിടിച്ചത്. പാട്ട് ശ്രദ്ധിക്കപ്പെടുമെന്നും വിമര്‍ശനം വരുമെന്നും ഉറപ്പായിരുന്നു. പക്ഷേ, ഇത്രക്ക് പോപ്പുലറാകുമെന്നും മറ്റ് ഭാഷകളിലേക്ക് പോകുമെന്നൊക്കെ വിചാരിച്ചിരുന്നില്ല. അത് തീരെ പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു,’ ജാസി ഗിഫ്റ്റ് പറയുന്നു.
Content Highlight: Jassie Gift says that Lajjavathiye song was initially planned for Adnan Sami