ജാസിയോട് മര്യാദകേട് കാട്ടിയ പ്രിന്‍സിപ്പാളിനെ കൂവി ഉപരോധിച്ച ആ കുട്ടികളിലാണ് പ്രതീക്ഷ
Opinion
ജാസിയോട് മര്യാദകേട് കാട്ടിയ പ്രിന്‍സിപ്പാളിനെ കൂവി ഉപരോധിച്ച ആ കുട്ടികളിലാണ് പ്രതീക്ഷ
സന്ദീപ് ദാസ്
Saturday, 16th March 2024, 10:08 am

ജാസി ഗിഫ്റ്റിനെ നാണംകെടുത്തിയ ആ കോളജ് പ്രിന്‍സിപ്പാള്‍ എം.ജി ശ്രീകുമാറിന്റെ ഗാനമേള തടസ്സപ്പെടുത്തുമോ? വിധു പ്രതാപിന്റെയോ സിത്താര കൃഷ്ണകുമാറിന്റെയോ മൈക്ക് പിടിച്ചുവാങ്ങാനുള്ള ധൈര്യം ആ പ്രിന്‍സിപ്പാളിന് ഉണ്ടാകുമോ!?

പൊതുവേദിയില്‍ വെച്ച് അതിക്രൂരമായി അപമാനിക്കപ്പെട്ട ജാസി ഗിഫ്റ്റ് എന്ന ഗായകനെ ഞാന്‍ ചേര്‍ത്തുപിടിക്കുകയാണ്. എറണാകുളം ജില്ലയിലെ സെന്റ് പീറ്റേഴ്‌സ് കോളേജില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍ ജാസി പാടുകയായിരുന്നു. പെട്ടന്ന് കോളജിന്റെ പ്രിന്‍സിപ്പാള്‍ സ്റ്റേജിലേയ്ക്ക് കയറിവരികയും ജാസിയുടെ കൈയ്യില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു!

ഗാനമേള തടസ്സപ്പെടുത്തിയതിനെക്കുറിച്ച് പ്രിന്‍സിപ്പാള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്-

”ഇവിടെ പാടാനുള്ള അനുമതി ജാസി ഗിഫ്റ്റിന് മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ കൂടെ മറ്റൊരു ഗായകന്‍ കൂടി പാടുന്നുണ്ട്. അത് ഈ കലാലയത്തില്‍ അനുവദനീയമല്ല…!”

എന്തൊരു വിചിത്രമായ വിശദീകരണം! സാമാന്യബുദ്ധിയുള്ള ഒരാള്‍ക്കും പ്രിന്‍സിപ്പാളിനോട് യോജിക്കാനാവില്ല.

അത്തരമൊരു നിബന്ധന ഉണ്ടായിരുന്നുവെങ്കില്‍ ഗാനമേള ആരംഭിക്കുന്നതിന് മുമ്പ് ജാസിയെ അക്കാര്യം അറിയിക്കാമായിരുന്നില്ലേ? അതിനുപകരം പാതിവഴിയില്‍ പാട്ട് മുറിച്ചുകളഞ്ഞ പ്രിന്‍സിപ്പാളിന്റെ ഉള്ളിലിരിപ്പ് എന്താണ്?

ജാസിയ്ക്ക് ഉണ്ടായ ദുരനുഭവം വേറെ ഏതെങ്കിലും ഗായകന് നേരിടേണ്ടിവരുമോ? ജാസിയെ അപമാനിച്ചാലും കുഴപ്പമൊന്നുമില്ല എന്ന ചിന്താഗതിയിലേയ്ക്ക് ആ പ്രിന്‍സിപ്പാള്‍ എങ്ങനെയാണ് എത്തിയത്?

നഞ്ചമ്മ എന്ന ആദിവാസി ഗായികയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഉണ്ടായ ഒച്ചപ്പാടുകള്‍ ഓര്‍മ്മിക്കുന്നില്ലേ? ജാസി ഗിഫ്റ്റുമാരെയും നഞ്ചമ്മമാരെയും അംഗീകരിക്കാന്‍ ചിലര്‍ക്ക് മടിയാണ്. പ്രിവിലേജ്ഡ് അല്ലാത്ത മനുഷ്യരോട് തോന്നുന്ന ഒരുതരം പുച്ഛമാണത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആ പ്രിന്‍സിപ്പാള്‍.

മലയാള സിനിമ ജാസി ഗിഫ്റ്റിനോട് വര്‍ണ്ണവിവേചനം കാണിച്ചിട്ടുണ്ട് എന്ന നിരീക്ഷണം ഒരുപാട് പേര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഒരു പഴയകാല അഭിമുഖത്തില്‍ ജാസി തന്നെ അക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ജാസി പാടിയ ‘ലജ്ജാവതിയേ’ എന്ന ഗാനം കേരളത്തില്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചത്. പക്ഷേ പാരമ്പര്യവാദികള്‍ക്ക് ആ പാട്ട് ഒട്ടുംതന്നെ രസിച്ചിരുന്നില്ല. ശുദ്ധസംഗീതത്തിന്റെ മരണത്തെക്കുറിച്ച് എത്രയെത്ര ലേഖനങ്ങളാണ് അക്കാലത്ത് എഴുതപ്പെട്ടത്!

ജാസി ഇന്നലെയും ഇന്നും അപമാനിക്കപ്പെട്ടിട്ടുണ്ട്. നാളെയും അത് തുടര്‍ന്നേക്കാം. പക്ഷേ ജാസി എന്ന ഗായകന്റെ പ്രസക്തിയ്ക്ക് ഒരു പോറല്‍ പോലും സംഭവിക്കില്ല.

ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും ജാസി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മലയാളി ഉള്ളിടത്തോളം കാലം ‘ലജ്ജാവതിയേ’ എന്ന പാട്ടും നിലനില്‍ക്കും. ചരിത്രം ജാസിയെ വാഴ്ത്തും. ജാസിയെ കല്ലെറിയുന്നവര്‍ അക്കാര്യം ഓര്‍ത്തുകൊള്ളുക.

ജാസിയോട് മര്യാദകേട് കാട്ടിയ പ്രിന്‍സിപ്പാളിനെ കോളജ് വിദ്യാര്‍ത്ഥികള്‍ കൂവുകയും ഉപരോധിക്കുകയും ചെയ്തിരുന്നു. ആ കുഞ്ഞുങ്ങളില്‍ എനിക്ക് പ്രതീക്ഷയുണ്ട്. അവര്‍ വളര്‍ന്നുവരുമ്പോള്‍ ജാസി ഗിഫ്റ്റുമാര്‍ അപമാനിക്കപ്പെടാത്ത ഒരു സമൂഹം ഇവിടെ ജന്മംകൊള്ളും. തീര്‍ച്ച…!

 

 

സന്ദീപ് ദാസ്
എഴുത്തുകാരന്‍