മലയാള സിനിമ സംഗീത ലോകത്ത് പുതിയൊരു ശൈലി വെട്ടിത്തെളിച്ചായിരുന്നു ജാസി ഗിഫ്റ്റിന്റെ കടന്നു വരവ്. ഫോര്‍ ദി പീപ്പിളിലും, റെയ്ന്‍ റെയ്ന്‍ കം എഗെയ്‌നിലുമെല്ലാം പാശ്ചാത്യ സംഗീതം കൂട്ടികലര്‍ത്തിയൊരു രീതിയായിരുന്നു ജാസി ഗിഫ്റ്റ് സ്വീകരിച്ചത്.
എന്നാല്‍ പിന്നീട് അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങളില്‍ ഈ ശൈലി കടന്നുവന്നില്ല. മലയാള സിനിമയില്‍ വലിയ സ്വീകാര്യത നേടിയ തന്റെ ശൈലി പിന്നീട് എന്തുകൊണ്ട് വീണ്ടും ചെയ്തില്ല എന്ന് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് ജാസി ഗിഫ്റ്റ്.
‘റെയിന്‍ റെയിന്‍ കം എഗൈന്‍” എന്ന സിനിമയിലെ പാട്ടുകള്‍ ആരും പ്രതീക്ഷിക്കാതെ 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഹിറ്റായി. ”തെമ്മാടിക്കാറ്റ്”, ”നില്ല് നില്ല്” എന്ന പാട്ടുകള്‍ ഇപ്പോഴും ഇന്‍സ്റ്റഗ്രാമിലൊക്കെ റീല്‍സായി വരുന്നുണ്ട്. 18 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതിന് വീണ്ടും ജീവനുണ്ടായി. നമ്മള്‍ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും സംഭവിക്കുന്ന ഒരു കാലഘട്ടമാണ്.
എനിക്ക് വേണമെങ്കില്‍ ഇപ്പോഴും അതുപോലെ പാട്ടുകള്‍ ചെയ്യാന്‍ പറ്റും, കാരണം ഇപ്പോള്‍ നമ്മള്‍ക്ക് യൂട്യൂബുണ്ട്, അല്ലെങ്കില്‍ അതുപോലുള്ള പ്രൈവറ്റ് മീഡിയം ഉണ്ട്. പക്ഷേ, അതുപോലെയുള്ളത് ചെയ്യാന്‍ സമയവുമില്ല താല്‍പര്യവുമില്ല.
നല്ല ഒരു സിനിമ കിട്ടിയാല്‍ അന്നാണെങ്കിലും ഇന്നാണെങ്കിലും ചെയ്യാനുള്ള ഒരു മൈന്റുണ്ട്. അത് അന്നും ഇന്നും എപ്പോഴും സംവിധായകരോട് പറയാറുണ്ട്. പക്ഷേ, നമ്മളെ സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റിയ സിനിമയും വേണം. നല്ല ഒരു സിനിമയാണെങ്കില്‍, നല്ല ഒരു സിനിമ എന്ന് പറഞ്ഞത് കൊണ്ട് വേറെ വ്യാഖ്യാനങ്ങളിലേക്ക് പോകുന്നില്ല, സിനിമ എന്ന് പറയുമ്പോള്‍ അത്യാവശ്യം ജനങ്ങളിലേക്ക് എത്തുന്നതായിരിക്കണം.
നല്ല ഒരു സിനിമ എടുത്തിട്ട് വീട്ടില്‍ ഇരുന്ന് കണ്ടിട്ട് കാര്യമില്ലല്ലോ. നല്ല ഒരു സിനിമ വരുമ്പോള്‍ തീര്‍ച്ചയായും ചെയ്യാനുള്ള ഒരു ആഗ്രഹം അന്ന് ഉണ്ടായിരുന്നു. പക്ഷേ ആ കാറ്റഗറിയില്‍ അത്ര ധൈര്യം പോരായിരുന്നു.
പിന്നിട്ട 20 വര്‍ഷം, അന്ന് മുതല്‍ ഇന്നു വരെയും എനിക്ക് കമ്പോസ് ചെയ്യാന്‍ എപ്പോഴും രണ്ടും മൂന്നും പാട്ട് പെന്‍ഡിംഗ് കാണും എന്നുള്ളത് ഒരു അനുഗ്രഹമാണ്. ഇടയ്ക്കുള്ള കൊറോണ ഗ്യാപ്പുകളല്ലാതെ ബാക്കിയുള്ള എല്ലാ സമയവും ബിസിയായിരുന്നു,’ ജാസി ഗിഫ്റ്റ് പറഞ്ഞു.
Content Highlight: jassie gift about his own style in malayalam cinema songs