| Saturday, 17th August 2024, 12:56 pm

അദ്ദേഹം ഇപ്പോൾ ക്യാപ്റ്റനല്ലെങ്കിലും ഞങ്ങൾക്ക് ഇപ്പോഴും മികച്ച ലീഡറാണ്: ബുംറ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ. കോഹ്‌ലി ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ അല്ലെങ്കിലും ഇപ്പോഴും കോഹ്‌ലി ഒരു മികച്ച നേതാവാണെന്നാണ് ബുംറ പറഞ്ഞത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബുംറ.

‘വിരാട് ഊര്‍ജ്ജസ്വലനും വികാരാധീനനുമാണ്. ക്യാപ്റ്റനായിരുന്ന സമയത്ത് അദ്ദേഹം ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഞങ്ങളെയെല്ലാം മറികടന്നു. എന്നാല്‍ ഇപ്പോള്‍ വിരാട് ഇന്ത്യയുടെ ക്യാപ്റ്റനല്ല, പക്ഷെ അദ്ദേഹം ഇപ്പോഴും ഒരു നേതാവാണ്. ക്യാപ്റ്റന്‍ എന്നത് ഒരു സ്ഥാനം മാത്രമാണ്. കളിക്കളത്തില്‍ 11 പേരുമാണ് ടീമിനെ നയിക്കുന്നത്,’ ജസ്പ്രീത് ബുംറ പറഞ്ഞു.

ഇന്ത്യന്‍ ടീമിനൊപ്പം ഒരു ഐതിഹാസികമായ കരിയറാണ് വിരാട് പടുത്തുയര്‍ത്തിയത്. 2008ല്‍ ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച കോഹ്‌ലി ഇതിനോടകം തന്നെ 295 ടെസ്റ്റ് മത്സരങ്ങളില്‍ 283 ഇന്നിങ്സുകളില്‍ നിന്നും 13906 റണ്‍സാണ് കോഹ്‌ലി നേടിയത്. 50 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്.

ടെസ്റ്റ് ക്രിക്കറ്റില്‍ 113 മത്സരങ്ങളില്‍ 191 ഇന്നിങ്സുകളില്‍ നിന്നും 8848 റണ്‍സും കോഹ്‌ലി നേടി. റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി. കുട്ടി ക്രിക്കറ്റില്‍ 125 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4188 റണ്‍സാണ് താരം നേടിയത്.

അതേസമയം അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ വിരാടിന് സാധിച്ചിരുന്നില്ല. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീട് നടന്ന രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര സ്വന്തമാക്കുകയാണ്.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. ഈ സീരീസില്‍ കോഹ്‌ലി ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Jasprith Bumrah Talks About Virat Kohli

We use cookies to give you the best possible experience. Learn more