ചരിത്രത്തിൽ ഇതാദ്യം; മൂന്ന് ഫോർമാറ്റിലും ഇവനെ വെല്ലാൻ ആരുമില്ല
Cricket
ചരിത്രത്തിൽ ഇതാദ്യം; മൂന്ന് ഫോർമാറ്റിലും ഇവനെ വെല്ലാൻ ആരുമില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th February 2024, 3:25 pm

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കാഴ്ചവെച്ച മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യന്‍ പേസര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് ബുംറ സ്വന്തമാക്കിയിരുന്നു. ഈ മിന്നും പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് താരം നാലാം സ്ഥാനത്തു നിന്നും ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്.

മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 45 റണ്‍സ് വിട്ടു നല്‍കി ആറ് വിക്കറ്റുകള്‍ ബുംറ വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും താരം നേടിയിരുന്നു. രണ്ട് ഇന്നിങ്‌സുകളിലായി ഒമ്പത് വിക്കറ്റുകളാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ വീഴ്ത്തിയത്. മത്സരത്തില്‍ ഇന്ത്യ 106 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയും ചെയ്തു.

ഇതിനുപിന്നാലെ ഒരു റെക്കോഡ് നേട്ടവും ബുംറ സ്വന്തമാക്കി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പേസര്‍ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ഐ.സി.സിയുടെ മൂന്ന് ഫോര്മാറ്റിലും ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ബൗളർ എന്ന നേട്ടവും ഇതോടെ ബുംറ സ്വന്തമാക്കി.

881 പോയിന്റോടെയാണ് ബുംറ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 851 പോയിന്റോടെ സൗത്ത് ആഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദ രണ്ടാം സ്ഥാനത്തും 841 പോയിന്റുമായി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്.

ഐ.സി.സി ടെസ്റ്റ് റാങ്കിങ് താരം, പോയിന്റ് എന്നീ ക്രമത്തില്‍

ജസ്പ്രീത് ബുംറ-881

കാഗിസോ റബാദ-851

ആര്‍.അശ്വിന്‍-841

പാറ്റ് കമ്മിന്‍സ്-828

ജോഷ് ഹേസല്‍വുഡ്-818

പ്രബാത് ജയസൂര്യ-783

ജെയിംസ് ആന്‍ഡേഴ്‌സണ്‍-780

നഥാന്‍ ലിയോണ്‍-746

രവീന്ദ്ര ജഡേജ-746

ഒല്ലി റോബിന്‍സണ്‍-746

അതേസമയം ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചുകൊണ്ട് 1-1 എന്ന നിലയിലാണ്.

ഫെബ്രുവരി 15 മുതലാണ് മൂന്നാം ടെസ്റ്റ് നടക്കുക. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: Jasprith Bumrah become the No.1 bowler in ICC Test bowling ranking.