2024ലെ ഐ.സി.സി മെന്‍സ് ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി ജസ്പ്രീത് ബുംറ. പോയ വര്‍ഷം ടെസ്റ്റ് ഫോര്‍മാറ്റില്‍ പുറത്തെടുത്ത മികച്ച പ്രകടനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ബുംറയെ തേടി പുരസ്‌കാരമെത്തിയത്.
ഇംഗ്ലണ്ട് ലെജന്‍ഡ് ജോ റൂട്ട്, ഇംഗ്ലീഷ് സൂപ്പര്‍ താരം ഹാരി ബ്രൂക്ക്, ലങ്കന്‍ യുവതാരം കാമിന്ദു മെന്‍ഡിസ് എന്നിവരെ മറികടന്നുകൊണ്ടാണ് ബുംറ പുരസ്‌കാരം സ്വന്തമാക്കിയത്.
Dominating the bowling charts in 2024, India’s spearhead Jasprit Bumrah has been crowned ICC Men’s Test Cricketer of the Year 💥#ICCAwards pic.twitter.com/h8Ppjo2hrv
— ICC (@ICC) January 27, 2025
ഈ വര്‍ഷത്തെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായാണ് ബുംറ ചരിത്രമെഴുതിയത്. 26 ഇന്നിങ്‌സില്‍ നിന്നും 14.92 ശരാശരിയില്‍ പന്തെറിയുന്ന ബുംറ നാല് തവണ നാല് വിക്കറ്റ് നേട്ടവും അഞ്ച് വിക്കറ്റ് നേട്ടം അഞ്ച് തവണയും സ്വന്തമാക്കി.
ഓസ്ട്രേലിയക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ബുംറ 2024 കലണ്ടര്‍ ഇയറില്‍ തന്റെ വിക്കറ്റ് നേട്ടം 71 ആയി ഉയര്‍ത്തുകയും ചെയ്തിരുന്നു.
വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് സൂപ്പര്‍ താരം ഗസ് ആറ്റ്കിന്‍സണ്‍ 52 വിക്കറ്റ് മാത്രമാണ് നേടിയത് എന്ന് മനസിലാക്കുമ്പോഴാണ് ബുംറയുടെ ഡോമിനേഷന്‍ എത്രത്തോളമാണെന്ന് വ്യക്തമാവുക.
ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആറാമത് ഇന്ത്യന്‍ താരമാണ് ജസ്പ്രീത് ബുംറ. രാഹുല്‍ ദ്രാവിഡ് (2004), ഗൗതം ഗംഭീര്‍ (2009), വിരേന്ദര്‍ സേവാഗ് (2010), ആര്‍. അശ്വിന്‍ (2016), വിരാട് കോഹ്‌ലി (2018) എന്നിവരാണ് ഇതിന് മുമ്പ് ഈ പുരസ്‌കാരം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍.
ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍ എന്ന ചരിത്ര റെക്കോഡും ഇതോടൊപ്പം ബുംറ സ്വന്തമാക്കി.
ഡെയ്ല്‍ സ്‌റ്റെയ്ന്‍ (2008), മിച്ചല്‍ ജോണ്‍സണ്‍ (2014), പാറ്റ് കമ്മിന്‍സ് (2019) എന്നിവരാണ് ഇതിന് മുമ്പ് ഐ.സി.സി ടെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ട ബൗളര്‍മാര്‍.
𝗧𝗛𝗘 𝗕𝗘𝗦𝗧 • 𝗧𝗛𝗘 𝗚𝗢𝗔𝗧 in whites! 🇮🇳#MumbaiMeriJaan #MumbaiIndians pic.twitter.com/sqJcAdGVF8
— Mumbai Indians (@mipaltan) January 27, 2025
നേരത്തെ ഐ.സി.സി തെരഞ്ഞെടുത്ത ടെസ്റ്റ് ടീം ഓഫ് ദി ഇയറിലും ബുംറ ഇടം നേടിയിരുന്നു.
യശസ്വി ജെയ്സ്വാള്‍, ബെന്‍ ഡക്കറ്റ്. കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്. കാംമിന്ദു മെന്‍ഡിസ്, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, ജസ്പ്രീത് ബുംറ.
2024ലെ നേട്ടങ്ങള്‍ പൂര്‍ത്തിയാകണമെങ്കില്‍ ഒരു പുരസ്‌കാരം കൂടി ബുംറ നേടേണ്ടതുണ്ട്. പോയ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്ക് സമ്മാനിക്കുന്ന സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫി!
എന്നാല്‍ ഈ പോരാട്ടം ഒട്ടും എളുപ്പമല്ല, എതിരാളികള്‍ അത്ര കണ്ട് ശക്തരാണ് എന്നതുതന്നെയാണ് ഇതിന് കാരണവും.
ഈ വര്‍ഷം ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരവും നിലവിലെ ടെസ്റ്റ് ബാറ്റര്‍മാരിലെ ഒന്നാം റാങ്കുകാരനും ഫ്യൂച്ചര്‍ ലെജന്‍ഡും ഫാബ് ഫോറിലെ കരുത്തനുമായ ജോ റൂട്ടാണ് ഇതിലെ പ്രധാനി.
ഈ വര്‍ഷം കളിച്ച 31 ഇന്നിങ്സില്‍ നിന്നും 1556 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്. 55.57 എന്ന മികച്ച ശരാശരിയില്‍ ബാറ്റ് വീശിയ താരം ഈ വര്‍ഷം ആറ് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും അടിച്ചെടുത്തിട്ടുണ്ട്.
റൂട്ടിന്റെ ക്രൈം പാര്‍ട്ണറും നിലവിലെ ഐ.സി.സി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിലെ രണ്ടാമനുമായ ഹാരി ബ്രൂക്കാണ് നോമിനേഷന്‍ ലിസ്റ്റില്‍ ഇടം നേടിയ രണ്ടാമന്‍. 20 ഇന്നിങ്സില്‍ നിന്നും 55.00 ശരാശരിയില്‍ രണ്ട് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയുമടക്കം 1100 റണ്‍സാണ് താരം സ്വന്തമാക്കിയത്. പാകിസ്ഥാന്‍ പര്യടനത്തില്‍ നേടിയ 317 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഫോര്‍മാറ്റ് ഏതുതന്നെയായാലും രോഹിത് ശര്‍മയുടെ ടീമിനെതിരെ വെടിക്കെട്ട് പുറത്തെടുക്കുന്ന ഓസ്ട്രേലിയയുടെ മീശക്കാരന്‍ ട്രാവിസ് ഹെഡാണ് ഈ വര്‍ഷത്തെ മികച്ച താരമാകാന്‍ കച്ചമുറുക്കുന്നത്.
ഈ മൂന്ന് ബാറ്റര്‍മാര്‍ക്കും ഒരുപോലെ ചെക്ക് വെക്കാന്‍ പോന്ന ട്രാക്ക് റെക്കോഡുകളുമായാണ് ബുംറ ഈ വര്‍ഷം അവസാനിപ്പിച്ചത്.
ഈ വര്‍ഷം ഇന്ത്യയെ ടി-20 ലോകകപ്പ് കിരീടം ചൂടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബുംറ ടൂര്‍ണമെന്റിന്റെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ നേട്ടങ്ങള്‍ ബുംറയ്ക്ക് ഐ.സി.സി പുരസ്‌കാര വേദിയിലും തുണയായേക്കും.
Content Highlight: Jasprit Bumrah wins ICC Test player of the year 2024 award