|

പരിക്കേറ്റ് കിടക്കുന്ന ബുംറയെ തേടി സന്തോഷ വാര്‍ത്ത; തകര്‍പ്പന്‍ നേട്ടത്തില്‍ തിളങ്ങി സൂപ്പര്‍ പേസര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഡിസംബര്‍ മാസത്തിലെ ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം സ്വന്തമാക്കി സൂപ്പര്‍ താരം ജസ്പ്രീത് ബുംറ. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഇന്ത്യന്‍ സൂപ്പര്‍ പേസറെ തേടി ഈ നേട്ടമെത്തിയത്.

ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ സ്പിന്നര്‍ ഡെയ്ന്‍ പാറ്റേഴ്‌സണ്‍ എന്നിവരെ മറികടന്നാണ് ബുംറ പുരസ്‌കാരം സ്വന്തമാക്കിയത്.

ഡിസംബറില്‍ നടന്ന മൂന്ന് മത്സരത്തില്‍ നിന്നും 14.22 എന്ന മികച്ച ശരാശരിയില്‍ 22 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. പരമ്പരയില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ കെടാതെ കാത്തതും ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദം സൃഷ്ടിച്ചതും ബുംറ മാത്രമായിരുന്നു.

അഡ്‌ലെയ്ഡില്‍ നടന്ന ഡിസംബറിലെ ആദ്യ മത്സരത്തില്‍ തന്നെ ബുംറ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ബുംറയുടെ പ്രകടനം ഏറെ മികച്ചുനിന്നു.

ബ്രിസ്‌ബെയ്‌നിലും ബുംറയുടെ മാജിക് തുടര്‍ന്നു. ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റുമായി ഓസ്‌ട്രേലിയന്‍ ബാറ്റിങ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ ബുംറ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി.

ഗാബയില്‍ മഴ കളിച്ചതോടെ മത്സരം സമനിലയിലാവുകയും ബുംറയുടെ മികവില്‍ ഇന്ത്യ പരമ്പര സജീവമാക്കി നിര്‍ത്തുകയും ചെയ്തു.

ബോക്‌സിങ് ഡേ ടെസ്റ്റിലും ബുംറ മാജിക് ആവര്‍ത്തിച്ചു. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റുമായി തിളങ്ങിയ ഇന്ത്യന്‍ പേസ് മാസ്റ്റര്‍ രണ്ടാം ഇന്നിങ്‌സില്‍ ഫൈഫറും നേടി തിളങ്ങി.

അതേസമയം, വനിതാ വിഭാഗത്തില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം അന്നബെല്‍ സതര്‍ലാന്‍ഡാണ് പുരസ്‌കാരം നേടിയത്. ഇന്ത്യയ്ക്കും ന്യൂസിലാന്‍ഡിനും എതിരായ ഏകദിന പരമ്പരകളില്‍ തിളങ്ങിയതോടെയാണ് സതര്‍ലാന്‍ഡിനെ തേടി ഐ.സി.സി പുരസ്‌കാരമെത്തിയത്.

ഈ രണ്ട് പരമ്പരയിലും പ്ലെയര്‍ ഓഫ് ദി സീരീസായി തെരഞ്ഞെടുക്കപ്പെട്ടതും സതര്‍ലാന്‍ഡ് തന്നെയായിരുന്നു.

ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ഥാനയെയും സൗത്ത് ആഫ്രിക്കയുടെ നോന്‍കുലുലേകോ എംലാബയെയും മറികടന്നാണ് സതര്‍ലാന്‍ഡ് പുരസ്‌കാരത്തില്‍ മുത്തമിട്ടത്.

അതേസമയം, ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ അഞ്ചാം ടെസ്റ്റിനിടെ പരിക്കിന്റെ പിടിയിലകപ്പെട്ട ബുംറ നിലവില്‍ ചികിത്സയിലാണ്.

നിര്‍ണായക മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ പത്ത് ഓവര്‍ പന്തെറിഞ്ഞ് രണ്ട് വിക്കറ്റ് നേടിയ താരം പരിക്കിന് പിന്നാലെ മത്സരത്തിനിടെ കളം വിടുകയും വൈദ്യസഹായം തേടുകയും ചെയ്തിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ താരം പന്തെറിഞ്ഞുമില്ല.

ഇതോടെ ഡോക്ടര്‍മാര്‍ താരത്തിന് വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. മാത്രമല്ല പരിക്കിന് പിന്നാലെ ഇന്ത്യ – ഇംഗ്ലണ്ട് വൈറ്റ് ബോള്‍ പരമ്പരകളും ബുംറയ്ക്ക് നഷ്ടമാകും. അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയുമാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുക. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന വൈറ്റ് ബോള്‍ മത്സരങ്ങളാണിത്.

ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള തിരിച്ചുവരവിന് ബുംറയ്ക്ക് വിശ്രമം ആവശ്യമാണ്.

ഫെബ്രുവരി 20നാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഇതിന് മുമ്പ് താരം പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content highlight: Jasprit Bumrah wins ICC Men’s Player of the Month award