ചരിത്രം തിരുത്തിക്കുറിക്കാന്‍ ഒരുമ്പെട്ട് ഇന്ത്യ; ഇരുത്തിയൊന്നാം നൂറ്റാണ്ടില്‍ ഇതാദ്യം, ലക്ഷ്യം പരമ്പര
ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് മത്സരം ബെര്‍മിങ്ഹാമില്‍ വെച്ച് ജൂലായ് ഒന്നിന് ആരംഭിക്കുകയാണ്. നായകന്‍ രോഹിത് ശര്‍മയില്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്.
രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി മാത്രമല്ല, അദ്ദേഹത്തിന്റെ ക്ലാസ് ബാറ്റിങ്ങും ഇന്ത്യയ്ക്ക് നഷ്ടമാവും. ഉപനായകന്‍ കെ.എല്‍. രാഹുല്‍ നേരത്തെ പരിക്കേറ്റ് പുറത്തായതിനാല്‍ ആര് ഇന്ത്യയെ നയിക്കും എന്ന് ആരാധകര്‍ പരസ്പരം ചോദിച്ചിരുന്നു.
ആരാധകര്‍ മാത്രമല്ല മുന്‍ ഇന്ത്യന്‍ താരങ്ങള്‍ മുതല്‍ ലോകക്രിക്കറ്റിലെ അതികായര്‍ വരെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ആരെ നായകനാക്കണമെന്ന തങ്ങളുടെ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ, സകല സസ്‌പെന്‍സുകള്‍ക്കും വിരാമിട്ടിരിക്കുകയാണ് ഇന്ത്യ. മുന്‍ ഉപനായകന്‍ ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യയെ നയിക്കുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന 36ാമത് ക്യാപ്റ്റനാണ് ബുംറ. 1932ല്‍ തങ്ങളുടെ ആദ്യ ടെസ്റ്റ് കളിക്കാന്‍ ആരംഭിച്ച ഇന്ത്യ 36ാമത് ക്യാപ്റ്റനുമായിട്ടാണ് ഇംഗ്ലീഷ് പടയെ വെല്ലുവിളിക്കാനൊരുങ്ങുന്നത്.
ഇതോടൊപ്പം തന്നെ ചരിത്രത്തിലേക്ക് കൂടിയാണ് ബുംറ നടന്നുകയറിയിരിക്കുന്നത്. ഇന്ത്യന്‍ ലെജന്‍ഡ് കപില്‍ ദേവിന് ശേഷം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന ഫാസ്റ്റ് ബൗളറാണ് ബുംറ.
1987ല്‍ കപില്‍ ക്യാപ്റ്റന്റെ കുപ്പായമഴിച്ചുവെച്ചതിന് ശേഷം ഇക്കാലയളവുവരെ ക്യാപ്റ്റനാവാന്‍ ഒറ്റ പേസറേയും ഇന്ത്യ നിയോഗിച്ചിട്ടില്ല.
35 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതി നായകസ്ഥാനമേറ്റുവാങ്ങുമ്പോള്‍ പ്രതീക്ഷയും അതോടൊപ്പം തന്നെ സമ്മര്‍ദ്ദവും ബുംറയുടെ മേലുണ്ടാവും.
പരമ്പരയില്‍ 2-1ന് മുമ്പിലാണെന്നിരിക്കെ സമനില പോലും ഇന്ത്യയ്ക്ക് പരമ്പര വിജയത്തിന് തുണയാകും. അഞ്ചാം ടെസ്റ്റില്‍ ജയിക്കുകയോ സമനില പിടിക്കുകയോ ചെയ്താല്‍ 2007ന് ശേഷം ഇംഗ്ലണ്ട് മണ്ണില്‍ പരമ്പര ജയിക്കുന്ന ക്യാപ്റ്റനാവാനും താരത്തിനാവും.
അതേസമയം, എന്ത് വിലകൊടുത്തും അഞ്ചാം ടെസ്റ്റ് ജയിക്കുകയും പരമ്പര സമനിലയില്‍ അവസാനിപ്പിക്കാനുമാണ് ഇംഗ്ലണ്ടിന്റെ ശ്രമം. അതിനായി ശക്തമായ സ്‌ക്വാഡിനെ തന്നെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കിവീസിനെ വൈറ്റ്‌വാഷ് ചെയ്ത്, പരമ്പര നേടിയതിന്റെ ആവേശമാണ് ഇംഗ്ലണ്ടിന്. ഒരു പരമ്പര തൂത്തുവാരിയെന്നും, ഒരെണ്ണം ഇനി സമനിലയാക്കാനുമുണ്ടെന്നായിരുന്നു ഇംഗ്ലണ്ട് നായകന്‍ സ്റ്റോക്‌സ് നേരത്തെ പറഞ്ഞത്.
ശക്തമായ ഇംഗ്ലണ്ട് നിരയ്ക്ക് മുമ്പില്‍ തോല്‍ക്കാതിരിക്കാന്‍ ഇന്ത്യന്‍ പട നന്നേ പാടുപെടേണ്ടി വരും.
ഇംഗ്ലണ്ട് സ്വക്വാഡ്: ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, സാം ബില്ലിങ്സ് (വിക്കറ്റ് കീപ്പര്‍), സ്റ്റുവര്‍ട്ട് ബ്രോഡ്, ഹാരി ബ്രോക്, സാക്ക് ക്രോളി, ബെന്‍ ഫോക്സ്, ജാക്ക് ലീച്ച്, അലക്സ് ലീസ്, ക്രെയ്ഗ് ഓവര്‍ട്ടന്‍, ജെയ്മി ഓവര്‍ട്ടന്‍, മാത്യു പോട്സ്, ഒലി പോപ്പ്, ജോ റൂട്ട്.
ഇന്ത്യ സ്വക്വാഡ്: ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പുജാര, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍) കെ.എസ് .ഭരത്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മായങ്ക് അഗര്‍വാള്‍
Content highlight: Jasprit Bumrah to lead India as Rohit Sharma ruled out of fifth test