ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് ജസ്പ്രീത് ബുംറ. അണ്‍ ഓര്‍ത്തോഡോക്‌സായിട്ടുള്ള ആക്ഷനും ടോ ബ്രേക്കിങ് യോര്‍ക്കറുംകൊണ്ട് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ താരമായിരുന്നു അദ്ദേഹം. കരിയറിന്റെ തുടക്കം മുതല്‍ അദ്ദേഹത്തിന്റെ ആക്ഷനും പേസിനും ആരാധകര്‍ ഏറെയാണ്.
ഇപ്പോള്‍ കുറെ നാളുകളായി പരിക്കിന്റെ പിടിയിലായി ചികിത്സയിലാണ് താരം. പരിക്ക് കാരണം കഴിഞ്ഞ ഐ.പി.എല്ലുള്‍പ്പടെ ഒരുപാട് മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്. ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമയില്‍ ട്രെയിനിങ്ങിലാണ് ബുംറ. മാര്‍ച്ചിലായിരുന്നു അദ്ദേഹത്തിന്റെ സര്‍ജറി.
ഉടനെ താരം കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നെറ്റ്‌സില്‍ എട്ട് മുതല്‍ 10 ഓവര്‍ വരെ അദ്ദേഹം എറിയുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ ബുംറയെ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാരും ടീം മാനേജ്മെന്റും നോക്കുകയായിരുന്നു, എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചകളിലെ അദ്ദേഹത്തിന്റെ ആരാഗ്യത്തിലെ പുരോഗതി കാരണം അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പരയില്‍ കളിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകും.
കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഒരു മത്സരവും കളിക്കാത്തതിനാല്‍ കൂടുതല്‍ ശ്രദ്ധയോടെയാണ് ബുംറയെ കൈകാര്യം ചെയ്യുന്നത്. എന്നിരുന്നാലും, അയര്‍ലന്‍ഡ് പര്യടനത്തിന് മുമ്പ് അദ്ദേഹത്തിന് എന്‍.സി.എയില്‍ കുറച്ച് പരിശീലന മത്സരങ്ങള്‍ കളിക്കാനാകുമെന്ന് സൂചനയുണ്ട്.
പരിക്ക് കാരണം കഴിഞ്ഞ ഏഷ്യാ കപ്പും, ട്വന്റി-20 ലോകകപ്പും, ഡബ്ല്യു.ടി.സി ഫൈനല്‍ ഐ.പി.എല്ലുമെല്ലാം അദ്ദേഹത്തിന് നഷ്ടമായിരുന്നു. ബുംറ ഇല്ലാതിരുന്നത് ഇന്ത്യന്‍ ടീമിനും മുംബൈ ഇന്ത്യന്‍സിനും നഷ്ടങ്ങളുണ്ടാക്കിയിരുന്നു.