| Wednesday, 10th April 2024, 11:48 am

ഞാൻ ഒരിക്കലും അവനെതിരെ പന്തെറിയാൻ ആഗ്രഹിക്കുന്നില്ല: ബുംറ

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ ഇന്ത്യന്‍സ് താരം റൊമാരിയോ ഷെപ്പേര്‍ഡിനെതിരെ പന്തെറിയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. മുംബൈ ഇന്ത്യന്‍ ഏക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബുംറ പ്രതികരിച്ചത്.

‘മുംബൈ മത്സരത്തില്‍ വിജയം നേടിയത് വളരെ മികച്ചതായിരുന്നു. ആ സമയത്ത് കളിക്കളത്തിലുള്ള അന്തരീക്ഷം വളരെ ഊര്‍ജ്ജം ഉള്ളതായിരുന്നു. ഞങ്ങളുടെ ഇന്നിങ്സിന് ശേഷം ടീമില്‍ പുതിയൊരു ഉന്മേഷം കിട്ടിയതായി എനിക്ക് തോന്നി. റൊമാരിയോ ഷെപ്പേര്‍ഡിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. എനിക്ക് അദ്ദേഹത്തിന് എതിരെ പന്തറിയേണ്ടി വന്നില്ല എന്നുള്ളതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്,’ ബുംറ പറഞ്ഞു.

ഐ.പി.എല്ലില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ 29 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ ഇന്ത്യന്‍സ് സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ അവസാന ഓവറുകളില്‍ ഇറങ്ങി തകര്‍ത്തടിച്ച മുംബൈ താരം റൊമാരിയോ ഷെപ്പേര്‍ഡിന്റെ വെടിക്കെട്ട് പ്രകടനമാണ് ഏറെ ശ്രദ്ധേയമായത്.

10 പന്തില്‍ പുറത്താവാതെ 39 റണ്‍സ് നേടിയിട്ടുണ്ടായിരുന്ന താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. മൂന്ന് ഫോറുകളും നാല് സിക്‌സുകളും ആണ് താരം അടിച്ചെടുത്തത്. ആന്റിച്ച് നോര്‍ക്കെ എറിഞ്ഞ അവസാന ഓവറില്‍ 32 റണ്‍സ് ആണ് റൊമാരിയോ ഷെപ്പേര്‍ഡ് നേടിയത്.

മത്സരത്തില്‍ ബൗളിങ്ങില്‍ ബുംറ മികച്ച പ്രകടനമാണ് നടത്തിയത്. നാല് ഓവറില്‍ വെറും 22 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റുകള്‍ ആണ് താരം വീഴ്ത്തിയത്. ഇതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനുവേണ്ടി 150 വിക്കറ്റുകള്‍ എന്ന പുതിയ നാളികക്കല്ലിലേക്കും ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ നടന്നു കയറി.

നിലവില്‍ നാല് മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും മൂന്ന് തോല്‍വിയുമായി രണ്ട് പോയിന്റോടെ എട്ടാം സ്ഥാനത്താണ് മുംബൈ. ഏപ്രില്‍ 11ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.

Content Highlight: Jasprit Bumrah talks he didn’t want to bowl against Romario Sheppard

We use cookies to give you the best possible experience. Learn more