| Saturday, 17th August 2024, 3:42 pm

അവന് ഞങ്ങൾ എല്ലാ പിന്തുണയും നൽകി, പക്ഷെ ചില കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല: ബുംറ

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശങ്ങള്‍ നേരിട്ട താരമായിരുന്നു ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. കഴിഞ്ഞ സീസണില്‍ ഹര്‍ദിക്കിനെ മുംബൈ ഇന്ത്യന്‍സിന്റെ പുതിയ നായകനായി നിയമിച്ചിരുന്നു. എന്നാല്‍ മുംബൈക്കൊപ്പം നിരാശാജനകമായ പ്രകടനമായിരുന്നു ഹര്‍ദിക് നടത്തിയത്.

ഗുജറാത്ത് ടൈറ്റൻസിനൊപ്പം ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റന്‍ എന്ന നിലയില്‍ കിരീടം നേടുകയും രണ്ടാം സീസണില്‍ ഫൈനല്‍ വരെ ടീമിനെ എത്തിക്കുകയും ചെയ്ത ഹര്‍ദിക്കിന് മുംബൈയുടെ നായക സ്ഥാനത്തുനിന്നും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടില്ല. ഇതിന് പിന്നാലെ ധാരാളം വിമര്‍ശനങ്ങള്‍ ഹര്‍ദിക്കിനെ തേടിയെത്തിയിരുന്നു.

ഇപ്പോഴിതാ ഹര്‍ദിക് നേരിട്ട ഈ വിമര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ആ സമയങ്ങളില്‍ താൻ എപ്പോഴും ഹര്‍ദിക്കിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് ബുംറ പറഞ്ഞത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ബുംറ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

‘ഞങ്ങള്‍ ആ സമയങ്ങളില്‍ ഹര്‍ദിക്കിനൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിന് എന്തെങ്കിലും പിന്തുണ ആവശ്യമാണോ എന്ന് ഞങ്ങള്‍ അവനോട് സംസാരിച്ചിരുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ ഞങ്ങളുടെ നിയന്ത്രണത്തിലായിരുന്നില്ല,’ ബുംറ പറഞ്ഞു.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്മാരായിരുന്നു. നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ വീണ്ടും കുട്ടി ക്രിക്കറ്റിന്റെ രാജാക്കന്മാരായത്. 2007ന് ശേഷമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ടി-20 കിരീടത്തിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് രോഹിത് ശര്‍മയും സംഘവും ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിയത്.

ടി-20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു മുംബൈ ഇന്ത്യന്‍സ് നായകന്‍ നടത്തിയിരുന്നത്. 144 റണ്‍സും 11 വിക്കറ്റുകളും ആണ് ഹര്‍ദിക് നേടിയത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കെല്ലാം പിന്നാലെ ഐ.സി.സി ടി-20 ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താനും ഹര്‍ദിക്കിന് സാധിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഐ.സി.സി ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നേരിട്ട ഈ വിമര്‍ശനങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഹര്‍ദിക്കിന്റെ പ്രകടനങ്ങള്‍ക്കായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

അതേസമയം അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ത്യക്കെതിരെ 2-0ത്തിനായിരുന്നു ലങ്കന്‍ പട സീരീസ് വിജയിച്ചത്. പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീടുള്ള രണ്ടു മത്സരങ്ങളും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര സ്വന്തമാക്കുകയായിരുന്നു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. സെപ്റ്റംബര്‍ 19 മുതലാണ് ഈ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ഇനി ഇന്ത്യയുടെ മത്സരത്തിന് ഒരുപാട് ദിവസങ്ങള്‍ മുന്നിലുള്ളതിനാല്‍ പ്രധാന താരങ്ങളെല്ലാം ദുലീപ് ട്രോഫി കളിക്കും.

Content Highlight: Jasprit Bumrah Talks About Hardik Pandya

We use cookies to give you the best possible experience. Learn more