ഐ.സി.സി ഏകദിന ലോകകപ്പിൽ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യ-പാക് മത്സരം. ഒക്ടോബർ 14ന് ഹൈദരാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുക.
ആവേശകരമായ മത്സരത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പാകിസ്ഥാനെതിരെ കളിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. പാകിസ്ഥാനെതിരെ കളിക്കുമ്പോൾ സ്റ്റേഡിയത്തിലെ അന്തരീക്ഷം ആവേശകരമാവുമെന്നും, പാകിസ്ഥാനെ നേരിടാനുള്ള തന്ത്രങ്ങളെകുറിച്ചുമാണ് ബുംറ പറഞ്ഞത്.
‘ഞാൻ പാകിസ്ഥാനെ നേരിടാൻ തയ്യാറായി കഴിഞ്ഞു. വിക്കറ്റുകൾ വീഴ്ത്താനും മികച്ച ബൗളിങ് പ്രകടനം പുറത്തെടുക്കാനും കഴിയുമെന്ന് എനിക്ക് തോന്നുന്നു. ആ ദിവസം എനിക്ക് ചെയ്യേണ്ടത് എന്താണെന്ന് നോക്കുകയും അതിനുള്ള തയ്യാറെടുപ്പെടുക്കുകയും ചെയ്യും. മറ്റ് കാര്യങ്ങളെകുറിച്ച് ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല. ആ മത്സര ദിവസം എന്താണ് ചെയ്യേണ്ടതെന്നാണ് നോക്കുന്നത്. ഓരോ ഗെയിമും കൃത്യമായി മനസിലാക്കണം. എന്റെ കരുത്തും അതുതന്നെയാണ് അതിനാൽ ഇതെല്ലാം മനസ്സിൽ വെച്ച് ഞാൻ മുന്നോട്ട് പോവും,’ സ്റ്റാർ സ്പോർട്സിലെ ഫോളോ ദ ബ്ലൂസ് ഷോയിൽ ബുംറ പറഞ്ഞു.
പാകിസ്ഥാനെതിരെ സ്വന്തം ജന്മനാട്ടിൽ കളിക്കുന്നതിന്റെ ആവേശവും ബുംറ പങ്കുവെച്ചു.
‘ഞാൻ ഇപ്പോൾ എന്റെ ഹോം സ്റ്റേഡിയത്തിലാണ് കളിക്കാൻ പോവുന്നത്. അഹമ്മദാബാദിൽ ഇതുവരെ ഒരു ഏകദിന മത്സരവും കളിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഇവിടെ ഞാൻ ഒരു ടെസ്റ്റ് മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. കളി കാണാൻ ഒരുപാട് ആരാധകർ വരുമെന്ന് ഉറപ്പാണ് അതിനാൽ സ്റ്റേഡിയത്തിലെ അന്തരീക്ഷം വളരെ ആവേശഭരിതമാവും. ഇത് തീർച്ചയായും കാണേണ്ട ഒരു കാഴ്ച തന്നെയാണ്,’ അദ്ദേഹം കൂട്ടിചേർത്തു.
ഇന്ത്യൻ പേസ് നിരയിൽ മികച്ച പ്രകടനമാണ് ബുംറ കാഴ്ചവെച്ചത്. ഓസ്ട്രേലിയക്കെതിരെ രണ്ട് വിക്കറ്റും അഫ്ഗാനിസ്ഥാനെതിരെ നാല് വിക്കറ്റും നേടി മിന്നും ഫോമിലാണ് താരം. പാകിസ്ഥാനെതിരെയും ഈ മികച്ച പ്രകടനം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ലോകകപ്പിൽ ഓസ്ട്രേലിയയെയും അഫ്ഗാനിസ്ഥാനെയും തകർത്ത ആത്മവിശ്വാസവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. അതേ സമയം നെതർലാൻഡ്സിനെയും ശ്രീലങ്കയെയും വീഴ്ത്തിയാണ് പാക് ടീമിന്റെ വരവ്.
ടൂർണമെന്റിൽ ഇതുവരെ തോൽക്കാത്ത രണ്ട് ടീമുകൾ ഏറ്റുമുട്ടുന്നുവെന്ന സവിശേഷതയും ഈ മത്സരത്തിനുണ്ട്. അതുകൊണ്ട് തന്നെ അഹമ്മദാബാദിൽ തീപാറും പോരാട്ടമായിരിക്കും അരങ്ങേറുക.
Content Highlight: Jasprit Bumrah talking the hopes before playing against Pakisthan in Worldcup.