അവന് ബോള്‍ ലീവ് ചെയ്ത് ശീലമില്ല, അടിച്ച് പറത്തലാണ് പതിവ്; സൂപ്പര്‍ താരത്തെ പ്രശംസിച്ച് ജസ്പ്രീത് ബുംറ
Sports News
അവന് ബോള്‍ ലീവ് ചെയ്ത് ശീലമില്ല, അടിച്ച് പറത്തലാണ് പതിവ്; സൂപ്പര്‍ താരത്തെ പ്രശംസിച്ച് ജസ്പ്രീത് ബുംറ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th November 2024, 4:19 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 295 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

സ്‌കോര്‍

ഇന്ത്യ: 150 & 487/6 D

ഓസ്ട്രേലിയ: 104 & 238 (T:534)

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഓവര്‍സീസ് വിജയമാണ് പെര്‍ത്തില്‍ കുറിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ തകര്‍ന്ന ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ തുണയായത് യശസ്വി ജെയ്‌സ്വാളിന്റെ മിന്നും ബാറ്റിങ് പ്രകടനമാണ്. 161 റണ്‍സ് നേടി ഓസ്‌ട്രേലിയയില്‍ തന്റെ ആദ്യ സെഞ്ച്വറി നേടിയായിരുന്നു താരം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്.

താരത്തിന് പുറകെ കിങ് കോഹ്‌ലി സെഞ്ച്വറി നേടി പുറാകാതെ തന്റെ ഫോം വീണ്ടെടുക്കുകയും ചെയ്തു. എന്നിരുന്നാലും ടീമിന് നിര്‍ണായകമായത് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ പ്രകടനമാണ്. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും നേടി പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും നേടാനും ബുംറയ്ക്ക് സാധിച്ചിരുന്നു.

മത്സരത്തിന് ശേഷം ബുംറ ജെയ്വാളിനെക്കുറിച്ച് സംസാരിച്ചിരുന്നു. തനിക്ക് കിട്ടിയ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ജെയ്വാളിന് നല്‍കുമായിരുന്നെന്നും ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണായക പ്രകടനമാണ് ജെയ്‌സ്വാള്‍ കാഴ്ചവെച്ചതെന്നും ബുംറ പറഞ്ഞു.

‘ഞാന്‍ എന്റെ പ്ലെയര്‍ ഓഫ് ദി മാച്ച് യശസ്വി ജെയ്‌സ്വാളിന് നല്‍കുമായിരുന്നു. ഓസ്ട്രേലിയയിലെ അദ്ദേഹത്തിന്റെ ആദ്യ ടെസ്റ്റായിരുന്നു ഇത്, ആദ്യ ഇന്നിങ്സിലെ പരാജയത്തിന് ശേഷം അദ്ദേഹം പ്രതികരിച്ച രീതി അദ്ദേഹത്തിന്റെ സ്വഭാവം വെളിപ്പെടുത്തി. ആക്രമണാത്മക ക്രിക്കറ്റ് കളിക്കാന്‍ അവന്‍ ഇഷ്ടപ്പെടുന്നു, പക്ഷേ പെര്‍ത്തില്‍ ധാരാളം പന്തുകള്‍ അവന്‍ ഉപേക്ഷിച്ചു.

അവന്‍ മാറ്റങ്ങള്‍ വരുത്തുകയും തന്റെ ആക്രമണാത്മക ബാറ്റിങ് ശൈലി അല്‍പ്പം നിയന്ത്രിക്കുകയും ചെയ്തു. പിച്ചില്‍ ബൗളര്‍മാര്‍ക്ക് മുന്‍ഗണനയുള്ളപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ അവന് ഉയരാന്‍ കഴിഞ്ഞില്ല, എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ കാര്യങ്ങള്‍ മാറി, അവന്റെ പ്രകടനം ഇന്ത്യന്‍ ടീമിന് സന്തോഷവാര്‍ത്തയാണ്,’ ജസ്പ്രീത് ബുംറ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

Content Highlight: Jasprit Bumrah Talking About Yashasvi Jaiswal